Sorry, you need to enable JavaScript to visit this website.

പൗരത്വ പ്രക്ഷോഭം വീണ്ടും തുടങ്ങാൻ സമയമായി -വെൽഫെയർ പാർട്ടി

തിരുവനന്തപുരം - രാജ്യത്ത് പടർന്നുപിടിച്ച കോവിഡ് മഹാമാരിയുടെ മറവിൽ പൗരത്വ പ്രക്ഷോഭ നേതാക്കളെ കള്ളക്കേസുകൾ ചുമത്തി അറസ്റ്റ് ചെയ്യാനാണ് സർക്കാർ തീരുമാനമെങ്കിൽ പൗരത്വ പ്രക്ഷോഭം നിർത്തിയേടത്തുനിന്ന് വീണ്ടും ആരംഭിക്കേണ്ട സമയമായതായി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് എൻ.എം. അൻസാരി. പൗരത്വ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ പാർട്ടി നടത്തിയ ജി.പി.ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


ദൽഹി വംശഹത്യയുടെ പേരിൽ കലാപത്തിന് നേതൃത്വം കൊടുത്തവരേയും നിരപരാധികളെ കൊല്ലുകയും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഘ് പരിവാർ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യുന്നതിനു പകരം രാജ്യത്ത് ഉയർന്നു വന്ന പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ജെ.എൻ.യു വിദ്യാർത്ഥി ഉമർ ഖാലിദിനെ രണ്ടാം തവണ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയാണ് ദൽഹി പോലീസ്. സീതാറാം യെച്ചൂരിയെ പോലുള്ള നേതാക്കളെ ദൽഹി വംശഹത്യക്ക് നേതൃത്വം നൽകി എന്ന കള്ള കേസുണ്ടാക്കി അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നു. ഷഹീൻ ബാഗിലെ സമരപ്പന്തൽ പൊളിച്ച് നീത്തിയ പോലീസ്, ലോക്ഡൗണിന്റെ മറവിൽ വെൽഫെയർ പാർട്ടിയുടെയും ഫ്രറ്റേണിറ്റിയുടെയും നേതാക്കളെയും പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മറ്റു നേതാക്കളെയും വേട്ടയാടുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴുള്ള ഈ അറസ്റ്റ്. മോഡി സർക്കാർ പൗരത്വ പ്രക്ഷോഭകരെ ഇനിയും വേട്ടയാടുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളാണ് രാജ്യം കാണാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽ കുമാർ, സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, ഫ്രറ്റേണിറ്റി സംസ്ഥാന സമിതി അംഗം ആദിൽ അബ്ദുൽ റഹീം, മണ്ഡലം സെക്രട്ടറി ബിലാൽ വള്ളക്കടവ്, ഷാജി അട്ടക്കളങ്ങര എന്നിവർ സംസാരിച്ചു.

 

Latest News