കോഴിക്കോട്- മലയാള മനോരമ ദിനപത്രം തിങ്കളാഴ്ച ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഖുര്‍ആനെ അപമാനിക്കുന്നതാണെന്ന് സമസ്ത യുവജനവിഭാഗമായ എസ്.വൈ.എസ്. 'എല്ലാം കെട്ട് കഥയാണ്' എന്നെഴുതിയത് പച്ചയായ വര്‍ഗീയതയാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. മന്ത്രി ജലീല്‍ 'ഗ്രന്ഥ പാര്‍സല്‍' എന്നെഴുതിയ പെട്ടി ചുമന്ന് നില്‍ക്കുകയും 'എല്ലാം 'കെട്ട്' കഥയാണ്' എന്നു പറയുന്നതുമാണ് കാര്‍ട്ടൂണ്‍. ഇത് ഖുര്‍ആനെതിരായ ഒളിയമ്പാണെന്ന് നാസര്‍ ഫൈസി ആരോപിച്ചു.
അതേസമയം ആദ്യ എഡിഷനുകളില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പലയിടത്തും തിരുത്തിയാണ് മനോരമ പ്രസിദ്ധീകരിച്ചത്. വിവാദ കാര്‍ട്ടൂണിലെ ഗ്രന്ഥ പാര്‍സല്‍ എന്ന പരാമര്‍ശം നീക്കം ചെയ്താണ് വൈകിയുള്ള എഡിഷനുകളില്‍ പ്രസിദ്ധീകരിച്ചത്.
നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം:
കാർട്ടൂണിലെ കെട്ടുകഥ
സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ആക്ഷേപഹാസ്യമായ് അവതരിപ്പിക്കുന്നത് മനോരമയുടേയും ആവിഷ്കാരസ്വാതന്ത്ര്യമാണ്.
"എല്ലാം കെട്ടുകഥയാണ് " എന്നെഴുതിയ കാർട്ടൂണിസ്റ്റും പത്രമേധാവിത്വവും കരുതിവെച്ച് പ്രകടിപ്പിച്ച പച്ചയായ വർഗ്ഗീയതയോട് മൗനം പാലിക്കാനാവില്ല. മന്ത്രി ജലീലിനെതിരെ കേസ് കെട്ടിച്ചമച്ചതാണ്, മന്ത്രിയുടെ വാദം മെനഞ്ഞുണ്ടാക്കിയതാണ്, മന്ത്രി വഹിക്കുന്നത് നാറുന്നവർത്തമാനമാണ് .. എന്നൊക്കെയാണ് കാർട്ടൂൺ സന്ദേശമെന്ന് ന്യായീകരണം നിരത്തിയാലും കൊണ്ടുവന്ന ഗ്രന്ഥത്തിനകത്ത് കെട്ടുകഥയാണ് എന്ന അടിസ്ഥാന രഹിതമായ സിയോണിസ്റ്റ് ആരോപണമാണ് മുനവെച്ച് എഴുതിയത് എന്ന് പ്രാഥമിക കാഴ്ചയിൽ തന്നെ ബോധ്യമാവും. മന്ത്രിയെ ആക്ഷേപിക്കാൻ പ്രയോഗങ്ങൾ വേറെ പലതുമാകാമായിരുന്നിട്ടും ഖുർആന് നേരെ ഒളിയ മ്പൈയ്തത് തന്നെയെന്ന് മലയാളി വായിച്ചെടുക്കും. അത് തന്നെയാണ് പത്രം ഉദ്ദേശിച്ചിട്ടുമുണ്ടാകുക.
പ്രതിഷേധം കനത്ത് ഖേദപ്രകടനവും മാപ്പു മൊക്കെയായി ഇനി വന്നേക്കാം.
എന്നാൽ ഒരു സംവാദമാണ് കരണീയമെന്ന് തോന്നുന്നു. "ഞങ്ങൾ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല, തെറ്റിദ്ധാരണക്ക് ഇടവരുത്തിയതിൽ ഖേദമുണ്ട്'' എന്നൊന്നും അച്ചു നിരത്തുന്നതിൽ അർത്ഥമില്ല.
ഉദ്ദേശം അങ്ങിനെ തന്നെ ആവട്ടെ. എന്നാൽ
ഖുർആൻ കെട്ടുകഥയാണെന്ന് ഏതെങ്കിലും ഭാഗമുദ്ധരിച്ച് സമർത്ഥിക്കാൻ പത്രാധിപരോ കാർട്ടൂണിസ്റ്റോ തയ്യാറുണ്ടോ?
മിത്തുകളോ ഐതിഹ്യമോ ലവലേശം ഇല്ലാതെ ചരിത്രപരവും ശാസ്ത്രീയവും യുക്തിസഹവുമായ യാഥാർത്ഥ്യങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഈ വിശുദ്ധ ഗ്രന്ഥത്തിൽ മറിച്ചൊന്നുള്ളതായും എല്ലാം പോയിട്ട് എന്തെങ്കിലും ഒരു കൊട്ടുകഥയായുണ്ടോ എന്നും തെളിയിക്കാനാവുമോ?
ഒരു സംവാദത്തിന് പത്രാധിപരോമാനേജ്മെന്റോ തയ്യാറുണ്ടോ?
നാസർ ഫൈസി കൂടത്തായി
14/09/20