മുഹ്‌സിന്‍ ഹുസൈന്‍ ഖാന്‍ പുതിയ ചെയർമാന്‍
ജിദ്ദ- ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയുടെ അംഗബലം ഏഴില്‍ നിന്ന് മൂന്നായി ചുരുക്കി. നിലവിലെ ചെയര്‍മാനടക്കം നാലു പേരെ പുറത്താക്കിയാണ് ഭരണസമിതി മൂന്നംഗങ്ങള്‍ മാത്രമാക്കി ചുരുക്കിയത്. പുതിയ ഭരണ സമിതിയുടെ ചെയര്‍മാനായി മുഹ്‌സിന്‍ ഹുസൈന്‍ ഖാനെ തെരഞ്ഞെടുത്തു. ഡോ.അബ്ദുല്‍ സത്താര്‍ സമീര്‍, ഡോ.പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. സൗദി വിദ്യാഭ്യാസ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷന്‍ ഇതിന് അനുമതി നല്‍കിയതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ അഹമ്മദ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
നിലവിലെ ചെയര്‍മാന്‍ മുഹമ്മദ് ഗസന്‍ഫര്‍ ആലം, ജാഫര്‍ കല്ലിങ്ങപ്പാടം, ഡോ.അബ്ദുല്‍ ബാസിദ് ബംഗ, ഇക്‌റാമുല്‍ ബാസിത് ഖാന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. ഏക മലയാളി പ്രതിനിധിയായ ജാഫര്‍ കല്ലിങ്ങപ്പാടവും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടും. പുറത്താക്കിയ അംഗങ്ങള്‍ക്ക് പുറത്താക്കാനുള്ള കാരണങ്ങള്‍ സംബന്ധിച്ച വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. നാലു പേരെ ഒഴിവാക്കി സ്‌കൂള്‍ ഭരണ സമിതിയുടെ അംഗബലം മൂന്നാക്കി ചുരുക്കാന്‍ നീക്കമെന്ന വാര്‍ത്ത മലയാളം ന്യൂസ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവിലെ ഭരണ സമിതിയെ 2018 ലാണ് നോമിനേറ്റ് ചെയ്തത്. ഒരു വര്‍ഷത്തിലേറെ ഇനിയും ഇവര്‍ക്ക് കാലാവധിയുള്ളപ്പോഴാണ് സമിതിയുടെ അംഗബലം വെട്ടിക്കുറച്ചത്. തെരഞ്ഞെടുക്കപ്പെട്ട സമിതിയെ പിരിച്ചുവിട്ടു കൊണ്ടായിരുന്നു ഏഴംഗ സമിതിയെ നോമിനേറ്റ് ചെയ്തത്. ഈ സമിതി ചുമതലയേറ്റതു മുതല്‍ മുഹമ്മദ് ഗസന്‍ഫര്‍ ആലം ആയിരുന്നു ചെയര്‍മാന്‍. ഇപ്പോള്‍ ഇദ്ദേഹം അടക്കം നാലു പേരെയാണ് പുറത്താക്കിയത്. ഇവരെ ഒഴിവാക്കി മൂന്നംഗ സമിതിയായി ഭരണസമിതി മാറ്റിയെന്നുള്ള വിവരമല്ലാതെ മറ്റു കാരണങ്ങളൊന്നും പ്രിന്‍സിപ്പലിന്റെ സര്‍ക്കുലറിലില്ല. ജിദ്ദ സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും മലയാളി വിദ്യാര്‍ഥികളാണ്. എന്നാല്‍ ഭരണ സമിതിയില്‍ ഒരു മലയാളി അംഗം പോലും ഇല്ലാതെയാണ് പുതിയ സമിതി പുനഃസംഘടിപ്പിച്ചിട്ടുള്ളത്്.