മദീന- നഗരത്തിലെ വില്ല കേന്ദ്രീകരിച്ച് അനധികൃത ചികിത്സ നടത്തിയ സൗദി വനിതയെ സുരക്ഷാ വകുപ്പുകളുടെ സഹായത്തോടെ അറസ്റ്റ് ചെയ്തതായി മദീന പ്രവിശ്യ ആരോഗ്യ വകുപ്പ് അറിയിച്ചു. വൈദ്യുതിയും ശബ്ദവും ഉപയോഗിച്ചുള്ള ചികിത്സയാണ് ഇവർ നടത്തിയിരുന്നത്. ഈ ചികിത്സാ രീതിക്ക് സൗദിയിൽ അംഗീകാരമില്ല.
നിയമ, നിർദേശങ്ങൾ ലംഘിച്ച് എനർജി, സൗണ്ട് തെറാപ്പി നടത്തുന്ന സൗദി വനിതയെക്കുറിച്ച് ആരോഗ്യ വകുപ്പിന് പരാതി ലഭിക്കുകയായിരുന്നെന്ന് മദീന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമ ലംഘകയെ പിടികൂടുന്നതിന് പബ്ലിക് പ്രോസിക്യൂഷനുമായും പൊതുസുരക്ഷാ വകുപ്പുമായും ഏകോപനം നടത്തി ആരോഗ്യ വകുപ്പ് പദ്ധതി തയാറാക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് മദീനാ ആരോഗ്യ വകുപ്പ് അനധികൃത ചികിത്സാ കേന്ദ്രം റെയ്ഡ് ചെയ്തത്.
പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഉപകരണങ്ങളും രോഗികളെ കിടത്തി പരിശോധിക്കുന്നതിനുള്ള മെഡിക്കൽ ബെഡും വ്യത്യസ്ത ഇനം എണ്ണകളും മറ്റും ഇവിടെ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത വനിതയെ തുടർ നടപടികൾക്ക് സുരക്ഷാ വകുപ്പുകൾക്ക് കൈമാറി. വ്യാജ വൈദ്യന്മാരുമായും ചികിത്സകരുമായും സഹകരിക്കരുതെന്ന് മദീനാ ആരോഗ്യ വകുപ്പ് എല്ലാവരോടും ആവശ്യപ്പെട്ടു.