വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടുന്ന ഉദ്യോഗാർഥികൾക്ക് സ്ഥിരം ജോലി എന്നത് വിദൂര സ്വപ്‌നമാവുകയാണ്. താൽക്കാലിക ആശ്വാസം എന്നതിലുപരി നാട്ടിലെ സർക്കാർ ജോലി പോലെ വിരമിക്കൽകാലം വരെ ഒരേ ജോലിയിൽ തുടരാമെന്ന വ്യാമോഹവുമായി ഗൾഫ് രാജ്യങ്ങളിലേക്ക് ഇനി പോകേണ്ടതില്ല. പ്രവാസം തുടങ്ങിയ 70 കളിൽ ഗൾഫ് രാജ്യങ്ങളിൽ ചേക്കേറിയവരിൽ പലരും ഇന്നും ഗൾഫ് നാടുകളിൽ ജോലിയിൽ തുടരുന്നുണ്ട്. അവരുടെ പിൻതലമുറക്കാരും അതേ പാത പിന്തുടരാമെന്നു വെച്ചാൽ അതു ദിവാസ്വപ്‌നമായി മാറുമെന്നതിൽ സംശയമില്ല. കാരണം സ്വദേശിവൽക്കരണം ഒട്ടുമിക്ക മേഖലകളിലും പ്രാവർത്തികമായി കഴിഞ്ഞു. ഇനിയുമെത്താത്തിടങ്ങളിലേക്ക് ഏതെല്ലാം രീതിയിൽ അതു ശക്തമാക്കാം എന്നതിനെക്കുറിച്ച ചർച്ചകളും പഠനങ്ങളും നിയമ ഭേദഗതികളുമെല്ലാം എല്ലാ ഗൾഫ് രാജ്യങ്ങളിലും നടന്നു വരികയാണ്. നേരത്തെ പ്രായപരിധി ഒരു പ്രശ്‌നമേ ആയിരുന്നില്ല. എന്നാൽ ഇന്ന് അതും പ്രശ്‌നമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന നിലയിലേക്ക് ജോലിയെ കാണാനും അതിനനുസൃതമായി വ്യത്യസ്ത മേഖലയിൽ പ്രാവീണ്യം നേടാനുമാണ് ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ടത്.
സ്വദേശിവൽക്കരണം നിയമാനുസൃതം ശക്തമാക്കിക്കൊണ്ടുള്ള നിതാഖാത്തിന് 2011 ൽ തുടക്കമിട്ട ശേഷം സൗദി അറേബ്യയിൽ മാത്രം തൊഴിൽ രംഗം ഏറെ മാറുകയും കുത്തകയാക്കിവെച്ചിരുന്ന പല മേഖലകളിൽനിന്നും വിദേശികൾ തൂത്തെറിയപ്പെടുകയും ചെയ്തു. അതു തുടരുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച തൊഴിൽ നിയമ ഭേദഗതി. വനിതാ ശാക്തീകരണവും തൊഴിൽ രംഗത്തെ സ്വദേശികളുടെ എണ്ണം ഉയർത്തുകയുമാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തിക മേഖലയിൽ വനിതാ ശാക്തീകരണവും വിവേചനവുമില്ലാതെ ബിസിനസ് ചെയ്യുന്നതിന് അവസരമൊരുക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് തൊഴിൽ നിയമത്തിലെ രണ്ടു വകുപ്പുകളാണ് റദ്ദാക്കിയത്. വനിതകളെ ജോലിക്കു വെക്കുന്നതിൽ സ്വകാര്യ മേഖലക്ക് കൂടുതൽ അവസരമൊരുക്കാൻ സഹായകമാവുന്നതാണ് ഭേദഗതി. ഇതുപ്രകാരം വനിതകൾക്ക് രാത്രിയിൽ ജോലി ചെയ്യാനും അപകടകരമായ ജോലികളിൽ പോലും വനിതകളെ നിയമിക്കാനും നിയമം അനുശാസിക്കുന്നു. അപകടകരവും ഹാനികരവുമായ ജോലികളിൽ വനിതകളെ ജോലിക്കു വെക്കുന്നതും രാത്രിയിൽ ജോലി ചെയ്യിപ്പിക്കുന്നതും ഇതുവരെ നിയമ വിരുദ്ധമായിരുന്നു. തൊഴിൽ നിയമത്തിലെ 149, 150 വകുപ്പുകൾ റദ്ദാക്കുകയും 186 ാം വകുപ്പ് ഭേദഗതി ചെയ്യുകയും 131 ാം വകുപ്പ് പുതുതായി ഉൾപ്പെടുത്തുകയും ചെയ്തതോടെ ഇതെല്ലാം മാറ്റപ്പെട്ടിരിക്കുകയാണ്.
ഖനികളിലും ക്വാറികളിലും വരെ വനിതകളെ ജോലിക്കു വെക്കാമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഏതു സമയത്തും ഏതു മേഖലകളിലും വനിതാ ജീവനക്കാരുടെ സാന്നിധ്യം സാധ്യമാക്കാൻ സഹായകമാകുന്നതാണ് ഈ ഭേദഗതികൾ. ഇതു വനിതാ ശാക്തീകരണം ശക്തിപ്പെടുത്തുന്നതോടൊപ്പം വനിതകളുടെ തൊഴിൽ സാധ്യതകൾ വർധപ്പിക്കുകയും ചെയ്യും.
