തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അര ടൺ കഞ്ചാവ് പിടികൂടിയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. മയക്കുമരുന്ന് വിപണിയിൽ 20 കോടി രൂപ വിലയുണ്ടത്രേ പിടികൂടിയ കഞ്ചാവിന്. മൈസൂരിൽനിന്ന് വന്ന ട്രെയിലർ ലോറിയിൽനിന്നാണ് കഞ്ചാവ് പിടിച്ചത്. വാഹന ഡ്രൈവറടക്കം രണ്ട് ഉത്തരേന്ത്യക്കാരും പിടിയിലായി. എന്നാൽ ഇതിന്റെ കടത്തിന് പിന്നിൽ മലയാളികളാണെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ചിറയിൻകീഴിലെ ഗോഡൗണിലെത്തിച്ച് തിരുവനന്തപുരത്തും അയൽ ജില്ലകളിലുമായി വിതരണം ചെയ്യുകയായിരുന്നത്രേ ലഹരി മാഫിയയുടെ ലക്ഷ്യം.
കേരളം എത്തിനിൽക്കുന്ന അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ് ഈ കഞ്ചാവ് വേട്ട. സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ വ്യാപ്തി ഊഹിക്കുന്നതിലും എത്രയോ അധികമാണെന്ന് എക്‌സൈസ്, പോലീസ്, ആന്റിനാർകോട്ടിക് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർഥികൾ തൊട്ട് തൊഴിലാളികളും, ഇതര സംസ്ഥാനക്കാരിലും, ഐ.ടി രംഗങ്ങളിലും മറ്റും പ്രവർത്തിക്കുന്നവരിലും നടീനടന്മാരടക്കം സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരിലും കലാകാരന്മാരിലുമെല്ലാം പല തരത്തിലും ഗുണത്തിലുമുള്ള ലഹരിവസ്തുക്കൾ വ്യാപകമാണിന്ന്.
സംസ്ഥാനത്ത് പലയിടങ്ങളിലായി കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടിയെന്ന ഒരു ഡസൻ വാർത്തയെങ്കിലുമില്ലാതെ ഒരു ദിവസത്തെ പത്രം പോലും ഇറങ്ങുന്നില്ല. കുട്ടികളെ ചെറു പ്രായത്തിൽ തന്നെ ലഹരിക്ക് അടിമയാക്കുന്ന വൻ റാക്കറ്റ് തന്നെ ഇവിടെ പ്രവർത്തിക്കുന്നു. പ്രൈമറി സ്‌കൂൾ കുട്ടികളെ പോലും ഈ മാഫിയ വല വീശുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് വായിച്ചത്. സ്‌കൂൾ വിദ്യാർഥികൾക്ക് ആദ്യം സൗജന്യമായി കഞ്ചാവ് നൽകുകയും ക്രമേണ അവനെ അതിന്റെ അടിമയാക്കുകയും ചെയ്ത് കച്ചവടം കൊഴുപ്പിക്കുകയാണ് ഈ മാഫിയ. ഒരിക്കൽ ലഹരിക്ക് അടിമയാകുന്നവൻ എക്കാലവും അങ്ങനെയായിരിക്കുകയും തങ്ങളുടെ സ്ഥിരം കസ്റ്റമർ ആയി മാറുകയും ചെയ്യുമെന്ന് മാഫിയക്കറിയാം.
നൂറും ഇരുന്നൂറും ഗ്രാം തൊട്ട് അഞ്ചും പത്തും കിലോ വരെ കഞ്ചാവ് മിക്ക ദിവസങ്ങളിലും സംസ്ഥാനത്ത് പല ഭാഗങ്ങളിലും പിടികൂടുന്നുമുണ്ട്. ലഹരി ഉപയോഗം സമൂഹത്തിൽ അത്രമേൽ വ്യാപകമാണെന്നതിന്റെ സൂചനയാണത്. പിടികൂടുന്നതിന്റെ എത്രയോ ഇരട്ടിയാണ് സമൂഹത്തിൽ വിതരണം ചെയ്യപ്പെടുന്നത്. സമൂഹത്തിലെ ഉന്നതർ മുതൽ സ്‌കൂൾ കുട്ടികൾ വരെ വിതരണ ശൃംഖലയിലെ കണ്ണികളാവുകയും ചെയ്യുന്നു.
