Sorry, you need to enable JavaScript to visit this website.

ഓൺലൈൻ പഠനത്തിലെ 'അൺലൈക്കു'കൾ

കോവിഡ് ലോക്ഡൗൺ കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ ചെറുതല്ല. മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ പ്രവർത്തിക്കുന്ന പീസ് പബ്ലിക് സ്‌കൂളിന് നേരെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത് ഈ പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ്. കോവിഡ് മഹാമാരി വിദ്യാഭ്യാസ രീതിയിലുണ്ടാക്കിയ ഘടനാമാറ്റത്തോടും അതിനോട് മാനേജ്‌മെന്റുകൾ എടുക്കുന്ന സമീപനങ്ങളോടും സ്വകാര്യ മേഖലയിലെ വിദ്യാർഥികളുടെ കുടുംബങ്ങൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സാമ്പത്തിക മേഖലയിലുള്ള മാന്ദ്യം മൂലം സ്വകാര്യ സ്‌കൂളുകളിലെ ഉയർന്ന ഫീസ് താങ്ങാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ല എന്നതാണ് ഇപ്പോൾ പൊതുവിൽ ഉയർന്നിട്ടുള്ള പ്രതിഷേധങ്ങളുടെ കാതൽ.
കോട്ടക്കൽ പീസ് സ്‌കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾ കഴിഞ്ഞ ദിവസം സ്‌കൂൾ കവാടത്തിന് മുന്നിൽ പരസ്യമായ പ്രതിഷേധമാണ് നടത്തിയത്. സ്ത്രീകൾ ഉൾെപ്പടെയുള്ള രക്ഷിതാക്കൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയും മാനേജ്‌മെന്റിനെതിരെ ഒപ്പു ശേഖരണം നടത്തുകയും ചെയ്തു. ഇവിടെയും ഉയർന്ന ഫീസ് തന്നെയാണ് പ്രധാന പ്രശ്‌നമെങ്കിലും അതോടൊപ്പം മാനേജ്‌മെന്റ് ഘടനയിൽ വന്നിട്ടുള്ള മാറ്റവും പ്രതിഷേധത്തിന് ഇടയാക്കി. 


പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ എം.എം.അക്ബർ നേതൃത്വം നൽകുന്ന പീസ് ഫൗണ്ടേഷന്റെ കീഴിൽ പ്രാദേശിക മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ച വിദ്യാലയമാണ് കോട്ടക്കൽ പീസ് പബ്ലിക് സ്‌കൂൾ. പീസ് ഫൗണ്ടേഷൻ അവരുടെ കരിക്കുലവും ബോധന രീതിയും സ്‌കൂളിന് നൽകുകയും അത് നടപ്പാക്കാനാവശ്യമായ മാർഗനിർദേശവും പരിശീലനവും ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. പത്തുവർഷം ഈ പരിശീലനം ലഭിക്കുന്നതോടെ വിദ്യാലയം സ്വന്തം നിലയിൽ മുന്നോട്ടു പോകാൻ പ്രാപ്തമാകുകയും അതോടെ ഫൗണ്ടേഷനുമായുള്ള ബന്ധം അവസാനിക്കുകയും ചെയ്യും. ഫൗണ്ടേഷനും മാനേജ്‌മെന്റ് കമ്മിറ്റിയും തമ്മിലുള്ള ഈ കരാർ പക്ഷേ, ഭൂരിപക്ഷം രക്ഷിതാക്കൾക്കും അറിവുള്ളതല്ല. എം.എം.അക്ബറിലും പീസ് ഫൗണ്ടേഷനിലും ആകൃഷ്ടരായി കുട്ടികളെ ഈവിദ്യാലയത്തിൽ ചേർത്തവരുണ്ട്. എന്നാൽ ഈ വിദ്യാലയത്തിന് പീസ് ഫൗണ്ടേഷനുമായി ഇപ്പോൾ ബന്ധമൊന്നുമില്ലെന്നാണ് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് വഞ്ചനയാണെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു. 


