മലപ്പുറം-സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ കാസർകോട് മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീനോട് വിശദീകരണം നൽകാൻ മുസ്്‌ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. വ്യാഴാഴ്ച പാണക്കാട് നേരിട്ടെത്തി പാർട്ടി പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് വിശദീകരണം നൽകാനാണ് നിർദേശം നൽകിയിട്ടുള്ളത്. ബിസിനസിലേക്ക് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് പ്രാദേശിക ലീഗ് നേതാക്കളിൽ നിന്നു തന്നെ വിമർശനമുയർന്ന സാഹചര്യത്തിലാണ് പാർട്ടി നേതൃത്വത്തിന്റെ നടപടി.
ആരോപണത്തിന്റെ നിജസ്ഥിതി എം.എൽ.എയിൽ നിന്നു തന്നെ നേരിട്ട് കേട്ടശേഷം ആവശ്യമായ നടപടിയെടുക്കാമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. പണം വാങ്ങി വഞ്ചിച്ചതല്ലെന്നും ബിസിനസിലുണ്ടായ തകർച്ച മൂലം പണം നഷ്ടപ്പെട്ടതെന്നുമാണ് മുസ്‌ലിം ലീഗ് ഇക്കാര്യത്തിൽ എടുത്തിട്ടുള്ള നിലപാട്. എന്നാൽ എം.എൽ.എക്കെതിരെ പോലീസ് അന്വേഷണം സജീവമാകുകയും പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനങ്ങൾ ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പരാതികളുടെ നിജസ്ഥിതി എന്താണെന്നാണ് ഖമറുദ്ദീനിൽ നിന്ന് ചോദിച്ചറിയുക. അദ്ദേഹത്തിന്റെ വിശദീകരണം കേട്ടശേഷം പാർട്ടി നേതാക്കൾ ചർച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം അറിയിക്കുക.
ജ്വല്ലറിയുടെ പേരിൽ പലരിൽ നിന്നായി പണം വാങ്ങി വഞ്ചിച്ചെന്നാണ് എം.എൽ.എ.ക്കെതിരെ ഉയർന്നിട്ടുള്ള പരാതി. 12 പരാതികളാണ് പോലീസിൽ ലഭിച്ചിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം ക്രൈംബ്രാഞ്ചിനു കൈമാറി. ഇതിനിടെ ഇന്നലെ എം.എൽ.എയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത് മുസ്‌ലിം ലീഗിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നടപടികളുമായി പോലീസ് മുന്നോട്ടു പോകുമ്പോൾ പാർട്ടി നേതൃത്വത്തിന് ഇക്കാര്യത്തിൽ ഇക്കാര്യത്തിൽ വേഗത്തിൽ നിലപാട് എടുക്കേണ്ടി വരും.