തിരുവനന്തപുരം- സോളാർ കേസിൽ മുൻ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി സരിത എസ് നായർ. തന്നെ പ്രതിയാക്കാൻ മുൻ അന്വേഷണ സംഘം കരുതിക്കൂട്ടി പ്രവർത്തിച്ചുവെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിവേദനം മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി. കേസുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ പരാതികൾ വേണ്ട രീതിയിൽ അന്വേഷിച്ചില്‌ലെന്നും പരാതിയിൽ പറയുന്നു. മുൻ സർക്കാറിന്റെ ഭാഗമായിരുന്നവർ കേസിൽ ഉൾപ്പെട്ടിരുന്നുവെന്നും തന്റെ പരാതി അട്ടിമറിക്കപ്പെട്ടുവെന്നും സരിത പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് രണ്ടു തവണ പരാതി നൽകിയെന്നും എന്നാൽ അത് അട്ടിമറിക്കപ്പെടുകയായിരുന്നു. ഈ സഹചര്യത്തിൽ തന്റെ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും സരിത ആവശ്യപ്പെട്ടു. നേരത്തെ രണ്ടു തവണ പരാതി നൽകിയെന്നും എന്നാൽ അത് സ്വീകരിച്ചില്ലെന്ന ഗുരുതര ആരോപണവും സരിത ഉന്നയിച്ചിട്ടുണ്ട്. സോളാർ കമ്മീഷൻ റിപ്പോർട്ടിൻമേൽ സർക്കാർ നടപടി വൈകുന്ന സഹചര്യത്തിലാണ് സരിത പരാതിയുമായി രംഗത്തെത്തിയത്.