തൃശൂർ- സ്വപ്‌ന സുരേഷിനെ രണ്ടാം തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ അനിൽ അക്കര എംഎൽഎ എത്തിയത് എന്തിനെന്ന് പുതിയ വിവാദം. അനിൽ അക്കര എംഎൽഎ ആശുപത്രിയുടെ കാഷ്വാൽറ്റിയിലും ഒപിയിലും വന്നിരുന്നു.എന്തിനാണ് എംഎൽഎ ആശുപത്രിയിലെത്തിയതെന്ന് എൻ.ഐ.എയും അന്വേഷിക്കുന്നുണ്ട്.
വിവാദമായ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയെ കാണാൻ ഏതെല്ലാം പ്രമുഖരായ രാഷ്ട്രീയക്കാർ വരുന്നുണ്ടെന്ന് പരിശോധിക്കാനാണ് താനെത്തിയതെന്നാണ് അനിൽ അക്കരയുടെ വിശദീകരണം. സ്വപ്നയെ അഡ്മിറ്റു ചെയ്ത ഭാഗത്തേക്ക് താൻ പോയിട്ടില്ലെന്നും എം.എൽഎ വിശദീകരിക്കുന്നു.
ആശുപത്രിക്ക് മുന്നിൽ എംഎൽഎ നിൽക്കുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രാഷ്ട്രീയക്കാരടക്കം ആരുവന്നാലും അകത്തേക്ക് കടത്തിവിടേണ്ടെന്ന നിർദ്ദേശവും അനിൽ അക്കര ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് നൽകിയത്രെ.
മന്ത്രി എ.സി.മൊയ്തീൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശനം നടത്തിയത് സ്വപ്‌നയെ സഹായിക്കാനാണെന്ന് നേരത്തെ അനിൽ അക്കര എംഎൽഎ ആരോപിച്ചിരുന്നു. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി മന്ത്രി വന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും എൻ.ഐ.എയുടെ അന്വേഷണപരിധിയിൽ മന്ത്രിയെ കൊണ്ടുവരണമെന്നുമെല്ലാം അനിൽ അക്കര ആവശ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെ എൻ.ഐ.എ സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം ആരെല്ലാം ആശുപത്രിയിലെത്തി എന്ന് കണ്ടെത്താൻ സന്ദർശക രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് അനിൽ അക്കരയുടെ പേരു കണ്ടത്.
അതിനിടെ, സ്വപ്ന സുരേഷിനൊപ്പം വനിതാ പോലീസുകാർ സെൽഫിയെടുത്തത് പുതിയ വിവാദമായി. കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിക്കൊപ്പം ആറ് വനിതാ പോലീസുകാരാണ് സെൽഫിയെടുത്തത്. വനിതാ പോലീസുകാരിയുടെ ഫോണിലാണ് ചിത്രം പകർത്തിയത് . സംഭവം വിവാദമായതോടെ ആറു വനിതാ പോലീസുകാരെയും ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകി. സംഭവത്തെക്കുറിച്ച് വകുപ്പു തല അന്വേഷണവും നടക്കുന്നുണ്ട്.
ആദ്യത്തെ തവണ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് പോലീസുകാർ സെൽഫിയെടുത്തത്. ഒരു കൗതുകത്തിന് സെൽഫിയെടുത്തതാണെന്നാണ് സിറ്റി പോലീസ് കമ്മീഷണർക്ക് വനിതാ പോലീസുകാർ നൽകിയിരിക്കുന്ന മറുപടി.