Sorry, you need to enable JavaScript to visit this website.

സാത്താന്‍റെ സന്തതി പ്രയോഗത്തിനെതിരെ അനില്‍ അക്കരെയുടെ അമ്മ; യെച്ചൂരിക്ക് കത്തയച്ചു

തൃശൂർ- സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ നടത്തിയ സാത്താന്റെ സന്തതി പ്രയോഗത്തിനെതിരെ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരെയുടെ അമ്മ ലില്ലി ആന്റണി രംഗത്തെത്തി. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ലില്ലി ആന്റണി കത്തയച്ചു. അനിൽ അക്കരെയുടെ അച്ഛൻ സി.പി.എം പ്രവർത്തകനായിരുന്നുവെന്നും എന്നിട്ടും ഇത്തരം പ്രസ്താവന നടത്തിയത് ഏറെ സങ്കടമുണ്ടായക്കിയെന്നും കത്തിൽ സൂചിപ്പിച്ചു. കത്തിന്റെ പൂർണരൂപം:
ബഹുമാനപ്പെട്ട സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അറിയുവാൻ

ഞാൻ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരയുടെ അമ്മയാണ്. താങ്കളെപ്പോലെ ഒരു ഉന്നതനായ നേതാവിന് ഇങ്ങിനെയൊരു കത്ത് എഴുതാമോ എന്നറിയില്ല. പക്ഷേ ഒരു അമ്മ എന്ന നിലയിൽ ചില കാര്യങ്ങൾ താങ്കളെ അറിയിക്കാതിരിക്കാനാവുന്നില്ല. 2004ൽ അവന്റെ അപ്പച്ചൻ മരിക്കുമ്പോൾ 56 വയസ്സാണ്. എനിക്ക് 52 വയസ്സും. ഭർത്താവ് എന്നെ വിട്ടു പോയിട്ട് 16 കൊല്ലം. അപ്പച്ചൻ കോയമ്പത്തൂരിൽ വെച്ച് മരിക്കുമ്പോൾ അനിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റാണ്. അന്ന് 32 ആണ് അവന്റെ പ്രായം.
പാരമ്പര്യമായി കൃഷിക്കാരാണ് ഞങ്ങൾ. എങ്കിലും കുറേക്കാലം അവന്റെ അപ്പച്ചൻ ദുബായിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. 1998ൽ നാട്ടിൽ തിരിച്ചെത്തി വീണ്ടും കൃഷിപ്പണിയിൽ ഏർപ്പെട്ടു. 2004ൽ കൃഷി ചെയ്യാൻ പാട്ടത്തിനെടുത്ത പാടവും കൃഷിയും മുങ്ങിപ്പോയതിനെത്തുടർന്നാണ് അപ്പച്ചൻ കോയമ്പത്തൂരിൽ വെച്ച് മരിക്കുന്നത്.

എന്റെ മകന്റെ രാഷ്ട്രീയവും അവന്റെ അപ്പച്ചന്റെ രാഷ്ട്രീയവും രണ്ടായിരുന്നു. അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാൽ താങ്കൾക്ക് അക്കാര്യം അറിയാൻ കഴിയും. 16 വർഷം മുൻപ് എന്നേയും കുടുംബത്തേയും കണ്ണീരിലാഴ്ത്തി കടന്നുപോയ ഒരു മനുഷ്യനെയാണ് താങ്കളുടെ പാർട്ടിയുടെ ഉന്നത നേതാവ് ഒരു പൊതുയോഗത്തിൽ ഇന്ന് സാത്താൻ എന്ന് വിളിച്ചത്. പഠിക്കാൻ മിടുക്കനായിരുന്ന എന്റെ മകൻ മര്യാദയ്ക്ക് പഠിച്ചിരുന്നുവെങ്കിൽ ഈ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല. പക്ഷേ നൂറുകണക്കിന് കുടുംബങ്ങൾക്ക് താങ്ങായി നിന്ന അവന്റെ അപ്പാപ്പൻ വർക്കിയുടെ വഴിയാണ് അവൻ തെരഞ്ഞെടുത്തത്.