എല്ലാ ദിവസവും കഞ്ചാവും ഹഷീഷും മറ്റു ലഹരി വസ്തുക്കളും പിടികൂടപ്പെടുന്നുണ്ടെങ്കിലും അവയിലധികവും ഒറ്റിക്കൊടുക്കലിന്റെ ഭാഗമായി വിവരം നൽകുന്നതുകൊണ്ടാണെന്നതാണ് യാഥാർഥ്യം. ലഹരി കടത്ത് സംഘങ്ങൾ തമ്മിലെ കുടിപ്പകയാവും പലപ്പോഴും കാരണം. തിരുവനന്തരപുരത്ത് കഞ്ചാവ് പിടികൂടിയതും അത്തരത്തിൽ രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു. അപ്പോൾ പോലും റെയ്ഡ് നടക്കുന്ന വിവരം മാഫിയക്ക് ചോർത്തി നൽകാൻ ഉദ്യോഗസ്ഥരിലും ആളുണ്ടായി. സുപ്രധാന കണ്ണികളായ ചിലർ രക്ഷപ്പെടാൻ കാരണം അതാണ്. മയക്കുമരുന്ന് മാഫിയക്ക് ഉദ്യോഗസ്ഥരിലും സർക്കാർ സംവിധാനങ്ങളിലുമുള്ള സ്വാധീനമാണിത് വ്യക്തമാക്കുന്നത്. രഹസ്യ വിവരം ലഭിക്കാതെ പോലീസോ എക്‌സൈസോ ലഹരി വസ്തുക്കൾ പിടികൂടുന്നുണ്ടെങ്കിൽ അത് വളരെ ചെറിയ അളവിൽ മാത്രമുള്ളവയായിരിക്കും. അതായത് കഞ്ചാവ് വിതരണ ശൃംഖലയിലെ ഏറ്റവും താഴത്തെ കണ്ണികളാവും അവർ.
കന്നഡ സിനിമയിലും ബോളിവുഡിലും ഇപ്പോൾ നടക്കുന്ന ലഹരി വേട്ടയും അറസ്റ്റുമായി ബന്ധപ്പെടുത്തി വേണം കേരളത്തിലെയും ലഹരി വ്യാപനത്തെയും കാണാൻ. മെക്‌സിക്കോയിലും ലാറ്റിനമേരിക്കയിലുമൊക്കെയുള്ള വമ്പൻ ഡ്രഗ് കാർട്ടലുകൾക്ക് സമാനമായ മാഫിയ ഇന്ത്യയിലും പ്രവർത്തിക്കുന്നുണ്ടെന്നും കേരളം അവരുടെ വളരെ പ്രധാനപ്പെട്ട വിപണിയാണെന്നും വ്യക്തമാവുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. വ്യത്യസ്ത സാമ്പത്തിക ശേഷിയുള്ളവരെ ലക്ഷ്യമിട്ട് കഞ്ചാവും ചരസും ഹഷീഷും മുതൽ ഒരു ഗന്ധവുമുണ്ടാക്കാത്ത, എന്നാൽ ദീർഘനേരം ഉന്മാദം നൽകുന്ന, വൻവിലയുള്ള ലഹരി സ്റ്റാമ്പുകളടക്കം ലഭ്യമാണ്. സമൂഹത്തിലെ എല്ലാ തരത്തിലുമുള്ള ആളുകളെ പരമാവധി ലഹരിക്കടിമകളാക്കി ലാഭം കൊയ്യുകയാണ് മാഫിയയുടെ ലക്ഷ്യം.
ഇത്രയൊക്കെയായിട്ടും സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഈ വിപത്തിനെ വേണ്ടത്ര ഗൗരവത്തിൽ എടുത്തിട്ടുണ്ടോ എന്നത് സംശയമാണ്. മയക്കുമരുന്ന് മാഫിയയെ തകർക്കാൻ രണ്ടും കൽപിച്ചുള്ള പ്രവർത്തനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ദിവസവും കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടുന്നുണ്ടെങ്കിലും ഒരു ദിവസത്തെ വാർത്തയിൽ അതവസാനിക്കുന്നു. പിടികൂടപ്പെടുന്നവരുടെ പിന്നാമ്പുറം തേടിപ്പോയി മാഫിയയുടെ ശരിയായ നിയന്ത്രണ കേന്ദ്രങ്ങളെ പിടികൂടാൻ ഉദ്യോഗസ്ഥർ തയാറാവുന്നില്ല, സർക്കാർ അത് പ്രോൽസാഹിപ്പിക്കുന്നുമില്ല. ചെറിയ മീനുകൾ കൊണ്ട് അവർ തൃപ്തിപ്പെടുന്നു.
