Sorry, you need to enable JavaScript to visit this website.

ജലീലിനെ ഇനിയും സംരക്ഷിച്ചാൽ മുഖ്യമന്ത്രിയുടെ മുഖം കൂടുതൽ വികൃതമാകും -കെ.പി.എ. മജീദ്

മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് പ്രവർത്തകർ മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- കേരളത്തിന്റെ സൽപേരിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രി കെ.ടി ജലീലിനെ ഇനിയും സംരക്ഷിക്കാനാണ് ഭാവമെങ്കിൽ മുഖ്യമന്ത്രിയുടെ മുഖം കൂടുതൽ വികൃതമാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ തലയിൽ മുണ്ടിട്ട് സ്വകാര്യ വ്യക്തിയുടെ കാറിൽ പോയ മന്ത്രിയുടെ പ്രവൃത്തി ദുരൂഹമാണ്. ജനങ്ങളെയും മാധ്യമങ്ങളെയും സത്യം ബോധിപ്പിക്കാൻ ജലീലിന് ബാധ്യതയുണ്ട്. രാജ്യത്തിന്റെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് മതഗ്രന്ഥം കൊണ്ടുവരേണ്ട കാര്യമില്ല. ഇതിനെതിരെ അന്വേഷണമുണ്ടായാൽ അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം തകരുമെന്ന മന്ത്രിയുടെ വാദം ബാലിശമാണ്. മതഗ്രന്ഥത്തിനൊപ്പം മറ്റെന്തെല്ലാമാണ് കടത്തിയതെന്നത് പുറത്ത് വരിക തന്നെ വേണം. മലപ്പുറത്തേക്ക് മാത്രമല്ല കർണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും ഇത് പോലെയുള്ള പാക്കറ്റുകൾ കടത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. രാജ്യദ്രോഹ കുറ്റം ചെയ്തതിന് ശേഷവും സത്യം വിജയിക്കുമെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് മന്ത്രി കെ.ടി ജലീൽ ശ്രമിക്കുന്നതെന്നും മജീദ് പറഞ്ഞു. 


തുടക്കത്തിൽ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞിരുന്ന സി.പി.എമ്മും ഇടതുപക്ഷവും ഇപ്പോൾ ഇ.ഡി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാണ് പറയുന്നത്. ഇടതുപക്ഷം ഇപ്പോൾ അന്വേഷണ ഏജൻസികളുടെ തിണ്ണ നിരങ്ങുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകനെ ചോദ്യം ചെയ്തു. ഇ.പി ജയരാജന്റെ മകനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. ഇതറിഞ്ഞ്  ഇ.പി. ജയരാജന് കോവിഡ് പോസിറ്റീവ് ആയിട്ടും ഭാര്യ  ബാങ്ക് ലോക്കറിൽ നിന്നും സാധനങ്ങൾ മാറ്റുന്നു. സർക്കാരിന്റെയും ഇടത് പക്ഷത്തിന്റെയും തെറ്റുകളായ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കുമെതിരെ  ജനങ്ങളും പ്രതിപക്ഷവും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. സർക്കാരിന് ഈ പ്രക്ഷോഭത്തിന്റെ മുന്നിൽ അടിയറ വെക്കേണ്ടി വരുമെന്നും കെ.ടി ജലീൽ അടക്കമുള്ളവരെ സ്വീകരിക്കാൻ സംസ്ഥാനത്ത് ജയിലുകൾ തയാറാണെന്നും കെ.പി.എ മജീദ് പറഞ്ഞു. 


ചടങ്ങിൽ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ.ഫൈസൽ ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, പി.ഉബൈദുള്ള എം.എൽ.എ, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജു, സെക്രട്ടറി അഡ്വ. എൻ.എ.കരീം, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ബാവ വിസപ്പടി, മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി.മുസ്തഫ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂർ, സെക്രട്ടറി കെ.എം.ഫവാസ്, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ.ജവാദ്, സീനിയർ വൈസ് പ്രസിഡന്റ് കെ.എൻ.ഹക്കിം തങ്ങൾ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.എൻ.ഷാനവാസ്, ജനറൽ സെക്രട്ടറി അഷ്‌റഫ് പാറച്ചോടൻ ജില്ലാ ഭാരവാഹികളായ, എം.വി.അസ്സൈനാർ, ടി.പി.നബീൽ, യു.ബാസിത്ത്, എൻ.കെ.അഫ്‌സൽ, നവാഫ് കള്ളിയത്ത്, റാഷിദ് കൊക്കൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുഹൈൽ അത്തിമണ്ണിൽ, ഷിബി മക്കരപറമ്പ്, അഖിൽ കുമാർ ആനക്കയം, ജസീൽ പറമ്പൻ, എം.ഷാക്കിർ, ആഷിഖ് പാതാരി, ആബിദ് കല്ലാമൂല, സൽമാൻ കടമ്പോട്ട്, ഇർഷാദ് മേക്കാടൻ, ജദീർ മുളളമ്പാറ, ഇർഷാദ് കുറുക്കോൾ, അഡ്വ. ഒ.പി.റഊഫ്, ഫഹദ് കരേക്കാട്, ഫർഹാൻ ബിയ്യം, ഷഫീഖ് കൂട്ടായി, എ.വി.നബീൽ എന്നിവർ നേതൃത്വം കൊടുത്തു.

Latest News