റിയാദ് - സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ശേഷം ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകോയുടെ വിപണി മൂല്യം 12.7 ശതമാനം തോതിൽ വർധിച്ചതായി കണക്ക്. കമ്പനിയുടെ വിപണി മൂല്യത്തിൽ 810 ബില്യൺ റിയാലിന്റെ നേട്ടമാണുണ്ടായത്. കഴിഞ്ഞ ഡിസംബറിലാണ് സൗദി അറാംകോ ഓഹരികൾ സൗദി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി അറാംകോയുടെ വിപണി മൂല്യം 7.21 ട്രില്യൺ റിയാലാണ്. സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ കമ്പനി വിപണി മൂല്യം 6.4 ട്രില്യൺ റിയാലായിരുന്നു.
ലോകത്ത് ഓഹരി വിപണികളിൽ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടം സൗദി അറാംകോ വീണ്ടെടുത്തു. എണ്ണ വില കൂപ്പുകുത്തിയപ്പോൾ സൗദി അറാംകോക്ക് ഈ സ്ഥാനം നഷ്ടപ്പെടുകയും അമേരിക്കയിലെ ആപ്പിൾ കമ്പനി ഒന്നാമതെത്തുകയും ചെയ്തിരുന്നു. ആപ്പിൾ കമ്പനിയുടെ ആകെ വിപണി മൂല്യം 1.9 ട്രില്യൺ ഡോളറായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ ലോകത്ത് ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനിയെന്ന പദവി സൗദി അറാംകോക്കായിരുന്നു. അറാംകോ ഓഹരി ഐ.പി.ഒ നിരക്കായ 32 റിയാൽ പ്രകാരം അന്ന് കമ്പനിയുടെ വിപണി മൂല്യം 1.7 ട്രില്യൺ ഡോളറായിരുന്നു. ആദ്യ സെഷനിൽ തന്നെ കമ്പനി ഓഹരി മൂല്യം 35.2 റിയാലായി ഉയർന്നു. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 1.88 ട്രില്യൺ ഡോളറായി. സൗദി അറാംകോ ഓഹരി വില 38 റിയാലായി ഉയർന്ന ഡിസംബർ 16 ന് കമ്പനിയുടെ വിപണി മൂല്യം രണ്ടു ട്രില്യൺ ഡോളറിലേറെയായി ഉയർന്നു. സൗദി ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത ശേഷം അറാംകോ ഓഹരി മൂല്യം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിലവാരമാണിത്.
എന്നാൽ മാർച്ച് 16 ന് കമ്പനി ഓഹരി വില 3.14 ശതമാനം കുറഞ്ഞ് 27.80 റിയാലിലാണ് ക്ലോസ് ചെയ്തത്. സെപ്റ്റംബർ 14 ന് കമ്പനി ഓഹരി മൂല്യം 1.4 ശതമാനം ഉയർന്ന് 36.05 റിയാലിലെത്തി. സെപ്റ്റംബർ ആദ്യം മുതൽ 350 കോടി റിയാലിന്റെ അറാംകോ ഓഹരികൾ ക്രയവിക്രയം ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ 9.887 കോടി ഓഹരികളാണ് രണ്ടാഴ്ചക്കിടെ ക്രയവിക്രയം ചെയ്യപ്പെട്ടത്. രണ്ടാഴ്ചക്കിടെ പ്രവൃത്തി ദിവസങ്ങളിൽ ശരാശരി 35 കോടി റിയാലിന്റെ വീതം സൗദി അറാംകോ ഓഹരികൾ ക്രയവിക്രയം ചെയ്യപ്പെട്ടതായാണ് കണക്ക്.