അബുദാബി- റോഡിലെ വലിയ കുറ്റകൃത്യങ്ങള്‍ക്ക് അരലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കാന്‍ അബുദാബി പൊലീസ്. പൊലീസ് വാഹനവുമായി കൂട്ടിയിടിക്കുക, അനധികൃത മത്സരയോട്ടം നടത്തുക, നമ്പര്‍ പ്ലേറ്റില്ലാതെ യാത്ര ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് വലിയ തുക പിഴ ഈടാക്കുക. ഇതിനായി അബുദാബി പൊലീസ് ഗതാഗത നിയമം പരിഷ്‌കരിച്ചു.
ലൈസന്‍സില്ലാതെ വാഹനമോടിച്ചാലും കനത്ത പിഴയുണ്ട്. റെഡ് സിഗ്‌നല്‍ മറികടന്നാലുള്ള പിഴ 50,000 ദിര്‍ഹമാക്കി. ആറു മാസത്തേക്ക് ലൈസന്‍സ് പിടിച്ചുവെക്കുകയും ചെയ്യും. നിയമവിധേയമായ നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിച്ചാലും അര ലക്ഷം ദിര്‍ഹം പിഴ നല്‍കണം. അനുമതിയില്ലാതെ വാഹനത്തിന്റെ എന്‍ജിനിലോ ചേസിലോ മാറ്റം വരുത്തിയാല്‍ 10,000 ദിര്‍ഹമാണ് പിഴ. അമിത വേഗം, സിഗ്നലില്ലാതെ ട്രാക്ക് മാറുക, അകലം പാലിക്കാതെ വാഹനമോടിക്കുക, സീബ്രാ ക്രോസില്‍ കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ അപകടം ഉണ്ടായാല്‍ ഡ്രൈവര്‍ക്ക് 5,000 ദിര്‍ഹം പിഴയുണ്ട്.
10 വയസ്സില്‍ താഴെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തിയാല്‍ വാഹനം കണ്ടുകെട്ടും. പുറമേ 5,000 ദിര്‍ഹം പിഴ ഒടുക്കുകയും വേണം. റോഡിലെ നിശ്ചിത പരിധിയില്‍ 60 കിലോമീറ്റര്‍ വേഗം മറികടന്നാല്‍ 5000 ദിര്‍ഹം പിഴ നല്‍കണം. അധിക നിയമലംഘനത്തിന് 100 ദിര്‍ഹം വീതം പിഴ ചുമത്തും. 7,000 ദിര്‍ഹത്തിനു മുകളിലുള്ള എല്ലാ പിഴകളും ഒറ്റ തവണയായി അടക്കണമെന്നും ട്രാഫിക് നിയമം വ്യവസ്ഥ ചെയ്യുന്നു. പിടിച്ചെടുത്ത വാഹനം മൂന്ന് മാസത്തിനുശേഷം തിരിച്ചെടുത്തില്ലെങ്കില്‍ ലേലത്തിനു വെക്കുമെന്നും പൊലീസ് മുന്നറിയിപ്പു നല്‍കി.
സമഗ്രമായ പഠനങ്ങള്‍ക്ക് ശേഷമാണ് നിയമം പരിഷ്‌കരിച്ചതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. റോഡ് സുരക്ഷിതമാക്കുകയും ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പിടിച്ചെടുത്ത വാഹനങ്ങള്‍ മൂന്നു മാസത്തിനു ശേഷം ലേലത്തില്‍ വെക്കും. പിഴയേക്കാള്‍ കുറവാണ് വാഹനത്തിന്റെ മൂല്യമെങ്കില്‍ ബാക്കി വരുന്ന തുക നിയമലംഘകന്റെ ട്രാഫിക് ഫയലില്‍ ചേര്‍ക്കും.