അന്നൊന്നും ഡിജിപിമാർ ഉണ്ടായിരുന്നില്ല. ഒരൊറ്റ ഐജി. ഒന്നോ രണ്ടോ ഡിഐജിമാർ. ഓരോ ജില്ലയിലും ഓരോ സൂപ്രണ്ട്. ഒരിക്കലും ഐജി ആയി ഉയരാൻ ഇടയില്ലാത്ത ഏതാനും ഡിവൈഎസ്പിമാർ. പിന്നെ അങ്ങനെ താഴോട്ടു നീളുന്നു നിയമപാലന നിര.
കഴിഞ്ഞ ദിവസം രണ്ടു പേരെ ഡിജിപിമാരായി നിയമിച്ചു. രണ്ടു പേർ അടുത്തൂൺ പറ്റിയ ഒഴിവിലായിരുന്നു അവരുടെ ഉദയം. അവരിൽ ഒരാൾ സ്ത്രീ ആയിരുന്നു. പുരുഷൻ മാത്രം കവാത്തു നടത്താൻ യോഗ്യനായി കരുതപ്പെട്ടിരുന്ന കാലം എന്നേ കഴിഞ്ഞു. ഡിജിപി ആകാൻ തക്കം പാർത്തിരിക്കുന്ന എഡിജി.പിമാരിലും ഒന്നോ രണ്ടോ സ്ത്രീകൾ കാണും.
നിലവിൽ എത്ര ഡിജിപി മാരും എഡിജിപിമാരും ഉണ്ടെന്നു കണക്കാക്കാൻ അന്വേഷണം വേണ്ടിവരും. എഡിജിപിയും ഡിജിപിയും തമ്മിലുള്ള അധികാരത്തിന്റെ വരമ്പ് ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസ്സിലാവില്ല. ഐജിമാർ പലരായപ്പോൾ പലർക്കും പലതായി ദൗത്യം. നിയമവും ക്രമവും പാലിക്കാൻ ഒരാൾ. ബാക്കിയുള്ളവർ അപസർപ്പക ശാഖ, വനസംരക്ഷണം, നികുതി പിരിവ്, അഗ്‌നിസേന, പരിശീലന വിഭാഗം തുടങ്ങിയവയുടെ ചുമതലക്കാരായി. എഡിജിപിമാർക്കും ഡിജിപിമാർക്കും ആ തൊഴിൽ തിരിവ് ബാധകമായി. തൊഴിൽ പകുത്തത് ചെയ്യുന്ന ആളുകളുടെ എണ്ണം തികയാഞ്ഞതുകൊണ്ടോ കുറ്റകൃത്യങ്ങൾ കൂടിയതുകൊണ്ടോ എന്ന ചർച്ച ഇന്നോ നാളെയോ തീരുന്നതല്ല.
നമ്മുടെ ആദ്യത്തെ ഡിജിപി ടിഎ എസ് അയ്യർ ആയിരുന്നു. ആരെയും ദ്രോഹിക്കാതെ, അറിയപ്പെടാതെ പോയ ഒരാൾ. ഒരു ദിവസം അദ്ദേഹത്തെ ഐ ജി അല്ലാതാക്കി, ഡി ജി പി ആയി കൊച്ചാക്കുകയായിരുന്നു സർക്കാർ. പിന്നെ ഐ ജി മാരുടെയും ഡി ജി പിമാരുടെയും ജനസംഖ്യ വർദ്ദിച്ചുകൊണ്ടേ പോയി. ആനുപാതികമായി കൂടുതൽ പേർ കള്ളന്മാരും കൊള്ളിവെപ്പുകാരുമായോ എന്നു പറയാൻ വയ്യ.
അയ്യർക്കു ശേഷം ഐ ജി ആയ സുബ്രഹ്മണ്യം ക്രമപാലനത്തിലും ടെന്നിസിലും ഊർജസ്വലനായിരുന്നു. ഡി ജി പി ആയേ അദ്ദേഹം പിരിഞ്ഞുള്ളൂ. പിരിഞ്ഞ ശേഷം ഓർമക്കുറിപ്പ് എഴുതി. അബ്ദുന്നാസർ മഅ്ദനി ഉദിച്ചുയരുന്ന കാലത്ത് ഏതോ കേസിൽ അദ്ദേഹത്തെ പിടികൂടാൻ താൻ കൊടുത്ത കൽപന ഒരു എസ് പി അനുസരിക്കാതിരുന്ന കഥയും സുബ്രഹ്മണ്യം ഉരുക്കഴിക്കുകയുണ്ടായി. മലയാളത്തിലായതുകൊണ്ടാകാം, പിന്നീട് ഇറങ്ങിയ എൻ. കൃഷ്ണൻ നായരുടെ പോലീസ് പർവം കൂടുതൽ രസനീയമായി.
