റിയാദ് - വൻ ലഹരി ഗുളിക ശേഖരം സൗദിയിലേക്ക് കടത്തിയ കേസിൽ ഇന്ത്യക്കാരൻ ഉൾപ്പെട്ട രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽനുജൈദി അറിയിച്ചു. യെമനിയാണ് ഇന്ത്യക്കാരന്റെ കൂട്ടുപ്രതി. ഏതാനും അയൽ രാജ്യങ്ങൾ വഴി വൻ ലഹരി ഗുളിക ശേഖരം സൗദിയിലേക്ക് കടത്താനുള്ള പദ്ധതി ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് മയക്കുമരുന്ന് കടത്ത് പദ്ധതി പരാജയപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുകയും സൗദി കസ്റ്റംസുമായി ഏകോപനം നടത്തി മയക്കുമരുന്ന് ശേഖരം പിടികൂടുകയുമായിരുന്നു. 1,63,43,000 ലഹരി ഗുളികകളാണ് പിടികൂടിയത്. വെള്ളക്കടല ലോഡിനകത്ത് ഒളിപ്പിച്ചാണ് മയക്കുമരുന്ന് ശേഖരം സൗദിയിൽ പ്രവേശിപ്പിച്ചത്. മയക്കുമരുന്ന് ശേഖരം സൗദിയിൽ സ്വീകരിച്ച ഇന്ത്യക്കാരനും യെമനിയുമാണ് അറസ്റ്റിലായതെന്നും ഇരുവർക്കുമെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും ക്യാപ്റ്റൻ മുഹമ്മദ് അൽനുജൈദി അറിയിച്ചു.