Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതി

കൊച്ചി - യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ ഗൂഡാലോചന സംബന്ധിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയാകും. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ആലോചിക്കുന്നതിന് വേണ്ടി അന്വേഷണ സംഘത്തിന്റെ യോഗം നാളെ കൊച്ചിയിൽ ചേരും. കഴിഞ്ഞദിവസവും പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്നും പോലീസ് ആവശ്യപ്പെടും.നടിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ അടക്കമുള്ള തെളിവുകൾ കണ്ടുകിട്ടിയിട്ടില്ലെന്നും ഇവ കണ്ടെത്തണമെന്നുമാണ് പോലീസിന്റെ ആവശ്യം. നടിയെ അക്രമിച്ചയാൾ മാത്രമല്ല, ഗൂഢാലോചന നടത്തിയയാളും തുല്യകുറ്റം ചെയ്തയാളാണ് എന്ന നിലയിലാണ് പോലീസ് കാര്യങ്ങൾ മുന്നോട്ടുനീക്കുന്നത്.  

കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും. നടൻ ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ് പൾസർ സുനിയും സംഘവും കൃത്യം ചെയ്തതെന്ന ഉള്ളടക്കത്തോടെ ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം. ആക്രമണത്തിനു മുന്നോടിയായി ഇതിന്റെ ഗൂഡാലോചനയ്ക്ക് പലവട്ടം ദിലീപ് നേതൃത്വം നൽകിയെന്ന് പറയുന്ന കുറ്റപത്രത്തിൽ  പൾസർ സുനിക്കെതിരെ ചുമത്തിയ ബലാൽസംഗം അടക്കമുള്ള കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്. ഇതുവരെ പുറത്തുവരാത്ത നിർണായക തെളിവുകൾ ഉൾപ്പെടെയുള്ള കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുക. അതേസമയം, കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പ് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ചില നിണായക നീക്കങ്ങൾ അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സൂചനയുണ്ട്.

ഇരുപതിലേറെ നിർണായക തെളിവുകൾ കുറ്റപത്രത്തിൽ ഉണ്ടെന്നാണ് സൂചന. മജിസ്‌ട്രേറ്റിനു മുന്നിൽ പൾസർ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവർ അടക്കം പതിനാറു പേർ നൽകിയ രഹസ്യമൊഴികൾ കേസിൽ നിർണായകമാകും. ഈ രഹസ്യമൊഴികൾ, കുറ്റസമ്മത മൊഴികൾ, സാക്ഷിമൊഴികൾ, സൈബർ തെളിവുകൾ, ഫൊറൻസിക് റിപ്പോർട്ടുകൾ, സാഹചര്യത്തെളിവുകൾ, നേരിട്ടുള്ള തെളിവുകൾ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമർപ്പിക്കും. ഇതിൽ പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയിൽ മുദ്രവച്ച കവറിൽ കോടതിയിൽ നേരിട്ടു സമർപ്പിച്ചവയാണ്.

ബലാൽസംഗത്തിനു പുറമെ, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന, തെളിവു നശിപ്പിക്കൽ, പ്രതിയെ സഹായിക്കൽ, തൊണ്ടിമുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ, ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയും ദിലീപിനെതിരെ ചുമത്തും. കേസിന്റെ പ്രധാന്യവും സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന നിലയിലും പ്രതികളുടെ സമൂഹത്തിലെ സ്വധീനവും സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാർശയും അന്വേഷണ സംഘം ഉന്നയിക്കുമെന്നാണ് വിവരം. കേസിലെ നിർണായക തൊണ്ടു മുതലായ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന വിവരവും കോടതിയെ അറിയിക്കും.

ഫെബ്രുവരി 17ന് രാത്രിയാണ് പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം യുവനടിയെ ആക്രമിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. കേസിൽ അറസ്റ്റിലായ സുനി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കുറ്റപത്രം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവത്തിലെ ഗൂഡാലോചന സംബന്ധിച്ച കേസിലാണ് ഇപ്പോൾ കുറ്റപത്രം നൽകുന്നത്. മൂന്നു മാസത്തോളം ജയിലിൽ കഴിഞ്ഞ ദിലീപ് ഇപ്പോൾ ജാമ്യത്തിലാണ്.
 

Latest News