കൊല്ലം- പ്രതിശ്രുതവരൻ വിവാഹത്തിൽനിന്നു പിന്മാറിയതിന്റെ പേരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ആത്മഹത്യ ചെയ്ത കൊല്ലം കൊട്ടിയം സ്വദേശിനി റംസിയുമായി നല്ല അടുപ്പത്തിലായിരുന്നു ലക്ഷ്മി. ഇവർ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമാകുമെന്നും നടിയെ കേസിൽ പ്രതി ചേർക്കുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. നടിയും കേസിൽ ആരോപണ വിധേയരായവരും ഒളിവിലാണ്. ലക്ഷ്മിയെയും ഭർത്താവിനെയും കഴിഞ്ഞ ആഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണമുണ്ടാകും. ഇതിനു പിന്നാലെയാണ് ഇപ്പോൾ നടി കൊല്ലം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മൂന്നിനാണ് റംസി തൂങ്ങിമരിച്ചത്.