അൽഹസ- സൗദി അറേബ്യൻ ചരിത്രത്തിൽ ആദ്യമായി സലൂൺ നടത്തി സ്വദേശി വനിത ലക്ഷക്കണക്കിന് സ്വദേശി വനിതകൾക്ക് മാതൃകയാകുന്നു.
ഫൈസലിയ്യ ഡിസ്ട്രിക്ടിലാണ് സൈനബ് അൽഇംറാൻ എന്ന യുവതി ബാർബർ ആയി ജോലി ചെയ്യുന്നത്.
ബ്യൂട്ടീഷൻ കോഴ്സിൽ അക്കാദമിക് യോഗ്യത നേടിയ സൈനബ് വനിതകൾ കടന്നുവന്നിട്ടില്ലാത്ത മേഖലയിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്.
പത്ത് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടി പ്രത്യേകമായി നടത്തുന്ന സലൂൺ ആണ് സൈനബ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ബലി പെരുന്നാളിന് ശേഷമാണ് ഈ മേഖലയിലേക്ക് വനിതകളെ അനുവദിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവിറക്കിയത്.
ഭർത്താവ് ലുഅയ്യ് അൽഇംറാൻ നടത്തുന്ന സലൂണിനോട് ചേർന്നാണ് സൈനബും പ്രവർത്തിക്കുന്നത്.
ആഴ്ചയിൽ നാലു ദിവസം ജോലി ചെയ്യുന്ന സൈനബ് മറ്റു ദിവസങ്ങളിൽ അക്കൗണ്ടന്റ്, കാഷ്യർ എന്നീ ജോലികൾ ചെയ്തും ഭർത്താവിനെ സഹായിക്കുന്നു.
അതേസമയം, തായിഫിൽ കുട്ടികൾക്കായി ആരംഭിച്ചിരുന്ന സലൂൺ ആവശ്യമായ ലൈസൻസ് ഇല്ലാത്തതിനാലും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും തായിഫ് മുനിസിപ്പാലിറ്റി അടച്ചുപൂട്ടി.