ദുബായ്- ടാക്‌സി വാനുകളില്‍ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലഘൂകരിച്ച് ദുബായ്. ഇനി മുതല്‍ ടാക്സി വാനുകളില്‍ നാല് പേര്‍ക്കുവരെ യാത്ര ചെയ്യാന്‍ അധികൃതര്‍ അനുമതി നല്‍കി. ഹലാ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യുന്ന ടാക്സി വാനുകളിലാണ് ഈ സൗകര്യമുള്ളത്. ഹലാ വാന്‍ ടാക്സികളില്‍ രണ്ടുനിര പാസഞ്ചര്‍ ഇരിപ്പിടങ്ങള്‍ ഉള്ളതിനാല്‍ നാല് യാത്രക്കാര്‍ക്ക് കൃത്യമായ സാമൂഹിക അകലം പാലിച്ച് ഇരിക്കാനാകും. കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ തീരുമാനം ഏറെ ഗുണകരമാകും.
അതേസമയം സെഡാന്‍ ടാക്സികളില്‍ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം എല്ലാ ടാക്സികളിലും രണ്ട് യാത്രക്കാര്‍ എന്ന രീതിയില്‍ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു. ടാക്സി വാനുകള്‍ക്കുമാത്രമാണ് ഇപ്പോള്‍ നാല് യാത്രക്കാരെ കയറ്റാന്‍ അനുമതി. കോവിഡ് നിയന്ത്രണ വിധേയമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കുന്നത്.