കണ്ണൂർ-ദ്രവീകൃത പ്രകൃതി വാതകം പൈപ് ലൈൻ വഴി വീടുകളിലേക്കെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വടക്കെ മലബാറിലേക്കും. കൊച്ചി മംഗലൂരു പൈപ് ലൈൻ നിർമാണം പൂർത്തിയാവുന്നതോടെയാണ് ഈ സാധ്യത തുറക്കുന്നത്. ഗെയിൽ പദ്ധതിയിൽ കുറ്റനാട് മുതൽ കണ്ണൂർ വരെയുള്ള പരിശോധനകളും പരീക്ഷണവും വിജയകരമായി പൂർത്തിയായി. കൊച്ചിയിലെ സി.എൻ.ജി ടെർമിനലിൽ നിന്നും മംഗലാപുരത്തേക്കുള്ള പ്രകൃതി വാതക പൈപ് ലൈൻ പദ്ധതി തത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു. തേജസ്വിനി നദിക്കു കുറുകെയുള്ള പൈപ് ലൈൻ നിർമാണമാണ് പൂർത്തിയാവാനുള്ളത്. ഇത് അവസാന ഘട്ടത്തിലാണ്. മലപ്പുറത്തെ കുറ്റനാട് മുതൽ കണ്ണൂർ വരെയുള്ള ഭാഗത്തെ പൈപ് ലൈനിൽ വാതകം നിറച്ചുള്ള പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കി. കൂറ്റനാടിനു ശേഷം വടക്കൻ മേഖലയിൽ കണ്ണൂരിലെ കുറുമാത്തൂരിലാണ് പ്രധാന ഗെയിൽ സ്‌റ്റേഷനുള്ളത്. പൈപ് ലൈൻ ക്ലബ്ബിംഗ്, അറ്റകുറ്റ പണികൾ എന്നിവയ്ക്കായി ഓരോ നൂറു കിലോമീറ്ററിനകത്തും സബ് സ്‌റ്റേഷനുകളുണ്ട്.
ഇത്തരത്തിലുള്ള സബ് സ്‌റ്റേഷൻ, കോഴിക്കോട് ഉണ്ണിക്കുളത്താണുള്ളത്. പാചക വാതക വിതരണത്തിനുള്ള സബ് സ്‌റ്റേഷനുകൾ ഓരോ 16 കി.മീറ്റർ ഇടവിട്ടും സജ്ജമായിക്കഴിഞ്ഞു.
ഇന്ത്യൻ ഓയിൽ, ഭാരത് ഗ്യാസ്, ഗെയിൽ, ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ്, എച്ച്.പി.സി തുടങ്ങി 14 കമ്പനികൾക്കാണ് സിറ്റി ഗ്യാസ് വിതരണത്തിന്റെ ചുമതല. വടക്കൻ മലബാറിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പിനാണ് വിതരണ ചുമതല. കേരളത്തിൽ കൊച്ചിയിലാണ് ആദ്യമായി വിതരണ ശൃംഖല ആരംഭിച്ചത്. ഇത് വൻ വിജയമായി. ഇതിനകം 2500 ഗാർഹിക കണക്ഷനുകൾ നൽകുകയും 14,500 കണക്ഷനുകൾക്ക് പൈപുകൾ സ്ഥാപിക്കുകയും ചെയ്തു. വരുന്ന മാർച്ചിനകം ഇവിടെ 40,000 ഗാർഹിക കണക്ഷനുകളും 10 പുതിയ സി.എൻ.ജി സ്‌റ്റേഷനുകളുമാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലായി 56 സി.എൻ.ജി സ്‌റ്റേഷനുകൾ കമ്മീഷൻ ചെയ്തിരുന്നു. 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഇവ തുറന്നത്. കഴിഞ്ഞ ആറു വർഷം കൊണ്ട് സബ് സ്‌റ്റേഷനുകളുടെ എണ്ണം 947 ൽ നിന്നും 2300 ആയി കൂടി. കണ്ണൂർ, കാസർകോട് ജില്ലകളിൽ പദ്ധതിയുടെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. ഇവിടെ വാതകം നിറച്ചുള്ള പരീക്ഷണം ഉടൻ നടക്കും. ഇത് പൂർത്തിയായാലുടൻ പുതിയ കണക്ഷനുകൾ നൽകുന്ന ജോലികൾ ആരംഭിക്കും. സബ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് നേരിട്ട് വീടുകളിലേക്ക് പൈപ് വഴി പാചകവാതകം എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. മീറ്റർ റീഡിംഗ് അനുസരിച്ചാണ് തുക ഈടാക്കുക. എൽ.പി.ജിയേക്കാൾ 30 ശതമാനം വിലക്കുറവാണ് സി.എൻ.ജിക്ക്. അപകട സാധ്യതയും കുറവാണ്.