- സുകുമാരന്റെ കഞ്ഞിവെപ്പും കിടപ്പും ഒറ്റക്ക്
കാസർകോട് - മൂന്ന് പതിറ്റാണ്ടുകാലം മണലാരണ്യത്തിൽ ചോര നീരാക്കി അദ്ധ്വാനിച്ച സമ്പാദ്യമെല്ലാം കൈമോശം വന്ന പടന്നക്കാട് തീർത്ഥങ്കരയിലെ കെ. സുകുമാരന്റെ കണ്ണീർ കഥകൾ മനഃസാക്ഷിയുള്ളവർ കാണണം. ഗൾഫിലെ സമ്പാദ്യങ്ങൾക്കെല്ലാം തുല്യ അവകാശികളായി ഭാര്യയും മക്കളും ഉണ്ടായിട്ടും ഏഴ് മാസമായി ഒറ്റക്ക് ഒരു വീട്ടിനുള്ളിൽ ആരോരും തിരിഞ്ഞുനോക്കാനില്ലാതെ കഴിഞ്ഞുകൂടുകയാണ് ഈ ദുരിത ജീവിതത്തിനുടമ. കഞ്ഞിവെപ്പും കിടപ്പുമെല്ലാം ഒറ്റക്ക്. പാതി തളർന്ന ശരീരത്തിൽ മരുന്നുപുരട്ടാൻ പോലും പരസഹായമില്ലാത്ത കഷ്ടപ്പാട്. മരുന്ന് വാങ്ങിക്കാൻ പോകുന്നതും തളർന്ന കാലുകളോടെ ഒറ്റക്ക്...ഇടത് കൈയും കാലും ഉൾപ്പെടെ ശരീരത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തളർന്നതോടെ ഒപ്പം നിന്നവർക്കെല്ലാം സുകുമാരനെ വേണ്ടാതായി. ബങ്കളത്ത് നിന്നും ഭക്ഷണം ഉണ്ടാക്കി ഉച്ചക്ക് എത്തിച്ചുനൽകുന്ന സഹോദരിക്ക് പോലും പറമ്പിൽ കയറുന്നതിന് വിലക്കായിരുന്നുവെന്ന് ഈ പാവം പറയുന്നു. ഗൾഫിൽ നിന്ന് മാസം തോറും അയച്ച സമ്പാദ്യം കൊണ്ട് ഭാര്യാവീടിനോട് ചേർന്ന് എട്ട് സെന്റ് സ്ഥലം കണ്ടെത്തി.
അതിലൊരു വീട് പണിതു. സ്ഥലവും വീടും സുകുമാരന്റെയും ഭാര്യയുടെയും പേരിലാണുള്ളത്. അസുഖം ബാധിച്ച ഭാര്യാസഹോദരൻ പ്രമോദിന് ഭാര്യ സുജാതയുടെ കിഡ്‌നി മാറ്റിവെക്കുന്നതിന് സമ്മതം നൽകുന്നതിനാണ് ഏഴ് വർഷം മുമ്പ് എല്ലാം ഇട്ടെറിഞ്ഞു ഗൾഫിൽനിന്ന് സുകുമാരൻ നാട്ടിൽ എത്തിയത്. പിന്നീട് ജോലി നഷ്ടപ്പെട്ടതിനാൽ തിരിച്ചു പോകാനും കഴിഞ്ഞില്ല. അഞ്ച് വർഷം മുമ്പ് മകളുടെ വിവാഹം നടത്തിയതിന് ശേഷം സുകുമാരൻ തീരാത്ത ദുരിതത്തിലായി. വരുമാന മാർഗമെല്ലാം അടഞ്ഞു.
രാവും പകലും വീട്ടിനുള്ളിൽ ഒഴിഞ്ഞ വയറുമായി ഒറ്റക്ക് കഴിയുകയാണ് ഇദ്ദേഹം. കൈയും കാലും തളർന്നതിനാൽ കഷ്ടപ്പെട്ടാണ് ഭക്ഷണം പാചകം ചെയ്യുന്നത്. അതും വല്ലപ്പോഴും മാത്രം. റേഷൻ കാർഡ് പേരിൽ ഇല്ലാത്തതിനാൽ റേഷൻ സാധനം വാങ്ങാൻ പോലും നിവൃത്തിയില്ലാതായി. ഒടുവിൽ റേഷൻ വിഹിതം കിട്ടുന്നതിനായി ഹൊസ്ദുർഗ് എസ് ഐ ക്ക് പരാതി നൽകേണ്ടിവന്നു. സെപ്റ്റംബർ അഞ്ചിന് വീട്ടിൽ എത്തിയ പോലീസുകാർ റേഷൻ വിഹിതം നൽകണമെന്ന് ഭാര്യയോട് നിർദ്ദേശിച്ചാണ് പോയത്. ബങ്കളം സ്വദേശിയായ സുകുമാരൻ നല്ല കാലത്ത് നാട്ടിലും ഗൾഫിലും ഹീറോ ആയിരുന്നു. നാട്ടിൽ കഷ്ടപ്പെട്ടിരുന്ന പലരെയും ഗൾഫിൽ എത്തിച്ചു ജോലി നൽകി. നാട്ടിൽ നിന്ന് പോകുന്നവർ പലരും സുകുമാരന്റെ ഗൾഫിലെ ഫഌറ്റിൽ ആയിരുന്നു താമസിച്ചിരുന്നത്. ആ നല്ല പ്രവാസ കാലത്തിന്റെ ഓർമ്മയിൽ കണ്ണീരുമായി കഴിയുന്ന സുകുമാരന്റെ ജീവിതം ദയനീയമാണ്.