വി. എൻ രാജന്റെ പുസ്തക ഭ്രമം ആത്മകഥയിൽ ഒതുങ്ങിയില്ല. മറ്റുള്ളവർ എഴുതിയ പുസ്തകങ്ങളും വായിച്ചു തള്ളുന്ന പോലീസ് മേധാവിയായിരുന്നു അദ്ദേഹം. ഇടക്കിടെ ആകാശവാണിയിലൂടെ പുസ്തക നിരൂപണവും നടത്തി. പോലീസ് രാജിന്റെ ലക്ഷണമൊത്ത പ്രകടനം കണ്ട അടിയന്തരാവസ്ഥ തീരും വരെ രാജൻ സൈ്വരമായി കഴിഞ്ഞു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ പുറത്തു വരാൻ തുടങ്ങിയപ്പോൾ രാജന്റെ സൈ്വരം കെട്ടു. അദ്ദേഹത്തിനോ അദ്ദേഹത്തിന്റേയും ബോസായ ആഭ്യന്തര സെക്രട്ടറിക്കോ രോമാഞ്ചം ഉണ്ടാക്കുന്നതായിരുന്നില്ല മറ്റൊരു രാജന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഉന്നയിച്ച പരാമർശം.
ഐ. ജി അല്ലെങ്കിൽ ഡി. ജി. പി ഒന്നായിരുന്നപ്പോൾ അവരുടെ ചുമതല ക്രമപാലനത്തിലും ബന്ധപ്പെട്ട അന്വേഷണത്തിലും ഒതുങ്ങിനിന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്രമം പാലിക്കാൻ വേണ്ടതിലധികം ഐ ജി/ഡി ജി പിമാർ ഉണ്ടായതുകൊണ്ട് അവരെ സ്ഥാപിക്കാൻ വേറെ ഇടങ്ങൾ വേണ്ടി വന്നു. പഴയ ഹോം ഗാർഡിനും അഗ്‌നിസേനക്കും വനപരിരക്ഷക്കും അപ്പുറം, സേനാ നവീകരണത്തിനും കംപ്യൂട്ടർവൽക്കരണത്തിനും ഭവന നിർമാണത്തിനുമപ്പുറം, ചില പൊതുമേഖലാ സ്ഥാപനങ്ങൾ നടത്താനും പോലീസ് വേണമെന്നായി.
ഒരിക്കൽ പോലീസിന്റെ പിടിയിൽ വന്നാൽ ഒരു സ്ഥാപനം കൽപാന്തകാലത്തോളം പോലീസ് പിടിയിൽ ആയിരിക്കാനാണ് സാധ്യത. ആ പ്രവണത ഐ. എ. എസിനു സമാന്തരമായി തുടർന്നു.അങ്ങനെ കുറെ സ്ഥാപനങ്ങൾ പോലീസിനായി സ്ഥിരമായി ചാർത്തിക്കൊടുത്തു. ധനകാര്യ സ്ഥാപനത്തിലും ഭൂഖനന കമ്പനിയിലും സിമന്റ് ഫാക്ടറിയിലും പോലീസ് വിഹരിക്കാൻ തുടങ്ങിയത് ആ പശ്ചാത്തലത്തിലായിരുന്നു.
