ന്യൂദല്‍ഹി- കൊറോണ വൈറസിന്റെ ജനിതക ഘടനയില്‍ വന്ന രണ്ട് മാറ്റങ്ങളാണ് കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമെന്ന് ജനിതക ശ്രേണീകരണത്തിലൂടെയുള്ള പഠനം വ്യക്തമാക്കുന്നു. വ്യാപനം തടയണമെങ്കില്‍, വൈറസ് വന്ന വഴികള്‍ മനസ്സിലാക്കാനും സമ്പര്‍ക്കം കണ്ടെത്താനും നടപടികള്‍ വേണമെന്നാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ശേഖരിച്ച വൈറസ് സാംപിളുകളില്‍ 99.4 ശതമാനത്തില്‍ കണ്ടെത്തിയ ജനിതക മാറ്റത്തെ ഡി614ജി എന്നാണ് വിളിക്കുന്നത്. എല്‍5എഫ് എന്നു പേരിട്ടിരിക്കുന്ന മറ്റൊരു മാറ്റവും ദൃശ്യമായി. ജനിതക ഘടനയില്‍ അമിനോ അമ്ല കണ്ണികളുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേരിടല്‍. കൊറോണ വൈറസുകളിലെ യൂറോപ്യന്‍ ഗണമെന്നു വിശേഷിപ്പിക്കപ്പെടുന്ന എ2എ ആണ് കേരളത്തിലുള്ളതെന്നാണ് കോഴിക്കോട്ടു നിന്നുള്ള സാംപിളുകളില്‍ വ്യക്തമായത്. എ2എ ഗണം വൈറസിനെ നിര്‍വചിക്കുന്ന ജനിതകമാറ്റം സംഭവിക്കുന്നത് എസ് (സ്‌പൈക്) പ്രോട്ടീനിലാണ് (മാംസ്യം).
സ്‌പൈക് പ്രോട്ടീന്‍, മനുഷ്യശരീരത്തിലെ പ്രോട്ടീനുകളെയാണ് വൈറസിനു കയറിപ്പിടിക്കാനുള്ള തലമായി ഉപയോഗിക്കുന്നത്. ഈ പിടത്തത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതാണ് കേരളത്തില്‍ കണ്ടെത്തിയ 2 ജനിതക മാറ്റങ്ങളും. അതുകൊണ്ടാണ്, ഈ മാറ്റങ്ങള്‍ വൈറസ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്നു വിലയിരുത്തുന്നത്.
കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലെത്തുന്നത് ഏഴുമാസം പിടിച്ചു നിര്‍ത്തിയ കേരളത്തിന് ഇനിയുള്ള വെല്ലുവിളി ഇപ്പോഴത്തെ ഞെട്ടിക്കുന്ന വേഗത്തിലുള്ള വൈറസ് വ്യാപനമാണ്. ഓഗസ്റ്റ് 19 ന് 50,000 തികഞ്ഞ രോഗികളുടെ എണ്ണം പിന്നീട് വെറും മൂന്നാഴ്ച കൊണ്ടാണ് ഒരു ലക്ഷം കടന്നത്. കൂടുതല്‍ ഇടങ്ങളില്‍ സമൂഹ വ്യാപന ആശങ്കക്ക് പുറമെ, വെന്റിലേറ്ററുകള്‍ക്ക് അടക്കം ക്ഷാമം ഉണ്ടായെക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പും ഈ പശ്ചാത്തലത്തിലാണ്.