Sorry, you need to enable JavaScript to visit this website.

കുമ്പള മുരളി വധക്കേസ്: ഒന്നാം പ്രതിക്ക്  ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും

പ്രതി ശരത് രാജ്

കാസർകോട്- സി.പി.എം പ്രവർത്തകൻ കുമ്പള ശാന്തിപ്പള്ളത്തെ പി മുരളിയെ(35) കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുംബി.ജെ.പി പ്രവർത്തകനുമായശരത് രാജിനെ ജില്ലാ അഡീഷണൽ സെഷൻസ്(രണ്ട്) കോടതി ജഡ്ജി രാജൻ തട്ടിൽ ജീവപര്യന്തം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പിഴ തുക കൊല്ലപ്പെട്ട മുരളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. ശരത്തിനെ വെള്ളിയാഴ്ച ഉച്ചയോടെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വൈകിട്ട് 3.30 മണിയോടെയാണ് പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. കേസിലെ മറ്റ് പ്രതികളെ കുറ്റം തെളിയിക്കാൻ സാധിക്കാതിരുന്നതിനാൽ കോടതി നേരത്തെ വിട്ടയച്ചിരുന്നു. 2017 ഒക്ടോബർ 17 ന് വൈകിട്ട് അഞ്ചു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സീതാംഗോളി അപ്‌സര മില്ലിനടുത്ത് മുരളി സഞ്ചരിച്ച ഓട്ടോ റിക്ഷ ശരത് രാജിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ബി ജെ പി പ്രവർത്തകരായദിനേശ്, വരദരാജ്, മിഥുൻകുമാർ, നിധിൻരാജ്, കിരൺകുമാർ, മഹേഷ്, അജിത്കുമാർ എന്നിവരെയാണ് വിട്ടയച്ചത്. രാഷ്ട്രീയ വൈരാഗ്യാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൽ സത്താർ ഹാജരായി.

Latest News