ജിദ്ദ- സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകളിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ജിദ്ദയിൽനിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളുടെ രക്ഷിതാക്കളെ അനുമോദിച്ചുകൊണ്ട് ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) ഏർപ്പെടുത്തിയ 'പാരന്റ്‌സ് എക്‌സലെൻസ് അവാർഡ് 2020' ഓൺലൈൻ സംവിധാനമായ സൂം വഴി വർണാഭമായ പരിപാടികളോടെ വിതരണം ചെയ്തു. ഇക്കഴിഞ്ഞ പൊതുപരീക്ഷയിൽ പത്താം ക്ലാസ്സിൽ 93 ശതമാനവും അതിനു മുകളിലും മാർക്ക് ലഭിച്ചവരുടെ (57) രക്ഷിതാക്കൾക്കും, 12-ാം ക്ലാസ്സിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ 19 കുട്ടികളുടെ രക്ഷിതാക്കൾക്കും, പ്രസ്തുത ക്ലാസ്സുകളിൽ പഠിക്കുന്ന ഇസ്പാഫ് കുടുംബത്തിലെ വിദ്യാർഥികളുടെ 11 രക്ഷിതാക്കൾക്കും 'പാരന്റ്‌സ് എക്‌സലെൻസ് അവാർഡ് 2020' വിതരണം ചെയ്തു. കൂടാതെ വൈകല്യങ്ങളെ അതിജീവിച്ചും മികച്ച വിജയം കരസ്ഥമാക്കിയ ഷാഹിദ് അബ്ദുസമദിന് പ്രത്യേക അവാർഡും നൽകി.
മുഖ്യാതിഥിയായ പ്രശസ്ത മാനേജ്‌മെന്റ് കൺസൾട്ടന്റും പരിശീലകനുമായ റാഷിദ് ഗസ്സാലി വിജയികൾക്ക് ഭാവുകങ്ങളും അനുമോദനങ്ങളും ഉപദേശ നിർദേശങ്ങളും നൽകി ചടങ്ങിൽ സംബന്ധിച്ചു. ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ജിദ്ദ മാനേജിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഗസൻഫർ ആലം, ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ജിദ്ദ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസ്സൻ, ജെ.എൻ.എച്ച് ഡയറക്ടർ വി.പി. മുഹമ്മദലി, അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ആലുങ്ങൽ, സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ അബ്ദുൽ അസീസ് തങ്കയത്തിൽ, ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ ഫർഹത്തുന്നിസ, ഗേൾസ് വിഭാഗം എച്ച്.എം. സാദിഖ തരൻ്ണം, വിവിധ സെക്ഷനുകളിലെ ഹെഡ്മാസ്റ്റർമാർ, അധ്യാപകർ, പരീക്ഷാ വിഭാഗം കൺട്രോളർ സയ്യിദ് അബ്ദുൽ ഹഖ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജാഫർ കല്ലിങ്ങപ്പാടം, ഡോ. അബ്ദുസ്സത്താർ സമീർ, ഇക്രാമുൽ ബാസിത്ത് ഖാൻ, ഇസ്പാഫ് ഉപദേശകസമിതി അംഗങ്ങളായ എൻജി. അസൈനാർ അങ്ങാടിപ്പുറം, സലാഹ് കാരാടൻ, പി.എം. മായിൻകുട്ടി, നാസർ ചാവക്കാട് തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു.
ഇസ്പാഫ് ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകിയ പരിപാടി പ്രോഗ്രാം കൺവീനർ അഷ്ഫാഖ്, സജി കുര്യാക്കോസ്, ഫാത്തിമ ഷമൂല, മുഹമ്മദ് കുഞ്ഞി എം.സി, അഷ്‌റഫ് അഞ്ചാലൻ, അഹമ്മദ് യൂനുസ്, റിയാസ് പി.കെ. എന്നിവർ നിയന്ത്രിച്ചു. നബീൽ മുഹമ്മദ് ഖിറാഅത്ത് നടത്തി. പ്രസിഡന്റ് മുഹമ്മദ് ബൈജു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസൽ സ്വാഗതവും ട്രഷറർ ഷജീർ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.