തൃശൂർ - സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വ്പന സുരേഷിനെ നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് അഞ്ച് മണിയോടെയാണ് ഇവരെ ജയിലിൽ നിന്നും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. തുടർന്ന് നടത്തിയ ഇ.സി.ജി പരിശോധനയിൽ നേരിയ വ്യത്യാസം കണ്ടതിനെ തുടർന്ന് വിദഗ്ദ ചികിത്സയുടെ ഭാഗമായി കാർഡിയോളജി വിഭാഗത്തിലെ മുതിർന്ന ഡോക്ടർ എത്തി പരിശോധന നടത്തുകയും അത്യാഹിത വിഭാഗത്തിലെ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിൽ നിരിക്ഷണത്തിൽ ആക്കുകയും ചെയ്തു. തുടർന്ന് നടത്തിയ വിവിധ ലാബ് പരിശോധനകൾക്ക് ശേഷം രാത്രി ഒമ്പതുമണിയോടെ ഇവരെ മെഡിസിൻ വിഭാഗത്തിലെ വാർഡ് 16 ലെ വനിത ജയിൽ തടവുകാർക്കുള്ള ജയിൽ സെല്ലില്ലക്ക് മാറ്റി. കാർഡിയോളജി വിഭാഗത്തിലെ ഐ.സി.യുവിൽ സുരക്ഷയുടെ ഭാഗമായി അഡ്മിറ്റാക്കാൻ ആദ്യം നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും വിദഗ്ദ പരിശോധനയിൽ അതിന്റെ ആവശ്യം ഇല്ലെന്ന് മുതിർന്ന ഡോക്ടർമാർ അറിയിക്കുകയായിരുന്നു. നിലവിൽ 16-ാം വാർഡിൽ രോഗികളുടെ എണ്ണം കുറവാണ്. ജയിൽ സെല്ലിൽ ടോയ്‌ലറ്റ് സൗകര്യമില്ലാത്തു മൂലം അൽപം മാറിയുള്ള പൊതു ശൗചാലയത്തെയാണ് ആശ്രയിക്കേണ്ടത്. ഇത് സുരക്ഷ പ്രശ്‌നത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ ആവശ്യമായ നടപടികളെടുക്കാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പതിനാറാം വാർഡിൽ തന്നെ അഡ്മിറ്റാക്കി.
മെഡിക്കൽ കോളേജ് പോലീസ് എസ്.എച്ച്.ഒ പി.പി.ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഒരു എസ്.ഐയുടെ നേതൃത്വത്തിൽ വനിതാപോലീസ് അടക്കം ആറുപേരാണ് സ്വപനയുടെ കാവലിനുള്ളത്. ഇന്നുരാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് തുടർചികിത്സാനടപടികളെ സംബന്ധിച്ച് തീരുമാനമെടുക്കും.
പോലീസ് കാവലിൽ വാർഡിലെത്തിയ പുതിയ രോഗിയെ കാണാൻ ആശുപത്രിയിലെയും വാർഡിലേയും ആളുകൾ എത്തിയിരുന്നു. സ്വപ്‌നയാണെത്തിയതെന്നറിഞ്ഞപ്പോൾ കോവിഡ് കാരണമാണെന്ന ഭയത്താൽ പലരും സ്ഥലം വിടുകയും ചെയ്തു.