പണ്ടൊക്കെ ഒരു പോലീസ് പ്രതിഭ നിയമപാലനത്തിൽ ഒതുങ്ങിനിൽക്കാതെ വന്നാൽ അദ്ദേഹത്തെ പ്രത്യേക ദൗത്യനിർവഹണോദ്യോഗസ്ഥൻ (ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി - ഒ എസ് ഡി) ആക്കുകയായിരുന്നു പതിവ്. മന്ത്രിയുടെ ഇഷ്ടനാണെങ്കിൽ ഐ ജി/ഡി ജി പിയെ മന്ത്രാലയത്തിലോ തന്ത്രാലയത്തിലോ നിഷ്‌കൃഷ്ടവും അല്ലാത്തതുമായ അധികാരമുള്ള ഒ എസ് ഡിയായി വാഴിക്കാം. ഒതുക്കാൻ നിയോഗിക്കപ്പെടുന്ന ഒ എസ് ഡിക്കാകട്ടെ, ഇരുന്നുറങ്ങാൻ ഒരു കസേര കിട്ടിയാൽ നിർവൃതിയടയാം.
സ്ഥാനത്തിനു ഗമ വേണമെന്നു നിർബന്ധമുള്ളവർ, മറ്റു സൗകര്യങ്ങൾക്കും ആനുകൂല്യങ്ങൾക്കും പുറമേ, ഉപദേഷ്ടാവ് (അഡൈ്വസർ) എന്ന പദവിയും ഉള്ളവരായിരിക്കും. കണ്ണിൽ കണ്ടവരെയൊക്കെ മുഖ്യമന്ത്രി പിണറായി വിജയൻ അഡൈ്വസർ ആക്കിക്കളയും എന്നാണ് സെക്രട്ടറിയേറ്റ് സംസാരം. പണ്ടു പണ്ട് ലീഡറുടെ സ്വന്തം ആൾ എന്നു പരിഹസിക്കപ്പെട്ടിരുന്ന ഒരു ഉദ്യോഗസ്ഥനെ, ഡി ജി പിയായി പിരിഞ്ഞപ്പോൾ അഡൈ്വസർ ആക്കി മുഖ്യമന്ത്രി. കാലം വരുത്തിക്കൂട്ടാത്ത ഒരു മാറ്റമുണ്ടോ പദവിയിലും പദ്ധതിയിലും?
ഒരേ ഒരു പുസ്തകത്തിന്റെ ഏതാനും ഏടുകൾ മാത്രം എല്ലാ ദിവസവും വായിച്ചിരുന്ന ടി ജെ ക്വിൻ, ഡി ജി പി പോയിട്ട് ഐ ജി പോലുമായില്ല. ജോലിക്കാലത്തെ കോലാഹലമെല്ലാം കഴിഞ്ഞ് കുന്നൂരിൽ താമസമാക്കിയിരുന്ന ക്വിൻ എന്ന അതിർത്തി സംരക്ഷണ സേനാ ഡി ഐ ജിയെ സർക്കാർ മിസോറമിലെ തീവ്രവാദികളെ ഒതുക്കാൻ വിളിച്ചുവരുത്തുകയായിരുന്നു. ശപിക്കപ്പെട്ട ചമ്പൽക്കരയിലെ കൊള്ളക്കാരെ ആപൽക്കരമായി കൈകാര്യം ചെയ്ത നീണ്ടു മെലിഞ്ഞ ഡി ഐ ജി അല്ലാതെ ഒരാളെ അപ്പോൾ വരുത്താൻ തോന്നിയില്ല. അന്നന്നത്തെ ദിവസം ആപത്തൊഴിഞ്ഞു പോകണം എന്ന പ്രാർഥനയോടെ അദ്ദേഹത്തിന്റെ നീണ്ട ദിവസം തുടങ്ങുന്നു. അസമിൽനിന്ന് വിളിച്ചുകൊണ്ടുപോയ കെ പി എസ് ഗിൽ, ബംഗാളിലെ രഞ്ജിത് മല്ലിക്, തമിഴ്‌നാട്ടിലെ വാൾട്ടർ ദേവരം, നമ്മുടെ സ്വന്തം ജയറാം പടിക്കൽ എന്നിവർ ഓരോ ഘട്ടത്തിൽ പഴി കേട്ടു. ഉരുക്കു മുഷ്ടി ഉപയോഗിച്ചും അക്രമം ഒതുക്കുന്നവർ മനുഷ്യാവകാശ സംഘടനകളുടെ ഉറ്റ തോഴന്മാരാവാറില്ല.
