ന്യൂദല്‍ഹി- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ് അന്വേഷണം സിബിഐ നടത്തണമെന്ന് ഉത്തരവിട്ടത്. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നുംകേരളം ആവശ്യപ്പെട്ടു. കാസര്‍കോട് പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്തി സിബിഐ സമര്‍പ്പിക്കുന്ന റിപോര്‍ട്ടിനൊപ്പം ക്രൈം ബ്രാഞ്ച് റിപോര്‍ട്ടും പരിഗണിച്ച് വിചാരണ കോടതി തുടര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. കേസിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ളവ ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കേരളം സമര്‍പ്പിച്ച അപ്പീലില്‍ വ്യക്തമാക്കുന്നു.