കണ്ണൂർ- ക്വാറന്റീൻ സമയത്ത് കേരള ബാങ്കിന്റെ കണ്ണൂർ ശാഖയിൽ പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര. തെറ്റായ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇന്ദിര പറഞ്ഞു. കോവിഡ് പരിശോധനക്കായി സാംപിൾ നൽകിയതിന് ശേഷം ഈ മാസം പത്തിനാണ് കേരള ബാങ്കിന്റെ ശാഖയിൽ ഇന്ദിര പോയത്. നിയമം അനുസരിച്ച് കോവിഡ് പരിശോധനക്ക് സ്രവം നൽകിയ ശേഷം ഫലം വരുന്നത് വരെ ക്വാറന്റീനിൽ കഴിയണം. ബാങ്കിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇന്ദിരക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബാങ്കിലെ മൂന്നു പേർ ക്വാറന്റീനിലേക്ക് പോയി. ഇ.പി ജയരാജന്റെ മകൻ സ്വപ്‌ന സുരേഷിന്റെ കൂടെ നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് തൊട്ടുപിറകെയാണ് ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്നത്. ലോക്കർ ഇടപാട് നടത്തിയത് സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ ഏഴാം തീയതി തൊട്ട് ഇ.പി ജയരാജനും ഭാര്യയും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ ഇ.പി. ജയരാജന്റെ മകൻ കൈപ്പറ്റിയന്ന ആരോപണതിനിടെ മന്ത്രിയുടെ ഭാര്യയുടെ ലോക്കർ തുറക്കൽ വിവാദമായിട്ടുണ്ട്. കഴിഞ്ഞ പത്താം തീയതി നടത്തിയ പരിശോധനയിലാണ് ഇ.പി. ജയരാജനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചത്. രോഗബാധിതനായ ധനമന്ത്രി തോമസ് ഐസക്കിന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് മന്ത്രിയും ഭാര്യയും നിരീക്ഷണത്തിൽ പോയത്. ഇ.പി ജയരാജനും ഭാര്യയും കോവിഡ് ബാധിച്ചതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് വാർഡിൽ കഴിയുകയാണ്.