ഗിൽ സാഹബിന് ഏതോ കളിക്ലബ്ബിന്റെ മേധാവിത്വം കൊടുത്തിരുന്നു. പഞ്ചാബിൽ സമാധാനം പുനഃസ്ഥാപിച്ച ആളെന്ന ഖ്യാതിയൊന്നും ഏറെ കേട്ടില്ല. വടക്കു കിഴക്കൻ തീവ്രവാദം കൊഴുക്കുന്നതെങ്ങനെയെന്ന് നല്ലവണ്ണം മനസ്സിലാക്കിയ ഐ ജിതല ഉദ്യോഗസ്ഥൻ ആയിരുന്നു ആർ. എൻ രവി. കേരളത്തിനവകാശപ്പെട്ട രവി ഏറെക്കാലം ഇന്റലിജൻസ് ബ്യൂറോയിൽ ആയിരുന്നു. കോഴിക്കഴുത്ത് എന്നറിയപ്പെട്ട അവിടത്തെ താവളം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി രവിയെ നാഗാലാന്റിലെ ഗവർണരാക്കി.
രാമന്റെ കാലത്ത് വേണ്ടപ്പെട്ടവരെ ഇലയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിക്കുമായിരുന്നു. അവരിൽ ചിലർ ഗവർണർമാർ ആകും. സുരക്ഷിതത്വം ഓതിയോതി ഗവർണർ പദത്തിലെത്തിയവരാണ് സുരേന്ദ്രനാഥ്, റിബേറൊ, രാജേശ്വർ തുടങ്ങിയവർ. സാദാ വേഷമണിഞ്ഞ യൂനിഫോമിന്റെ അധികാരം പ്രയോഗിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പ് പോലീസിൽ എത്തിയ ടി. ടി. പി അബ്ദുല്ല പതിവില്ലാത്ത ഒരു ലാവണത്തിൽ എത്തിയിരുന്നു. സൗദി അറേബ്യയിൽ ഇന്ത്യൻ സ്ഥാനപതിയായ അബ്ദുല്ല നയതന്ത്രത്തിനു വേണ്ടി നിയോഗിക്കപ്പെട്ട ആദ്യത്തെ നിയമപാലകനായിരുന്നു. പോലീസും നാട്ടുകാരും തമ്മിൽ നല്ല ബന്ധം പണിയാൻ പ്രത്യേകം കാക്കിക്കാരെ ഏർപ്പെടുത്തുന്ന സമ്പ്രദായം ശിങ്കാരവേലു എന്ന ഐ ജിയുടേയായിരുന്നു. വേലു പിന്നെ യൂനിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ അംഗമായി, പരീക്ഷ നടത്തിയും അഭിമുഖത്തിൽ മേലധ്യക്ഷനായും കാലയാപനം ചെയ്തു.
ടി. ജി. സഞ്ജീവി എന്ന തമിഴ് ഉദ്യോഗസ്ഥനായിരുന്നു ഇന്റലിജൻസ് ബ്യൂറോയുടെ സ്ഥാപകൻ. അതിനു മുന്നോടിയായി സഞ്ജീവി പല തലസ്ഥാനങ്ങളും സന്ദർശിക്കുകയുണ്ടായി. തന്നെ പിന്തുടരാൻ ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ പറഞ്ഞുവിട്ടിട്ടുള്ള ചാരനാണ് സഞ്ജീവി എന്ന് ലണ്ടനിലെ ഇന്ത്യൻ സ്ഥാനപതി വി കെ കൃഷ്ണ മേനോൻ നെഹ്‌റുവിനോടു പരാതിപ്പെട്ടു. അന്നു നീളാൻ തുടങ്ങിയതാണ് സംശയത്തിന്റെ നിഴൽ.. അപസർപ്പക വിഭാഗത്തിൽ നിയോഗിക്കാൻ പറ്റിയ നിയമപാലകരെ കണ്ടെത്താൻ സീനിയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ തുടക്കം മുതലേ ശ്രദ്ധിച്ചുപോന്നു. അതിന് സവിശേഷമായ പ്രാപ്തിയും ഉൾക്കാഴ്ചയും വേണം. ഏതു സദസ്സിലും നിമിഷങ്ങൾക്കകം തിരിച്ചറിയപ്പെടാതെ മാഞ്ഞുപോകാൻ കഴിവുള്ളവരാവണം. ഉദാഹരണമായി, ഹസ്രത്ബാൽ പള്ളിയിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് കാണാതാകുമ്പോൾ സുരേന്ദ്രനാഥ് ജമ്മു കശ്മീർ ഐ ജി ആയിരുന്നു. അന്വേഷണം നയിക്കാൻ പിന്നീട് കേരളത്തിൽ ഗവർണറായി വന്ന യൂനിയൻ ആഭ്യന്തര സെക്രട്ടറി വി വിശ്വനാഥൻ ദൽഹിയിൽ നിന്നെത്തി. വിശ്വനാഥൻ കൽപിച്ചു: തിരുമുടി കണ്ടുപിടിക്കും വരെ ആർക്കും കൊറോണ പിടിക്കില്ല. പിടിച്ചില്ല. കൊറോണക്കും പേടിയായിരുന്നു വിശ്വനാഥനെ.
