നെടുമ്പാശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കസ്റ്റംസിന്റെ സ്വര്‍ണവേട്ട. ഇന്ന് പുലര്‍ച്ചെ ബാങ്കോക്കില്‍നിന്ന് എത്തിയ യാത്രക്കാരനില്‍നിന്ന് 30 ലക്ഷത്തോളം രൂപ വിലവരുന്ന ഒരു കിലോ സ്വര്‍ണം പിടികൂടി.
അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനയിലാണ് പിടികൂടിയത്. തിങ്കളാഴ്ച്ച ഒരു കോടിയോളം രൂപ വിലവരുന്ന മൂന്ന് കിലോ സ്വര്‍ണവും ചൊവ്വാഴ്ച 29 ലക്ഷത്തോളം രൂപ വില വരുന്ന 950 ഗ്രാം സ്വര്‍ണവും പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ പഞ്ചാബ് സ്വദേശി സ്വര്‍ണവുമായെത്തിയത്.
പുലര്‍ച്ചെ ഒരു മണിയോടെ ബാങ്കോക്കില്‍നിന്ന് എയര്‍ ഏഷ്യയുടെ എഫ്.ഡി 170 വിമാത്തില്‍ നെടുമ്പാശേരിയിലെത്തിയ പഞ്ചാബ് സ്വദേശി സുര്‍ജിത് സിംഗ് ആണ് പിടിയിലായത്. കുട്ടികളുടെ ഡയപ്പറിന്റെ ബട്ടണുകള്‍ക്കുള്ളില്‍ രണ്ട് ഗ്രാം വീതം വെള്ളി പൂശി ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള 416 പീസുകളാണ് കണ്ടെടുത്തത്.
ചൊവ്വാഴ്ച പിടിയിലായ നരീന്ദ്രകുമാര്‍ ജല്‍ഹോത്രയും പഞ്ചാബ് സ്വദേശിയാണ്. ബാങ്കോക്കില്‍നിന്ന് ഇതേ വിമാനത്തില്‍ തന്നെയാണ് നെടുമ്പാശേരിയിലെത്തിയത്. ഇരുവരും ഏതെങ്കിലും സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന്റെ കണ്ണികളാണോയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീകള്‍ തലമുടിയില്‍ ഇടുന്ന റബര്‍ റിംഗില്‍ ചെറിയ ചതുര കഷണമായി ഘടിപ്പിച്ചാണ് നരീന്ദ്രകുമാര്‍ ജല്‍ഹോത്ര സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 926.500 ഗ്രാം സ്വര്‍ണമായിരുന്നു ഇത്. ഏകേദശം ഇതേ തൂക്കത്തിലാണ് ഇന്നലെ പിടിയിലായ ആളില്‍ നിന്നും സ്വര്‍ണം പിടികൂടിയത്. ഇതുവരെ കാണാത്ത തന്ത്രമാണ് സ്വര്‍ണക്കടത്തിന് ഇരുവരും ഉപയോഗിച്ചത്.
കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവുവിന്റെയും അഡീഷണല്‍ കമ്മീഷണര്‍ എസ്. അനില്‍കുമാറിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയത്. നെടുമ്പാശേരിയില്‍ യാത്രക്കാരുടെ ബാഗേജ് പരിശോധന കൂടുതല്‍ കര്‍ക്കശമാക്കിയതായി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ഇ.വി. ശിവരാമന്‍, റോയി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.