ദുബായ്- ഇത്തിഹാദ് എയര്‍വേയ്‌സ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടി 2020 അവസാനം വരെ നീട്ടി.
അതേസമയം, അബുദാബി ആസ്ഥാനമായുള്ള എയര്‍ലൈന്‍ എല്ലാ സ്റ്റാഫ് അലവന്‍സുകളും പുനസ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ 25 മുതല്‍ 50 ശതമാനംവരെയാണ് കുറച്ചിരുന്നതെങ്കില്‍ തുടര്‍ന്നങ്ങോട്ട് അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനംവരെ മാത്രമേ കുറയ്ക്കുകയുള്ളൂ. പുതുക്കിയ ശമ്പള ഘടന 2020 സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലായി.
അഞ്ച് മാസമായി മുഴുവന്‍ ഇത്തിഹാദ് ജീവനക്കാരും പ്രകടിപ്പിച്ച പ്രതിബദ്ധതയും അര്‍പ്പണബോധവും വളരെയധികം പ്രശംസനീയമാണെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി വ്യോമയാന മേഖലയെ ബാധിച്ചതിനെത്തുടര്‍ന്ന് ഇത്തിഹാദ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടി കഴിഞ്ഞ ജൂണില്‍ 2020 സെപ്റ്റംബര്‍ വരെ നീട്ടുകയായിരുന്നു. ജൂനിയര്‍ സ്റ്റാഫ്, ക്യാബിന്‍ ക്രൂ തുടങ്ങിയ ജീവനക്കാരുടെ ശമ്പളം 25 ശതമാനവും മാനേജര്‍ തലത്തിലും അതിനുമുകളിലുമുള്ള ജീവനക്കാരുടെ ശമ്പളം 50 ശതമാനവുമാണ് കുറച്ചിരുന്നത്. കുറച്ചു. യുഎഇയുടെ ദേശീയ വിമാന കമ്പനയില്‍ കഴിഞ്ഞ വര്‍ഷം 20,500 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
യുഎഇയിലെ മറ്റ് വിമാനക്കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയും സര്‍വീസുകള്‍ നിലച്ചതിനെ തുടര്‍ന്ന് ചെലവ് കുറയ്ക്കുന്നതിനായി ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.
അതേസമയം, അടുത്ത മാസം മുതല്‍ ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും പുനസ്ഥാപിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.