നെടുമ്പാശ്ശേരി - സർക്കാർ മേൽനോട്ടത്തിൽ വിമാനത്താവള വികസനം വിജയകരമാക്കാമെന്നും സ്വകാര്യ കുത്തകകളെ ആശ്രയിക്കേണ്ട കാര്യമില്ലെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി മാതൃക തെളിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി നിക്ഷേപകരുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്പനിയുടെ ചെയർമാൻ കൂടിയായ അദ്ദേഹം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിൽ 2019-20 സാമ്പത്തിക വർഷത്തേയ്ക്ക് 27 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർബോർഡിന്റെ ശുപാർശ വാർഷിക പൊതുയോഗം അംഗീകരിച്ചു.
വിമാനത്താവള നടത്തിപ്പിൽ സ്വകാര്യ കുത്തക കമ്പനികളെ കൊണ്ടുവന്നാലേ വികസനം സാധ്യമാകൂ എന്നൊരു അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ മേൽനോട്ടത്തിൽ വിമാനത്താവള നിർമാണവും വികസനവും വിജയകരമായി നടപ്പിലാക്കാൻ കഴിയുമെന്ന് സിയാൽ തെളിയിക്കുന്നു. നാട്ടുകാരുടെ മണ്ണും മനസ്സും ഏറ്റെടുത്താണ് വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. അവ സമ്പൂർണമായി സ്വകാര്യവൽക്കരിച്ചുകൂടാ. സിയാൽ മാതൃകയിൽ നടത്തുന്ന വികസനത്തിന് നാട്ടുകാരുടെ മണ്ണിനേയും മനസ്സിനേയും ഉൾക്കൊള്ളാൻ കഴിയും. 2016 ൽ ഈ ഡയറക്ടർബോർഡ് അധികാരത്തിൽ വരുമ്പോൾ കൊച്ചി വിമാനത്താവളത്തിൽ 7000 പേർ ജോലി ചെയ്തിരുന്നു. 2020 മാർച്ചിൽ അത് 12,000 പേർ ആയി.
രണ്ടായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ സിയാൽ പൂർത്തിയാക്കിയത്. എന്നിട്ടും ഒരു രൂപ പോലും യൂസർ ഫീസായി യാത്രക്കാരിൽനിന്ന് ഈടാക്കുന്നില്ല -മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിലെ സൗരോർജ പ്ലാന്റുകളുടെ ശേഷി 15.5 മെഗാവാട്ടിൽനിന്ന് 40 മെഗാവാട്ടായി ഉയർത്താൻ കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിയാൽ പയ്യന്നൂരിൽ സ്ഥാപിച്ചുവരുന്ന 12 മെഗാവാട്ട് സൗരോർജ പ്ലാന്റും കോഴിക്കോട് അരിപ്പാറയിൽ പൂർത്തിയായി വരുന്ന 4.5 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയും ഈ വർഷം അവസാനത്തോടെ കമ്മിഷൻ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
30 രാജ്യങ്ങളിൽ നിന്നായി 19,000 നിക്ഷേപകരുണ്ട് സിയാലിൽ. കമ്പനിയുടെ 26-ാമത് വാർഷിക പൊതുയോഗമാണ് ഇത്. കോവിഡ് പ്രോട്ടോക്കോൾ മുൻനിർത്തി ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് നിക്ഷേപകരുടെ വാർഷിക പൊതുയോഗം നടത്തിയത്.
2019-20 സാമ്പത്തിക വർഷത്തിൽ സിയാൽ 655.05 കോടി രൂപ മൊത്തവരുമാനം നേടി. 204.05 കോടി രൂപയാണ് ലാഭം. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് ലാഭം 200 കോടി രൂപ മറികടക്കുന്നത്. ഓഹരിയുടമകൾക്ക് 27 ശതമാനം ലാഭവിഹിതം ലഭിക്കും. ഇതോടെ 2003-04 മുതൽ നൽകിവരുന്ന ലാഭവിഹിതം മൊത്തം 282 ശതമാനമായി ഉയർന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെയും സംസ്ഥാന സർക്കാരിന്റേയും കേരള പൊതുമേഖലാ സ്ഥാപനങ്ങളുടേയും ആകെ ഓഹരി 34.15 ശതമാനം ആണ്. ഇതുവരെ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ലാഭവിഹിതമായി മാത്രം 368.46 കോടി രൂപ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽനിന്ന് തിരികെ ലഭിച്ചു.
മാനേജ്‌മെന്റിനെ പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രിയെക്കൂടാതെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഡയറക്ടർമാരായ മന്ത്രി തോമസ് ഐസക്, മന്ത്രി സുനിൽ കുമാർ, എം.എ. യൂസഫലി, എൻ.വി. ജോർജ്, ഇ.എം. ബാബു, കെ. റോയ് പോൾ, എ.കെ. രമണി, സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു.