Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ചു, പ്രതി അറസ്റ്റില്‍

പത്തനംതിട്ട- ആറന്മുളയില്‍ കോവിഡ്19 ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടു പോകുംവഴി ആംബുലന്‍സിസില്‍ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. പന്തളം സ്വദേശിയായ പെണ്‍കുട്ടിക്ക് അടൂരില്‍ ബന്ധുവീട്ടില്‍ വച്ചാണ് കോവിഡ് ബാധിച്ചത്. പ്രതി കായംകുളം സ്വദേശി നൗഫലിനെ മണിക്കൂറുകള്‍ക്കകം പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുമായി അടൂര്‍ ജനറല്‍ ആശുപത്രിയിലേക്കു പോയ ആംബുലന്‍സ് അവിടെ നിന്ന് മറ്റൊരു കോവിഡ് രോഗിയായ പ്രായമായ സ്ത്രീയെ എടുത്ത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. ശേഷം പെണ്‍കുട്ടിയുമായി ആംബുലന്‍സ് പന്തളത്തേക്കു മടങ്ങി. ഇതിനിടെയാണ് ഡ്രൈവര്‍ ആറന്മുളയില്‍ ആഴൊഴിഞ്ഞ പ്രദേശത്ത് ആംബുലന്‍സ് നിര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്്. പിന്നീട് പെണ്‍കുട്ടിയെ പന്തളം കോവിഡ് ചികിത്സാ കേന്ദ്രത്തിലിറക്കി ഉടന്‍ അവിടെ നിന്നു പോകുകയായിരുന്നു. അലറിവിളിച്ച് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരം ആശുപത്രി അധികൃതര്‍ ഉടന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അടൂര്‍ പോലീസ് പ്രതിയെ രാത്രിയില്‍ തന്നെ റോഡിലിട്ട് പിടികൂടി.

നിര്‍ണായക തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്ന് എസ്.പി കെ ജി സൈമണ്‍ പറഞ്ഞു. പീഡിപ്പിച്ച ഡ്രൈവര്‍ കൃത്യത്തിനു ശേഷം പെണ്‍കുട്ടിയോട് ക്ഷമാപണം നടത്തി. ഇതു പെണ്‍കുട്ടി മൊബൈലില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായക തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ചെയ്തതു തെറ്റായി പോയെന്നും ആരോടും പറയരുതെന്നുമാണ് വിഡിയോയില്‍ പ്രതി പെണ്‍കുട്ടിയോട് പറയുന്നത്. 

സംഭവത്തെ തുടര്‍ന്ന് നൗഫലിനെ 108 ആംബുലന്‍സ് സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടു. ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും പ്രതിക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആംബുലൈന്‍സ് ഏജന്‍സിക്കെതിരെയും നടപടി വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു.

Latest News