അന്നൊന്നും ഡി. ജി. പിമാർ ഉണ്ടായിരുന്നില്ല. ഐ. ജി മതിയായിരുന്നു കള്ളനെ പിടിക്കാനും ക്രമസമാധാനം നില നിർത്താനും. മിന്നൽ പോലെ വിരിയുകയും ഇരുട്ടുപോലെ മറഞ്ഞുപോവുകയും ചെയ്ത അപസർപ്പക വീരന്മാർ എന്റെ കുട്ടിക്കാലത്തെ വായനയെ കിടിലം കൊള്ളിച്ചു. എം ആർ നാരായണ പിള്ളയും ബി ജി കുറുപ്പും പി എസ് നായരും ദേശസേവിനി ഫെയിം സി മാധവൻ പിള്ളയും മറ്റും മറ്റും ഡിറ്റക്റ്റിവ് നോവലുകൾ എഴുതിത്തള്ളി.അടുത്ത തലമുറയായിരുന്നു ബാറ്റൺ ബോസ് തുടങ്ങിയവർ. രഹസ്യ സംഘടനയിൽ പ്രതിരഹസ്യ വിദഗ്ധർ നുഴഞ്ഞു കയറാനുള്ള ഹൈ ടെക് സംവിധാനം ഒരുങ്ങി. കെ ജി ബിയുടെയും സി ഐ എയുടെയും മൊസ്സാദിന്റെയും പ്രത്യേക പദ്ധതികൾ ഉദ്വേഗം വളർത്തി.
ബ്രിട്ടീഷ് രഹസ്യാന്വേഷകരെ ഇരുത്താതെ തന്നെ ചിന്തിപ്പിച്ചതായിരുന്നു സോവിയറ്റ് ചാരനായ കിം ഫിൽബിയുടെ ആവിഭാവവും അരങ്ങേറ്റവും. ഏറെക്കാലം ഇരട്ട ചാരനായി പ്രവർത്തിച്ച ഫിൽബിയും വേറെ മൂന്നു പേരും മോസ്‌കോയിൽ രഹസ്യം വെളിപ്പെടുത്തിയപ്പോഴേ സൂര്യൻ അസ്തമിക്കാത്ത അതിർത്തിയുള്ള ബ്രിട്ടനിൽ ഇരുട്ടു പരന്നുള്ളൂ. അപ്പോൾ ആരോ വെളിപ്പെടുത്തി, ഒരാൾ കൂടി ഒളിഞ്ഞിരിക്കുന്നു. ത്രിമുഖനോ നാന്മുഖനോ ആയ ആ ചാരസമ്രാട്ടിനെ പിടികൂടാൻ പലരും നിയോഗിക്കപ്പെട്ടു. അവരിൽ മുഖ്യനായ പീറ്റർ റൈറ്റ് അന്വേഷണത്തിനിടയിൽ എഴുതിയ പുസ്തകം തന്നെ ബ്രിട്ടനിൽ നിരോധിക്കപ്പെട്ടു. നിഴൽ പോലെ പീറ്റർ റൈറ്റിന്റെ സ്വപ്ന മണ്ഡലത്തിൽ അലഞ്ഞിരുന്ന ആ ത്രിമുഖ ചാരൻ സത്യമോ മിഥ്യയോ? ഉത്തരം പറയാൻ ഡി. ജി. പിമാർ പലർ വേണ്ടിവരും.