അബുദബി- ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷന്മാരായി മാറാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് യുഎഇ യുവതികള്‍ കോടതിയെ സമീപിച്ചു.
ഇവരെ മാനസികമായും ശാരീരികയമായും വിശദമായ വൈദ്യ പരിശോധനയ്ക്കു വിധേയരാക്കാന്‍ കോടതി ഉത്തരവിട്ടു. പരിശോധനാ നടപടികള്‍ വേഗത്തിലാക്കാനും യുവതികള്‍ ലിംഗമാറ്റത്തിന് യോഗ്യരാണോ എന്നറിയിക്കാനും കോടതി പബ്ലിക് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
24 വയസ്സിനു താഴെ പ്രായമുള്ള മൂന്ന് യുവതികളും യൂറോപ്പില്‍ നിന്ന് ലിംഗമാറ്റ ശസ്ത്രക്രിയയുടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പൂര്‍ണമായും ലിംഗമാറ്റത്തിനുള്ള അനുമതി തേടി അബുദബി ഫെഡറല്‍ കോടതിയെ സമീപിച്ചത്.
തങ്ങള്‍ക്ക് പുരുഷ പേരുകള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ രേഖകളില്‍ ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താനും അനുമതി നല്‍കണമെന്നും ഇവര്‍ കോടതിയോട് ആവശ്യപ്പെട്ടു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ യൂറോപ്പിലെ ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച കോടതി ഇവരെ പരിശോധിക്കാന്‍ നിയോഗിച്ച് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കേസില്‍ മുമ്പോട്ടു പോകാനാകൂവെന്നും കോടതി വ്യക്തമാക്കി.
അതേസമയം, വിദഗ്ധ സംഘം പല തവണ യുവതികളെ ശാരീരിക, മനശാസ്ത്ര വൈദ്യ പരിശോധനകള്‍ നടത്തിയിട്ടും ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയില്ലെന്ന് യുവതികളുടെ അഭിഭാഷകനായ അലി അബ്ദുല്ല അല്‍ മന്‍സൂരി പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് യുവതികള്‍ യോഗ്യരാണെന്ന് ഈ സമിതി റിപ്പോര്‍ട്ട് നല്‍കിയാല്‍ കോടതി അത് അനുവദിക്കുമെന്നും അ്ദ്ദേഹം പറഞ്ഞു.
യുവതികള്‍ ജന്മനാ തന്നെ പുരുഷ പ്രകൃതമുള്ളവരാണെന്നും ശരീരത്തിലെ രോമ വളര്‍ച്ച, ശബ്ദം തുടങ്ങിയവ കൊണ്ടെല്ലാം ഇവര്‍ സ്ത്രീകള്‍ക്കിടയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്നാണ് ഇവര്‍ യൂറോപ്പില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.
ലിംഗമാറ്റം നടത്താന്‍ നിര്‍ദേശിച്ചുള്ള നിരവധി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നിയപരമായ അനുമതി ലഭിക്കുന്നതിനാണ് കോടതിയെ സമീപിച്ചതെന്നും അല്‍ മന്‍സൂരി പറഞ്ഞു. കേസ് കോടതി ഒക്ടോബര്‍ 29-ലേക്ക് മാറ്റി വെച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പുതിയ നിയമപ്രകാരം യുഎഇയില്‍ വൈദ്യശാസ്ത്രപരമായി യോഗ്യരാണെന്ന കണ്ടെത്തിയാല്‍ ലിംഗമാറ്റ ശസ്ത്രക്രിയ അനുവദിക്കും.