മറ്റൊന്ന് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിൽ സൗദിവൽക്കരണം നിർബന്ധമാക്കുന്ന ഭേദഗതി നിർദേശമാണ്. ഉന്നത തസ്തികകളിൽ 75 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കുംവിധം 26 ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിന് ശൂറാ കൗൺസിൽ ഒരുങ്ങുകയാണ്. നിലവിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകൾ ഏതാണ്ട് പൂർണമായും വിദേശികളുടെ കൈകളിലാണ്. ശൂറാ കൗൺസിലിലെ നാല് അംഗങ്ങളാണ് ഭേദഗതി നിർദേശവുമായി രംഗത്തു വന്നിട്ടുള്ളത്. വിദേശങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കി നിരവധി സൗദി യുവതീ യുവാക്കളാണ് രാജ്യത്ത് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്കു പുറമെ രാജ്യത്തെ സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയും നിരവധി പേരാണ് എല്ലാ വർഷവും പുറത്തിറങ്ങുന്നത്.
തൊഴിൽ നേടി ഉന്നത പദവികളിൽ കഴിവ് തെളിയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവരെല്ലാം. ഇത്തരക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉന്നത തസ്തികകൾ സൗദിവൽക്കരിക്കൽ നിർബന്ധമാണെന്നാണ് ശൂറാ കൗൺസിൽ അംഗങ്ങളുടെ വാദം. ഉന്നത തസ്തികകൾ സ്വദേശിവൽക്കരിക്കുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമാവുമെന്നും ബാങ്ക്, ടെലികോം, ടൂറിസം കമ്പനികൾ പോലെയുള്ള സ്ഥാപനങ്ങൾ ഉന്നത തസ്തികകൾ സൗദിവൽക്കരിച്ചത് വൻ വിജയമാണെന്നും സൗദി ജീവനക്കാർ നേതൃപദവികൾ വഹിക്കുന്നതിലൂടെ മകിച്ച വളർച്ച കൈവരിക്കാൻ ഈ സ്ഥാപനങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നുമാണ് കരടു നിർദേശം ശൂറാ കൗൺസിലിന് സമർപ്പിച്ചുകൊണ്ട് അവർ ചൂണ്ടിക്കാണിക്കുന്നത്. താഴെ തട്ടിലുള്ള തൊഴിലുകൾ സൗദിവൽക്കരിക്കുന്നത് ശക്തിപ്പെടുത്തുന്നതിനും ഇതു സഹായിക്കുമെന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്.
ജനുവരി 14 മുതൽ എൻജിനീയറിംഗ് മേഖലയിൽ 20 ശതമാനം സൗദിവൽക്കരണം നടപ്പാക്കാൻ തീരുമാനിച്ചതും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികളിൽ പത്തു വർഷം കഴിഞ്ഞവരുടെ കരാർ അനിവാര്യമായ ഘട്ടത്തിലല്ലാതെ പുതുക്കരുതെന്ന തീരുമാനവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. സൗദി എൻജിനീയർമാരെ തൊഴിൽ വിപണിയിലേക്ക് ആകർഷിക്കുന്നതിനും ആകർഷകമായ തൊഴിൽ ലഭ്യമാക്കുന്നതിനും പരിശീലനങ്ങളിലൂടെ അവരെ പ്രാപ്തരാക്കുന്നതിനും തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ആദ്യ ഘട്ടത്തിൽ ഏഴായിരം സൗദി എൻജിനീയർമാർക്ക് തൊഴിൽ ലഭ്യമാകാൻ ഇതു സഹായിക്കും. ഇതിനർഥം ഇത്രയും വിദേശി എൻജിനീയർമാർ ആദ്യഘട്ടത്തിൽ തന്നെ തൊഴിൽ രഹിതരാവുമെന്നാണ് സൂചന.
അഞ്ചും അതിൽ കൂടുതലും എൻജിനീയർമാരെ ജോലിക്കു വെക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്. സൗദി എൻജിനീയർമാരുടെ മിനിമം വേതനം 7000 റിയാലിൽ കുറയാൻ പാടില്ലെന്നും അഞ്ചു വർഷത്തിൽ കുറവ് പരിചയ സമ്പത്തുള്ള വിദേശി എൻജിനീയർമാരെ നിയമിക്കരുതെന്നുമുള്ള വ്യവസ്ഥകളും വിദേശികളായ ഒട്ടേറെ എൻജിനീയർമാർ തൊഴിൽ കണ്ടെത്തിയിരുന്ന മേഖലയെയും പ്രതികൂലമായി ബാധിക്കുന്നതാണ്. വ്യാപര മേഖലകളുൾപ്പെടെ താഴെ തട്ടിലുള്ള സ്വദേശിവൽക്കരണം ഇതിനു പുറമേയാണ്. ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് ഉദ്യോഗാർഥികളൾക്ക് സ്വന്തം നാട്ടിൽ തൊഴിൽ ലഭ്യമാകും വിധത്തിലുള്ള പ്രവർത്തനങ്ങളിലായിരിക്കണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.