അപ്പാപ്പന്റെ തീരുമാനത്തിന് താങ്ങായി നിന്ന അവന്റെ അമ്മാമ്മയുടെ വഴി തന്നെയാണ് ഞാനും പിന്തുടർന്നത്. രാഷ്ട്രീയപ്രവർത്തനത്തിന്റെ പേരിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ ആ രീതിയിൽ വിമർശിക്കാം. പക്ഷേ സാത്താന്റെ സന്തതിയെന്ന് വിളിച്ചത് നേരും നെറിയുമുള്ള രാഷ്ട്രീയപ്രവർത്തനത്തിന് ചേർന്നതല്ല.

ഭർത്താവ് മരിച്ചതിന് ശേഷം എന്നും ഈ കൊറോണക്കാലം വരെ നടന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ആമ്പക്കാട്ടെ പള്ളിയിൽ പോകുന്ന ഞാൻ മറ്റുള്ളവർക്ക് വേണ്ടിയാണ് പ്രാർത്ഥിക്കാറുള്ളത്. സാത്താന്റെ പ്രലോഭനങ്ങളിൽ നിന്നും എന്റെ മക്കളെ രക്ഷിക്കണേ എന്നാണ് ഞാനെന്റെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്താറുള്ളത്. ഞാനെന്നും ഭയപ്പെടുന്ന ഒരു വാക്ക് താങ്കളുടെ പാർട്ടിയിലെ ഒരു നേതാവായ ബേബി ജോൺ മാഷ് ഉപയോഗിക്കുമ്പോൾ എനിക്ക് വേദനയുണ്ട്. എന്റെ മകൻ സഖാവ് ബേബി ജോണിനെക്കുറിച്ച് ബേബി ജോൺ മാഷ് എന്നാണ് എന്നോട് എപ്പോഴും പറയാറുള്ളത്. തിരുവനന്തപുരത്ത് നിന്നും വീട്ടിലേയ്ക്കുള്ള യാത്രയിൽ ഇടയ്‌ക്കൊക്കെ ഒപ്പമുണ്ടാകാറുള്ള ബേബി ജോൺ മാഷിനെക്കുറിച്ച് അവൻ പറയാറുണ്ട്. അങ്ങിനെയുള്ള ഒരാളുടെ വായിൽ നിന്നാണ് ഇന്ന് എന്റെ മകനെ സാത്താന്റെ സന്തതിയെന്ന് വിശേഷണമുണ്ടായത്. മാഷെപ്പോലെ അവൻ എന്നും ബഹുമാനത്തോടെ പറയാറുള്ള ഒരാളിൽ നിന്നും അത്തരമൊരു വാക്ക് കേൾക്കുമ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ ഞാനെങ്ങിനെ അത് ഉൾക്കൊള്ളുമെന്ന് താങ്കളുടെ പാർട്ടി ചിന്തിച്ചില്ലെങ്കിലും താങ്കൾ അത് ആലോചിക്കണം. അമ്മ എന്ന നിലയിൽ ഒരു മകനെക്കുറിച്ച് ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത പദപ്രയോഗമാണ് മാഷ് ഇന്ന് നടത്തിയത്. മാഷെക്കുറിച്ച് എന്റെ മകൻ അത്തരത്തിൽ പറഞ്ഞിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കുടുംബം എങ്ങിനെ താങ്ങുമായിരുന്നു എന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്.

