Sorry, you need to enable JavaScript to visit this website.

മാവോയിസ്റ്റ് കേസ്: അലനും താഹക്കും ജാമ്യം;കർശന വ്യവസ്ഥകൾ

കൊച്ചി- പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലനും താഹയ്ക്കും എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. സി.പി.ഐ മാവോയിസ്റ്റ് സംഘടനയുമായി ഒരു തരത്തിലും ബന്ധം പുലർത്താൻ പാടില്ല എന്നതടക്കമുള്ള നിർദ്ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചത്. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ജാമ്യമായി നിൽക്കണം. പാസ്‌കോർട്ട് സറണ്ടർ ചെയ്യണം. ഒരു മാസത്തിലെ ആദ്യ ശനിയാഴ്ച സ്‌റ്റേഷനിൽ ഹാജരായി ഒപ്പുവെക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് സമർപ്പിക്കണം എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അറസ്റ്റ് ചെയ്ത് പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായ ശേഷം മൂന്ന് തവണ ഇരുവരും ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലും എൻ.ഐ.എ കോടതിയിലും ഹൈക്കോടതിയിലുമായിരുന്നു ജാമ്യത്തിനായി ഹരജി സമർപ്പിച്ചത്. എന്നാൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു.
ഏപ്രിൽ 27 ന് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് അലനും താഹയും വീണ്ടും കൊച്ചി എൻ.ഐ.എ കോടതിയിൽ ജാമ്യത്തിനായി ശ്രമിച്ചത്. കഴിഞ്ഞ ദിവസം കേസിൽ വിശദമായ വാദം കേട്ടിരുന്നു. അതിന് ശേഷമാണ് ഇന്ന് വിധിയുണ്ടായിരിക്കുന്നത്. താഹയുടെ ശബ്ദപരിശോധന കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ നടന്നിരുന്നു. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് റെക്കോർഡ് ചെയ്തിരുന്നു. അത് താഹയുടെ ശബ്ദം തന്നെയാണോ എന്ന് തെളിയിക്കുന്നതിന് വേണ്ടിയുള്ള വാദപ്രതിവാദങ്ങളായിരുന്നു കോടതിയിൽ നടന്നത്. ഇന്ന് അതിൽ അന്തിമ വാദം കേട്ടശേഷമാണ് കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്. 2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട പന്തീരങ്കാവിലെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെ അലനേയും താഹയേയും അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ലഘുലേഖയും ബാനറും വീട്ടിൽ നിന്ന് കണ്ടെടുത്തെന്നായിരുന്നു പോലീസ് പറഞ്ഞത്.
 

Latest News