ജിദ്ദ- ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമതിയില്‍ നാല് അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ അപേക്ഷ ക്ഷണിച്ചു.
നിലവില്‍ മൂന്ന് അംഗങ്ങളാണുള്ളത്. കഴിഞ്ഞയാഴ്ച കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയവരുടെ സ്ഥാനത്തേക്കാണ് ഒരു വനിതയടക്കം നാല് അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത്.
പ്രതിഫലമോ ആനുകൂല്യങ്ങളോ ഇല്ലാതെ സ്‌കൂള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവനകളാണ് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്.
കമ്മിറ്റിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള രക്ഷിതാക്കള്‍ക്ക് ഇതിനായുള്ള ഫോറം നാളെ മുതല്‍ ഈ മാസം 30 വരെ സ്‌കൂള്‍ ഓഫീസില്‍നിന്ന് കൈപറ്റാം.
ഉച്ചക്ക് 12 മുതല്‍ രണ്ട് മണി വരെയാണ് സമയം. 11, 12 ക്ലാസുകളില്‍ മാത്രം പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അര്‍ഹതയില്ല.
പി.ജി ബിരുദമോ എം.ബി.ബി.എസ് പോലെ അഞ്ച് വര്‍ഷ ബിരുദമോ ഉള്ളവര്‍ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രശസ്ത സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളായിരിക്കണം. വനിതകളിലും പ്രൊഫഷണലുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. തൊഴിലുടമയില്‍നിന്ന് നോ ഒബ്ജക് ഷന്‍ ലെറ്റര്‍ ഹാജരാക്കണം. പ്രതിമാസ ശമ്പളം 8000 റിയാലില്‍ കുറവല്ലെന്ന് ചേംബര്‍ ഓഫ് കമേഴ്‌സ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കണം.
സ്്കൂളിന്റെ പുരോഗതിക്കും കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനും നടപ്പാക്കാനുദ്ദേശിക്കുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ 100 വാക്കുകളില്‍ കവിയാത്ത കുറിപ്പും അപേക്ഷയോടൊപ്പം നല്‍കണം.
താമസം ജിദ്ദയില്‍തന്നെ ആയിരിക്കണം. അപേക്ഷയും ഒറിജിനല്‍ രേഖകളും ഒക്ടോബര്‍ ഒന്നിന് രാവിലെ ഒമ്പതിനും രണ്ടിനുമിടയില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ സമര്‍പ്പിക്കണം.