പൊതുപ്രവർത്തനം കൊണ്ട് കടങ്ങൾ മാത്രമാണ് എന്റെ കുടുംബത്തിന്റെ സമ്പാദ്യം. അത്തരം കാര്യങ്ങളൊന്നും ആരോടും പറയാറില്ല. എന്നിട്ടും ഇത്തരത്തിൽ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ കേൾക്കുമ്പോഴാണ് സങ്കടം. ഞാൻ പ്രായമായ ഒരു സ്ത്രീയാണ്. ഇത്തരത്തിൽ മകനെക്കുറിച്ച് കേൾക്കാനുള്ള മന:ശക്തിയും ആരോഗ്യവും എനിക്കിന്നില്ല. രാഷ്ട്രീയം കൊണ്ട് ഒന്നും ഞങ്ങൾ നേടിയിട്ടില്ല. എന്റെ രണ്ടാമത്തെ മകൻ ഇപ്പോഴും അമല ആശുപത്രിക്ക് മുൻപിലെ ടാക്‌സി സ്റ്റാൻഡിൽ ഡ്രൈവറാണ്. നേരത്തെ ഉണ്ണിമോനും വണ്ടി ഓടിച്ച് കുടുംബം പുലർത്തിയിരുന്നു. ഈ വയസ്സുകാലത്തും ഞാൻ പാടത്തുപോയാണ് ഞങ്ങളുടെ കൃഷി നോക്കുന്നത്. അവന്റെ ഭാര്യക്ക് ഒരു ജോലി കിട്ടിയ ശേഷമാണ് അൽപ്പമെങ്കിലും ഞങ്ങളുടെ കുടുംബത്തിന് ഒരു ആശ്വാസമായത്.

ഇക്കാര്യങ്ങൾ താങ്കളെ അറിയിച്ചത് ബേബി ജോൺ മാഷിന്റെ വാക്കുകൾ പിൻവലിപ്പിക്കാനോ അദ്ദേഹത്തിനെതിരെ കേസ് കൊടുക്കാനോ അല്ല. എന്റെ ഗതി ഇനി മറ്റാർക്കും വരരുതെന്ന് കരുതി മാത്രമാണ്. എന്റെ മകൻ ഒരു പാട് പ്രതിസന്ധികളിലൂടെ കടന്നുപോയതാണ്. അവൻ അവന്റെ ജീവിതവും പൊതുപ്രവർത്തനവും വാർത്തെടുത്തത് അത്തരം അനുഭവങ്ങളിലൂടെയാണ്. അതിനൊക്കെ ധൈര്യം കൊടുത്ത അമ്മയാണ് ഞാൻ. ബേബി ജോൺ മാഷിന്റെ വാക്കുകൾ കേട്ടപ്പോൾ ആദ്യമൊന്ന് പകച്ചെങ്കിലും മറ്റുള്ളവരെ കൊല്ലുന്ന പണിക്കൊന്നും എന്റെ മകൻ പോയില്ലല്ലോ എന്നാശ്വസിക്കുകയായിരുന്നു. എന്റെ മക്കളെയെല്ലാം ദൈവം സമ്മാനിച്ചതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. താങ്കൾക്കും താങ്കളുടെ പാർട്ടിക്കും ഇനിയും നല്ലത് വരട്ടെ.
താങ്കളുടെ പാർട്ടിക്കാർ എങ്ങിനെയൊക്കെ അടിച്ചമർത്താൻ നോക്കിയാലും ഇതുവരെയുള്ള പൊതുപ്രവർത്തനശൈലി എന്റെ മകൻ തുടരും. അതിനെ ഇല്ലാതാക്കാൻ താങ്കളുടെ പാർട്ടിയുടെ നേതാക്കളെല്ലാവരും ചേർന്ന് അപഖ്യാതി പറഞ്ഞുനടന്നാലും കഴിയില്ല. മര്യാദയുടെ പാഠങ്ങൾ പഠിപ്പിക്കാൻ ഇനിയെങ്കിലും അങ്ങ് തയ്യാറാകണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അല്ലെങ്കിൽ ഇത്തരത്തിൽ ഒരുപാട് അമ്മമാർക്ക് ദു: ഖിക്കേണ്ടി വരും. സ്ത്രീകളെ ബഹുമാനിക്കുന്ന അങ്ങയുടെ പാർട്ടി ചെയ്യേണ്ടത് അതാണ്‌
 

Latest News