തിരുവനന്തപുരം-അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കോവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ മുന്നറിയിപ്പ് നല്‍കി. ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്താണ് രോഗ വ്യാപനം രൂക്ഷമാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് രോഗവ്യാപനം ശക്തമാകാന്‍ സാധ്യതയുണ്ടെന്നും ഒക്ടോബറില്‍ രോഗവ്യാപനം അതിതീവ്രമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അടുത്ത രണ്ടാഴ്ച കേരളത്തില്‍ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്താക്കുറിപ്പില്‍ ആരോഗ്യമന്ത്രി അറിയിക്കുന്നത്. ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്രകള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വീട്ടില്‍ ആര്‍ക്കെങ്കിലും ലക്ഷണമുണ്ടെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്തതിനാല്‍ രോഗം പകരാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. കൊറോണ എന്ന മഹാമാരി പൂര്‍വാധികം ശക്തിയായി നമുക്കിടയില്‍ തന്നെയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അണ്‍ലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇളവുകള്‍ ആഘോഷമാക്കുകയല്ല വേണ്ടത്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്നതും ആരോഗ്യ മന്ത്രി പറഞ്ഞു.