വിദ്യാലയത്തിലെ ഉയർന്ന ഫീസ് ഘടനയും കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി മൂലം അത് നൽകാൻ രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നതുമാണ് ഇപ്പോഴുണ്ടായിട്ടുള്ള പ്രതിഷേധങ്ങളുടെ പ്രത്യക്ഷ കാരണം. ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയതോടെ മാനേജ്‌മെന്റിന് പല വിധത്തിലുള്ള ചെലവുകളും ഒഴിവായിരിക്കുകയാണെന്നും അതിനാൽ ഫീസിൽ ഇളവു നൽകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഫീസിൽ ഇളവില്ലെന്ന് മാത്രമല്ല, കൃത്യസമയത്ത് തന്നെ അത് അടയ്ക്കണമെന്ന് മാനേജ്‌മെന്റ് കർശന നിലപാടെടുക്കകുയും ചെയ്തു. ഫീസ് നൽകാത്ത കുട്ടികൾക്ക് ഓൺലൈൻ സേവനം നിർത്തിലാക്കുകയും ചെയ്തു. സ്‌കൂളിൽ പി.ടി.എ സംവിധാനം മാനേജ്‌മെന്റ് അനുവദിക്കുന്നില്ലെന്ന പരാതിയും രക്ഷിതാക്കൾ ഉയർത്തുന്നുണ്ട്. കോട്ടക്കലിലെ വിദ്യാലയത്തിന്റെ മാനേജ്‌മെന്റും അവിടുത്തെ രക്ഷിതാക്കളും നേരിടുന്ന പ്രശ്‌നങ്ങൾ ഒറ്റപ്പെട്ടതല്ല. കോവിഡ് കാലത്ത് വിദ്യാഭ്യാസ രീതിയിൽ വന്ന മാറ്റം പല വിദ്യാലയങ്ങളിലും പ്രശ്‌നങ്ങൾ രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. ക്ലാസുകൾ ആരംഭിച്ച് നാലു മാസം പിന്നിടുന്നതോടെ സ്‌കൂളുകൾ വർഷപാദ ഫീസുകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പല രക്ഷിതാക്കൾക്കും ഇത് നൽകുന്നതിനുള്ള സാമ്പത്തിക സാഹചര്യമല്ല ഉള്ളത്. ഫീസിൽ ഇളവു വേണമെന്ന ആവശ്യം ഒട്ടുമിക്ക വിദ്യാലയങ്ങളിലും രക്ഷിതാക്കൾ ഉയർത്തുന്നുമുണ്ട്. അതേ സമയം അധ്യാപകർ ജോലിയെടുക്കുന്നുണ്ടെന്നും അവർക്ക് ശമ്പളം നൽകേണ്ടതുണ്ടെന്നും മാനേജ്‌മെന്റുകൾ പറയുന്നു. കോവിഡ് കാലം നീണ്ടുപോയാൽ വിദ്യാലയങ്ങളിൽ മാനേജ്‌മെന്റുകളും രക്ഷിതാക്കളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതകൾ വർധിക്കുകയാണ്.


മഹാമാരിയുടെ കാലത്ത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുനഃസംഘടന നടന്നിരിക്കുകയാണ്. ജോലി സ്ഥലങ്ങൾ ഇല്ലാതാകുകയും വർക്ക് അറ്റ് ഹോം വ്യാപകമാകുകയും ചെയ്തു. വ്യാപാരം വലിയ തോതിൽ ഓൺലൈനിലേക്ക് മാറി. ഇത്തരത്തിൽ വിദ്യാഭ്യാസ മേഖലയിൽ അനുവർത്തിച്ച മാറ്റം ഗുണകരമായോ എന്ന ചിന്തകൾ ഉയർന്നിട്ടുണ്ട്. 
രണ്ടു രീതിയിലാണ് ഇക്കാലത്ത് വിദ്യാഭ്യാസം മുന്നോട്ടു പോകുന്നത്. പൊതുമേഖലയിൽ കേന്ദ്രീകൃത ഓൺലൈൻ പഠനവും സ്വകാര്യ മേഖലയിൽ വികേന്ദ്രീകൃത പഠന രീതിയും. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി കേന്ദ്രീകൃതമായി ക്ലാസുകൾ നൽകുന്നു. ഇത് വിദ്യാഭ്യാസ വകുപ്പിനും വിദ്യാർഥികൾക്കും എറെ സൗകര്യപ്രദവും മികവുറ്റതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സർക്കാരിന് ഇത്തരമൊരു സംവിധാനം വേഗത്തിൽ ഒരുക്കാൻ കഴിഞ്ഞത് രണ്ട് കാര്യങ്ങൾ കൊണ്ടാണ്. ഒന്നാമതായി കേന്ദ്രീകൃതമായ സിലബസ്. രണ്ടാമതായി സ്വന്തമായി വിക്ടേഴ്‌സ് പോലെ ഒരു പഠന മാധ്യമം.


ഈ രണ്ട് കാര്യങ്ങളും സ്വകാര്യ വിദ്യാലയങ്ങൾക്കില്ല എന്നത് ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളുടെ മൂലകാരണമാണ്. സി.ബി.എസ്.ഇ അംഗീകാരത്തോടെ പ്രവർത്തിക്കുന്നവയാണ് സ്വകാര്യ വിദ്യാലയങ്ങളിൽ ഭൂരിഭാഗവും. എന്നാൽ സി.ബി.എസ്.ഇയുടെ പഠനരീതികൾ അപ്പാടെ പിന്തുടരുന്നവരല്ല ഈ വിദ്യാലയങ്ങൾ. സ്വാകാര്യ പ്രസിദ്ധീകരണ കമ്പനികളുടെ പാഠപുസ്തകങ്ങളാണ് ഈ വിദ്യാലയങ്ങൾ പിന്തുടരുന്നത്. പല വിദ്യാലയങ്ങളിൽ പല പുസ്തകങ്ങൾ എന്നതാണ് രീതി. സ്വകാര്യ സ്‌കൂളുകളിലെ പുസ്തക വിപണയിലൂടെ തടിച്ചു കൊഴുത്ത പ്രസിദ്ധീകരണ സ്ഥാപനങ്ങൾ മാനേജ്‌മെന്റുകൾക്ക് ഉയർന്ന കമ്മീഷൻ നൽകിയാണ് പുസ്തകങ്ങൾ വിദ്യാലയങ്ങളിലൂടെ വിറ്റഴിച്ചുകൊണ്ടിരുന്നത്. മാനേജ്‌മെന്റുകളുടെ ആർത്തിക്കനുസരിച്ച് വില കൂടിയ പുസ്തകങ്ങൾ വിദ്യാർഥികളെക്കൊണ്ട് നിർബന്ധപൂർവം വാങ്ങിപ്പിക്കുന്നു. 


സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള വിവിധ വസ്തുക്കളുടെ സൂപ്പർ മാർക്കറ്റുകൾ കൂടി ആയി മാറിയത് നേരത്തെ തന്നെ വിമർശിക്കപ്പെട്ടതാണ്. ഇത്തരത്തിൽ കേന്ദ്രീകൃതമായ പാഠ്യപദ്ധതിയില്ലാത്തതിനാൽ ഓരോ വിദ്യാലയവും ഓരോ പുസ്തകങ്ങൾ പിന്തുടരുന്നത് ഓൺലൈൻ വിദ്യാഭ്യാസത്തിൽ കേന്ദ്രീകൃതമായ ക്ലാസുകളുടെ സാധ്യതകൾ ഇല്ലാതാക്കി. ഇതോടെ ഓരോ സ്‌കൂളിനും സ്വന്തം നിലയിലുള്ള ഓൺലൈൻ സംവിധാനങ്ങൾ ആവശ്യമായി വരികയും ഇത് ചെലവുകൾ വർധിപ്പിക്കുകയും ചെയ്തു.
സി.ബി.എസ്.ഇ വിദ്യാലയങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പൊതുവേദി ഇല്ല എന്നത് സാങ്കേതികമായ പോരായ്മയാണ്. സംസ്ഥാന സർക്കാരിന്റേത് പോലെ പൊതുവായ പാഠ്യപദ്ധതിയും ചാനലും ഉണ്ടായിരുന്നെങ്കിൽ കുട്ടികൾക്ക് അത് കൂടുതൽ സൗകര്യപ്രദവും ചെലവു കുറഞ്ഞതും ആകും. കോവിഡ് കാലത്ത് ഉയർന്നു വന്നിട്ടുള്ള പ്രതിഷേധങ്ങൾ ഇല്ലാതാക്കാൻ ഇത് ഉപകരിക്കും.
വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരുകളുടെ ദീർഘവിക്ഷണത്തോടെയുള്ള നയങ്ങൾ കോവിഡ് കാലത്ത് ഏറെ ഉപകാരപ്രദമായി എന്ന് വേണം വിലയിരുത്താൻ. ഒറ്റക്കൊറ്റക്ക് വലിയവരാകാൻ മൽസരിക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്ക് ലൈസൻസ് നൽകുന്ന സി.ബി.എസ്.ഇക്ക് ഈ ദീർഘവീക്ഷണമില്ലാതെ പോയതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നത് വിദ്യാർഥികളും രക്ഷിതാക്കളുമാണ്. 


ഈ പ്രശ്‌നം പരിഹരിക്കണമെങ്കിൽ ചെറുതും വലുതമായ സ്വകാര്യ വിദ്യാലയങ്ങളെ ശക്തമായ ചരടിൽ കോർത്ത് പൊതുവായ വേദികൾ സി.ബി.എസ്.ഇ തയാറാക്കണം. പരീക്ഷകൾക്ക് ഉപയോഗിക്കുന്ന പാഠപുസ്തകങ്ങൾ ദേശീയ വിദ്യാഭ്യാസ ഗവേഷണ കൗൺസിലിന്റേതു മാത്രമായിരിക്കണമെന്ന നിർദേശം കർശനമായി പാലിക്കണം. സ്വകാര്യ പ്രസിദ്ധീകരണ കമ്പനികളുടെയും വിദ്യാഭ്യാസ സേവന ദാതാക്കളുടെയും വലയിൽ നിന്നും സ്‌കൂളുകളെ മോചിപ്പിക്കാനും കഴിയണം. കെട്ടിടങ്ങളുടെ സൗന്ദ്യര്യവും യൂനിഫോമിന്റെ ഭംഗിയുമല്ല വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അളക്കാനുള്ള മാനദണ്ഡം. കൊട്ടിഘേഷിക്കപ്പെടുന്ന സൗകര്യങ്ങൾ പഠന നിലവാരത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ലെന്നാണ് അനുഭവം. പഠനത്തിന്റെ ഗുണനിലവാരത്തിലേക്കായിരിക്കണം മാനേജ്‌മെന്റുകളുടെ ലക്ഷ്യം. അല്ലാതെ പുറംപൂച്ചുകളിലേക്കും ഉയർന്ന ഫീസ് നിരക്കുകളിലേക്കുമായിരിക്കരുത്.

Latest News