സിനിമാ രംഗത്തെ ലഹരി വ്യാപനം, മയക്കുമരുന്ന് മാഫിയയുടെ നീരാളിപ്പിടിത്തം എത്രത്തോളമെന്ന് വ്യക്തമാക്കുന്നു. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നു. സുശാന്ത് ലഹരിക്ക് അടിയമായിരുന്നുവെന്നും തനിക്കൊപ്പം ലഹരി ഉപയോഗിച്ചിരുന്നുവെന്നുമാണ് റിയ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്. സുശാന്തിന് താൻ ലഹരിവസ്തുക്കൾ എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും റിയ പൊട്ടിക്കരഞ്ഞുകൊണ്ട് സമ്മതിച്ചു. റിയക്ക് പിന്നാലെ ഇരുപത്തഞ്ചോളം ബോളിവുഡ് സെലിബ്രിറ്റികളെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കുകയാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ.
കന്നട സിനിമയിലെ രണ്ട് പ്രമുഖ നടിമാരടക്കം ഒരു ഡസനോളം പേരാണ് ഇതിനകം അറസ്റ്റിലായത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ച പ്രധാന കണ്ണികൾ മലയാളികളാണെന്ന വാർത്തയും പുറത്തുവന്നു.
മലയാള സിനിമയിലെ ലഹരി വ്യാപനത്തെക്കുറിച്ച് വർഷങ്ങൾക്കു മുമ്പേ വാർത്ത പുറത്തു വന്നതാണ്. 2015 ൽ നടൻ ഷൈൻ ടോം ചാക്കോ അടക്കമുള്ളവരെ മയക്കുമരുന്നുമായി പിടികൂടിയെങ്കിലും ആ കേസിന്റെ അന്വേഷണം അധികമൊന്നും മുന്നോട്ടു പോയില്ല. പല പ്രമുഖരുടെയും പേരുകൾ അക്കാലത്ത് പറഞ്ഞുകേട്ടെങ്കിലും ആരും വലയിൽ കുടുങ്ങിയില്ല. എന്തിനേറെ ജയിലിൽനിന്നിറങ്ങിയ ഷൈൻ ടോമിനെ വീണ്ടും സിനിമകളിൽ അഭനയിപ്പിച്ച് താരമൂല്യം നൽകാനും ആളുണ്ടായി.
അടുത്ത കാലത്ത് നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട് ചില നിർമാതാക്കളും ലഹരി ആരോപണമുന്നയിച്ചു. ഇതിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞുവെങ്കിലും അത് വെറും വാക്കായി.
ഇപ്പോഴിതാ കന്നട സിനിമയിലെ ലഹരി ബന്ധവുമായി ബന്ധപ്പെട്ട അറസ്റ്റും നടപടികളും കേരളത്തിലും ശക്തമായ നടപടികൾക്കുള്ള സാഹചര്യം സൃഷ്ടിച്ചിട്ടും മുഖ്യമന്ത്രിയും സർക്കാരും നിസ്സംഗ ഭാവത്തിലാണ്. കന്നഡ സിനിമക്കാർക്ക് മയക്കുമരുന്ന് എത്തിച്ചതിന് അറസ്റ്റിലായവരിൽ മൂന്ന് പേർ മലയാളികളാണ്.
അതിലെ പ്രധാന കണ്ണിയായ അനൂപ് മുഹമ്മദിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി ബിസിനസ് ബന്ധമുണ്ടെന്ന വിവരവും പുറത്തു വരുന്നു. തനിക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമില്ലെന്ന് ബിനീഷ് വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ സർക്കാരും പാർട്ടിയും സംശയത്തിന്റെ നിഴലിലായിട്ടും സർക്കാർ ഒട്ടകപ്പക്ഷി നയം തുടരുന്നു. കേന്ദ്ര ഏജൻസികളും കർണാടക പോലീസും അന്വേഷിക്കുന്നുണ്ടല്ലോ, കേരള പോലീസ് എന്തിന് അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അപഹാസ്യമായ നിലപാട്. കേരളത്തെ മയക്കിക്കിടത്താൻ ശ്രമിക്കുന്ന ലഹരി മാഫിയയുടെ അടിവേരറുക്കേണ്ട സമയത്താണ് ഈ ഒളിച്ചുകളി.
സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യമാണ് മുഖ്യമന്ത്രിയും സർക്കാരും ലക്ഷ്യമിടുന്നതെങ്കിൽ അടിയന്തരമായി ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. കേന്ദ്ര ഏജൻസികൾക്കും ഇതര സംസ്ഥാന പോലീസിനും സമാന്തരമായി കേരളത്തിലും മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ അന്വേഷണവും നടപടിയും സ്വീകരിച്ചാൽ ഈ മാഫിയയിലെ കണ്ണികളെ മുഴുവൻ കുടുക്കാനാവും. അതുവഴി സമൂഹത്തെ കാർന്നു തിന്നുന്ന മഹാവിപത്തിനെ വേരോടെ പിഴുതെറിയാനും.