ആലപ്പുഴ- കുട്ടികളുമായി സെൽഫിയെടുക്കുന്നതിനിടെ കടലിൽ വീണ് ഒഴുകിപ്പോയ രണ്ടര വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി. തൃശൂർ പൂതൽചിറ പുതിയപറമ്പിൽ ലക്ഷ്മണൻ -അനിത മോൾ ദമ്പതികളുടെ മകൻ ആദികൃഷ്ണയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്കായിരുന്നു അപകടം. കടലില്‍ വീണ അനിത മോളെയും ആറും ഏഴും വയസ്സായ രണ്ട് കുട്ടികളെയും ഇവരോടൊപ്പം ബീച്ചിൽ എത്തിയിരുന്ന ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു രക്ഷപ്പെടുത്തിയിരുന്നു.
പോലീസും ലൈഫ് ഗാർഡും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ആദ്യ ദിവസം തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കണ്ടെത്താൻ സാധിച്ചില്ല. തിങ്കളാഴ്ച അഗ്നിശമന സേന, കോസ്റ്റൽ പോലീസ്, സൗത്ത് പോലീസ്, കുട്ടിയുടെ ബന്ധുക്കൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ വള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും തടസ്സമാവുകയായിരുന്നു.