Sorry, you need to enable JavaScript to visit this website.

മുഴുവൻ പ്രണയ വിവാഹങ്ങളും ലൗ ജിഹാദല്ല, ഘർവാപസിക്കാരെ ഭരണഘടനാവിരുദ്ധ സ്ഥാപനങ്ങളായി കാണണം- ഹൈക്കോടതി

കൊച്ചി- മുഴുവൻ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായി കാണരുതെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും കേരള ഹൈക്കോടതി. പയ്യന്നൂർ മണ്ടൂർ സ്വദേശികളായ രാജന്റെയും ഗീതയുടെയും മകൾ ശ്രുതി(24)യുടെയും പരിയായം സ്വദേശി അനീസ് അഹമ്മദി(24)ന്റെയും വിവാഹം സംബന്ധിച്ച കേസിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ഘർവാപസി നടത്തുന്ന സ്ഥാപനങ്ങളെ ഭരണഘടനാവിരുദ്ധ സ്ഥാപനങ്ങളായി പ്രഖ്യാപിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഈ കേസിൽ കക്ഷി ചേരണമെന്ന മറ്റുള്ളവരുടെ ഹരജികളും കോടതി തള്ളി. പ്രണയത്തിന് അതിരുകളില്ലെന്നും എല്ലാ തടസങ്ങളെയും പ്രണയം നീക്കുമെന്നും ഉത്തരവിൽ പറയുന്നു. ലൗ ജിഹാദ് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെയും കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. 

തൃപ്പൂണിത്തുറയിലെ വിവാദമായ ശിവശക്തി യോഗ സെന്ററിനെതിരായ പരാതി ശ്രുതി ആവർത്തിച്ചു. യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മർദ്ദം മൂലമാണ് സിറിയയിലേക്ക് കടത്താൻ അനീസ് അഹമ്മദ്  ശ്രമിച്ചുവെന്ന് മൊഴി നൽകിയതെന്നും യുവതി ഹൈക്കോടതിയിൽ മൊഴി നൽകി.
ബിരുദ പഠനകാലത്ത് പ്രണയത്തിലായ ശ്രുതിയും അനീസ് അഹമ്മദും ദൽഹിയിൽ വെച്ചാണ് വിവാഹിതരായത്. 2011-14 സമയത്തെ ബിരുദ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. 

ശ്രുതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മെയിൽ ശ്രുതിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ അനീസുമായി ശ്രുതി വിവാഹിതയായെന്നുള്ള പോലീസ് റിപ്പോർട്ടിനെ തുടർന്ന് ഈ കേസ് പരിഗണിക്കുന്നത് കോടതി അവസാനിപ്പിക്കുകയായിരുന്നു. 
വിവാഹത്തിന് ശേഷം ഒരു മാസത്തോളം ദൽഹിയിലായിരുന്ന ശ്രുതിയെ നാട്ടിൽ തിരിച്ചെത്തിയ ശേഷം പോലീസ് പിടികൂടി പയ്യനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയിരുന്നു. പയ്യനൂർ കോടതിയിൽനിന്ന് മാതാപിതാക്കളോടൊപ്പം പോകാനാണ് ശ്രൂതി തയ്യാറായത്. എന്നാൽ തന്നോടൊപ്പം പോകണമെന്ന് പറഞ്ഞ ശ്രുതിയെ പോലീസിന്റെ സഹായത്തോടെ മാതാപിതാക്കൾ തട്ടിയെടുത്തുവെന്ന് ആരോപിച്ച് അനീസ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ ഹാജരായ ശ്രുതിയോട് സ്വന്തമായി തീരുമാനം എടുക്കാൻ നിർദ്ദേശിച്ചു. ഫിസിക്‌സിൽ ബിരുദാനന്തര ബിരുദമുള്ള ശ്രുതിക്ക് സ്വന്തം തീരുമാനമെടുക്കാനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അനീസിനൊപ്പം പോകാൻ ശ്രുതി തീരുമാനിക്കുകയുമായിരുന്നു.

മാതാപിതാക്കളുടെ കൂടെ നിന്ന സമയത്ത് തന്നെ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ സെന്ററിൽ പ്രവേശിപ്പിച്ചുവെന്നും ഇവിടെനിന്ന് ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നുവെന്നും ശ്രുതി കോടതിയിൽ പരാതി നൽകിയിരുന്നു. ജൂൺ 22 മുതൽ ഓഗസ്റ്റ് 18 വരെയാണ് ശ്രുതി യോഗ സെന്ററിലുണ്ടായിരുന്നത്. മുഖത്തടിക്കുകയും വയറ്റിൽ ചവിട്ടുകയും നിർബന്ധിത ഗർഭപരിശോധന നടത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. 
നേരത്തെ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ തന്നെ സിറിയയിലേക്ക് അയക്കാൻ അനീസ് അഹമ്മദ് ശ്രമിക്കുന്നുവെന്ന് ശ്രുതി മൊഴി നൽകിയിരുന്നു. യോഗ സെന്ററിലെ പീഡനം മൂലമാണ് ഇങ്ങിനെ മൊഴി നൽകിയത് എന്നാണ് ശ്രുതി വ്യക്തമാക്കിയിരിക്കുന്നത്.  


 

Latest News