തിരുവനന്തപുരം- സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മുന്‍ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധവുമായി ഉദ്യോഗസ്ഥര്‍ രംഗത്ത്.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടികള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തു നല്‍കും. സ്ഥലമാറ്റ നടപടിക്ക് നിയമസാധുത ഇല്ലെന്നും തങ്ങള്‍ക്കു പറയാനുള്ളത് കമ്മീഷന്‍ കേട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കത്തില്‍ ചൂണ്ടിക്കാട്ടും.
സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഡിജിപി എ. ഹേമചന്ദ്രരന്‍ പോലീസ് മേധാവിക്കും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും കത്തു നല്‍കിയിരുന്നു. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാമെന്നും നടപടികള്‍ നേരിടാന്‍ തയാറാണെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു. തെളിവു നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.