റിയാദ് - മെയ് 28ന് റിയാദില്‍ കാണാതായ തൃശൂര്‍ ചന്ദ്രാപ്പിനി സ്വദേശി തളിക്കുള മുഹമ്മദ് എന്ന സെയ്ദ് മുഹമ്മദ് (57) മരിച്ചതായി മന്‍ഫൂഹ പോലീസ് അറിയിച്ചു. വിരലടയാളം ഉപയോഗിച്ച് വ്യക്തിയെ തിരിച്ചറിഞ്ഞെങ്കിലും ബന്ധുക്കളാരുമെത്താതിനാല്‍ മൂന്നു മാസത്തിന് ശേഷം ഓഗസ്റ്റ് 30 ന് മന്‍സൂരിയ ഖബര്‍സ്ഥാനില്‍ ഖബറടക്കി. മറ്റൊരു മരണകേസുമായി ഇന്ന് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസ് റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സി്ദ്ദീഖ് തുവ്വൂരിനെ ഇക്കാര്യമറിയിച്ചത്.
പനി ബാധിച്ച് ശുമൈസി ആശുപത്രിയില്‍ മെയ് 28ന് ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് കാണ്‍മാനില്ലെന്ന വാര്‍ത്തയെത്തിയത്. സഹോദരപുത്രനായ മുഹമ്മദ് അനൂപും സാമൂഹിക പ്രവര്‍ത്തകരും വിവിധ ആശുപത്രികളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
എന്നാല്‍ ഇദ്ദേഹം റൂമില്‍ വെച്ചാണ് മരിച്ചതെന്നും അജ്ഞാത മൃതദേഹമായി ശുമൈസി ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചെന്നും പിന്നീട് വിരലടയാളമെടുത്ത് ആളെ തിരിച്ചറിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇക്കാര്യം ഇന്ത്യന്‍ എംബസിയെയും സാമൂഹിക പ്രവര്‍ത്തകരെയും അറിയിച്ചതാണ്. പക്ഷേ ഫലമുണ്ടായില്ലെന്നും ഒടുവില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഖബറടക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചതായി സിദ്ദീഖ് പറഞ്ഞു. എന്നാല്‍ ഇദ്ദേഹം കമ്പനിയുടെ താമസസ്ഥലത്ത് എത്തിയിരുന്നില്ല.
സുലൈയിലെ ഫുഡ് കമ്പനി സെയില്‍മാനായ ഇദ്ദേഹം 30 വര്‍ഷത്തോളം സൗദിയിലുണ്ട്. ഭാര്യ: ഫഹ്മീദ. മക്കള്‍: ശിഫ, ഫഹീമ. ഫഹദ്. മയ്യിത്തുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാന്‍ മുഹമ്മദ് അനൂപിനെ സഹായിക്കാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.