റിയാദ് - ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ യെമനിൽനിന്ന് തൊടുത്തുവിട്ട, സ്‌ഫോടക വസ്തുക്കൾ നിറച്ച രണ്ടു പൈലറ്റില്ലാ വിമാനങ്ങൾ സഖ്യസേന വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഡ്രോണുകളിൽ ഒന്ന് ഇന്നലെ പുലർച്ചെയാണ് തകർത്തത്. ദക്ഷിണ സൗദിയിൽ സിവിലിയന്മാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് തൊടുത്തുവിട്ട ഡ്രോൺ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിടുകയായിരുന്നു.
ഞായറാഴ്ച രാത്രി മറ്റൊരു പൈലറ്റില്ലാ വിമാനവും സഖ്യസേന വെടിവെച്ചിട്ടിരുന്നു. സൗദിയിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന് ഹൂത്തികൾ തൊടുത്തുവിട്ട, സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം യെമൻ വ്യോമ മേഖലയിൽ വെച്ചാണ് സഖ്യസേന തകർത്തതെന്ന് കേണൽ തുർക്കി അൽമാലികി പറഞ്ഞു.