പാലാ- അറുപത്തി ഒന്നാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ആദ്യ സ്വര്‍ണം പാലക്കാടിന്. സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ പറളി സ്‌കൂളിലെ പി.എന്‍. അജിത്ത് ദേശീയ തലത്തിലെ പ്രകടനം മറികടന്നാണ് സ്വര്‍ണം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിക്കാണു സ്വര്‍ണം.
ആദ്യ അഞ്ചു റൗണ്ടുകളില്‍ ലഭിച്ച നിര്‍ണായക ലീഡ് നിലനിര്‍ത്താനായത് അജിത്തിനു സുവര്‍ണ നേട്ടത്തിനു സഹായമായി. കഴിഞ്ഞ വര്‍ഷം നടന്ന ലോക സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ വെള്ളി മെഡല്‍ ജേതാവു കൂടിയാണ് അജിത്ത്. അജിത്തിന്റെ അവസാന സ്‌കൂള്‍ മീറ്റിലാണ് ഈ സുവര്‍ണ നേട്ടം. മാര്‍ ബേസിലിന്റെ ആദര്‍ശ് ബേബിക്കാണു വെള്ളി. പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ സ്വര്‍ണ നേട്ടത്തോടെ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ മാര്‍ ബേസിലും കുതിപ്പു തുടങ്ങി.