മനാമ- പ്രവാസികളുടെ മടക്കയാത്ര സുഗമമാക്കുന്ന എയര്‍ ബബ്ള്‍ കരാറില്‍ ഇന്ത്യയും ബഹ്റൈനും ഒപ്പുവെച്ചു. വിമാനക്കമ്പനികളുടെ സര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടി തീരുമാനമായാല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. എയര്‍ ബബ്ള്‍ കരാര്‍ ഒപ്പിട്ടതായി ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്. യാത്രാ നിബന്ധനകള്‍ സംബന്ധിച്ചും അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിസ കാലാവധി കഴിയാറായി ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാകും. എയര്‍ ബബ്ള്‍ അനുസരിച്ച് ബഹ്റൈന്‍, ജി.സി.സി പൗരന്മാര്‍ക്ക് പുറമെ റസിഡന്റ് വിസ, ഇ വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയുള്ളവര്‍ക്കും ബഹ്‌റൈനിലേക്ക് വരാം. ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വരാം. എല്ലാ യാത്രക്കാരില്‍ നിന്നും പി.സി.ആര്‍ ടെസ്റ്റിന് 60 ദിനാര്‍ ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബി അവെയര്‍ ആപ്പ് വഴിയോ വിമാനത്താവളത്തിലെ കിയോസ്‌കിലോ പണം അടക്കാവുന്നതാണ്.
ഇന്ത്യയുമായി എയര്‍ബബ്ള്‍ കരാര്‍ ഒപ്പുവെക്കുന്ന എട്ടാമത്തെ രാഷ്ട്രമാണ് ബഹ്‌റൈന്‍. കരാര്‍ ഒപ്പുവെച്ച രാഷ്ട്രങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ ഇന്ത്യന്‍ മിഷനിലോ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. യാത്രക്കായി നേരിട്ട് എയര്‍ലൈന്‍സുകളില്‍ ടിക്കറ്റ് ബുക്കു ചെയ്യാം.
ബഹ്‌റൈനു പുറമേ, യു.എ.ഇ, യു.എസ്, യു.കെ, ഫ്രാന്‍സ്, കനഡ, ജര്‍മനി, ഖത്തര്‍, തായ്‌ലാന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളുമായും ഇന്ത്യക്ക് എയര്‍ബബ്ള്‍ കരാര്‍ ഉണ്ട്.