ന്യൂകാംപ്- യുവേഫ ചാംപ്യൻസ് ലീഗ് ഫുട്‌ബോളിൽ ബാഴ്‌സലോണക്ക് ജയം. ഒളിംപ്യാകോസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്. ചാംപ്യൻസ് ലീഗിൽ നൂറാം ഗോൾ എന്ന റെക്കോർഡും തന്റെ പേരിനൊപ്പം സൂപ്പർ താരം ലിയണൽ മെസി കൂട്ടിച്ചേർത്തു. കളിയുടെ നാൽപത്തിരണ്ടാം മിനിറ്റ് മുതൽ പത്തു പേരെയുമായാണ് ബാഴ്‌സ കളിച്ചത്. ജെറാർഡ് പിക്വേ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെയാണ് ബാഴ്‌സ പത്തുപേരായി ചുരുങ്ങിയത്. പതിനെട്ടാം മിനിറ്റിൽ ദിമിത്രിസ് നികാലോ വഴി ലഭിച്ച സെൽഫ് ഗോളാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. ബാഴ്‌സയുടെ മുന്നേറ്റ നിരയിലെ താരം ഡിയേലഫു നൽകിയ പാസ് മെസിക്ക് മുന്നിൽ നിൽക്കുകയായിരുന്ന ദിമിത്രിസിന്റെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് പതിക്കുകയായിരുന്നു. നാൽപത്തിരണ്ടാം മിനിറ്റിലാണ് പിക്വെ ചുവപ്പുകാർഡ് കണ്ട് പുറത്തായത്. അറുപത്തിയൊന്നാമത്തെ മിനിറ്റിൽ ഫ്രീ കിക്കിലൂടെ അതിമനോഹരമായ ഗോൾ മെസി സ്വന്തമാക്കി. ചാംപ്യൻസ് ലീഗിലെ മെസിയുടെ നൂറാമത്തെ ഗോളായിരുന്നു ഇത്. മൂന്ന് മിനിറ്റിനകം ലൂക്കാസ് ഡിഗ്നേ ബാഴ്‌സക്ക് വേണ്ടി മറ്റൊരു ഗോൾ കൂടി നേടി ബാഴ്‌സക്ക് ആധികാരിക ജയം സമ്മാനിച്ചു. തൊണ്ണൂറാമത്തെ മിനിറ്റിലാണ് ദിമിത്രിസ് ഒളിംപ്യാകോസിനായി ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ പാരീസ് സെന്റർ ജർമെയ്ൻ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് ബെൽജിയം ക്ലബ്ബായ ആർ.എസ്.സി ആന്റർലെച്റ്റിനെ തോൽപ്പിച്ചു. പി.എസ്.ജിക്ക് വേണ്ടി കീലൻ എംബപേ, എഡിസൺ കവാനി, നെയ്മാർ, എയ്ഞ്ചൽ ഡി മരിയ എന്നിവരാണ് ഗോളുകൾ നേടിയത്. യുവന്റ്‌സ്, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നീ ടീമുകളും വിജയിച്ചു. ചെൽസി, എ.എസ് റോമ മത്സരം 3-3 സമനിലയിൽ കലാശിച്ചു.