Sorry, you need to enable JavaScript to visit this website.

കുവൈത്തിന്റെ പണം തീരുന്നു, ശമ്പളം നല്‍കാന്‍ പോലും കാശില്ല; സമ്പന്ന രാജ്യത്തിന് സംഭവിച്ചതെന്ത്

ആഗോള എണ്ണവിലിയിടിവ് കാരണമുള്ള വരുമാന നഷ്ടത്തിനു മേല്‍ കോവിഡ് കൂടി വന്നത് ഇരുട്ടടിയായിരിക്കുകയാണ് പെട്രോഡോളറിനാല്‍ സമ്പന്നരായ കുവൈത്തിന്. 2014ലെ എണ്ണ വിലയിടിവിനു ശേഷം തുടര്‍ച്ചയായ എഴാമത്തെ ബജറ്റ് കമ്മി നേരിടാന്‍ പോകുകയാണ് രാജ്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെലവുചുരുക്കല്‍ മുന്നറിയിപ്പുകള്‍ ധനകാര്യ മന്ത്രിമാരില്‍ നിന്നും സാമ്പത്തിക വിദഗ്ധരില്‍ നിന്നും ഉണ്ടായപ്പോള്‍ കുവൈത്തികള്‍ പരിഹസത്തോടെയാണ് അതു കേട്ടത്. എണ്ണയ്ക്കു ശേഷമുള്ള ജീവിതത്തിന് അടിത്തറ ശക്തിപ്പെടുത്താന്‍ ചെലവ് വെട്ടിച്ചുരുക്കാന്‍ സമയമായി എന്ന് 2016ല്‍ അന്നത്തെ ധനകാര്യ മന്ത്രി അനസ് അല്‍ സാലെഹ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ധന വിലയിലുണ്ടായ കുത്തനെയുള്ള ഇടിവു മൂലം വന്‍ നഷ്ടം നേരിടുന്ന രാജ്യം ഇപ്പോള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പണത്തിനു വേണ്ടി നേട്ടോട്ടമോടുകയാണ്. ഒക്ടോബര്‍ മാസത്തിനു ശേഷം ശമ്പളം വിതരണം ചെയ്യാന്‍ പോലും സര്‍ക്കാരിന്റെ ഖജനാവില്‍ പണമില്ലെന്ന് രണ്ടാഴ്ച മുമ്പാണ് ധനമന്ത്രി ബാറക് അല്‍ ശീതന്‍ പറഞ്ഞത്. 

എണ്ണ വരുമാനം ഇടിയുമ്പോഴും വന്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്ക് നയം തുടരുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. എണ്ണ വില വര്‍ധിച്ചില്ലെങ്കില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം ഉണ്ടാകില്ല. ചെലവിനു പണം കണ്ടെത്താന്‍ കടമെടുക്കേണ്ട അവസ്ഥയിലാണ്. ഈ വര്‍ഷം എണ്ണ വിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിനെ തുടര്‍ന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളായ ഒപെക് കൂട്ടായ്മ ഇടപെട്ട് വില ബാരലിന് 40 ഡോളറില്‍ എത്തിച്ചിട്ടുണ്ടെങ്കിലും കുവൈത്തിന് രക്ഷപ്പെടാന്‍ ഇതു മതിയാവില്ല. ഇതിനിടെ വന്ന കൊറോണ വൈറസും പുനരുപയോഗ ഊര്‍ജ്ജ രംഗത്തേക്കുള്ള ലോകത്തിന്റെ ചുവടു മാറ്റവുമെല്ലാം എണ്ണ വിലയെ ഉയരാന്‍ അനുവദിക്കാതെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്.

ഇപ്പോള്‍ പ്രതിമാസം 170 കോടി ദിനാര്‍ ആണ് കരുതല്‍ ശേഖരമായ ജനറല്‍ റിസര്‍വ് ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു കൊണ്ടിരിക്കുന്നത്. ഇനി 200 കോടി ദിനാര്‍ മാത്രമെ ഖജനാവില്‍ അവശേഷിക്കുന്നുള്ളൂവെന്നാണ് ധനമന്ത്രി പറയുന്നത്. അതായത് ലഭ്യമായ പണം ഏറെ വകാതെ തീര്‍ന്നു പോകുന്ന അവസ്ഥ. എണ്ണ വില വര്‍ധിക്കുകയോ ആഭ്യന്തര, രാജ്യന്തര വിപണികളില്‍ നിന്ന് കടമെടുക്കുകയോ ചെയ്തില്ലെങ്കില്‍ പണം തീരുമെന്ന് ധനമന്ത്രി പറയുന്നു. കടപത്രം ഇറക്കി പണം കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം പാര്‍മെന്റ് അംഗങ്ങളുടെ എതിര്‍പ്പില്‍ കുടുങ്ങിക്കിടക്കുകയാണ്. വായ്പ എടുക്കുന്നതു സംബന്ധിച്ച നിയമം ധനകാര്യ സമിതി പഠിച്ചു വരികയാണ്. 

കുവൈത്തിന്റെ 90 ശതമാനം വരുമാനം ഇപ്പോഴും പെട്രോളിയം, പ്രകൃതി വാതകം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. പല അറബ് രാജ്യങ്ങളും എണ്ണ ഇതര വരുമാന സ്രോതസ്സുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമ്പദ്ഘടന അതിവേഗം വൈവിധ്യവല്‍ക്കരിച്ചപ്പോള്‍ കുവൈത്ത് അല്‍പ്പം പിറകിലായി. ജോലിക്കാരായ കുവൈത്തികളില്‍ 80 ശതമാനത്തേയും പോറ്റുന്നത് പൊതുഖജനാവാണ്. പാര്‍പ്പിടം, ഇന്ധനം, ഭക്ഷണം തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി ഒരു ശരാശരി കുടുംബത്തിനു വേണ്ടി സര്‍ക്കാര്‍ പ്രതിമാസം 2000 ഡോളറോളം ചെലവിടുന്നുണ്ട്. സര്‍ക്കാരിന്റെ മൊത്തം ചെലവുകളില്‍ നാലില്‍ മൂന്നു ഭാഗവും ശമ്പളത്തിനും വിവിധ സബ്‌സിഡികള്‍ക്കുമായാണ് ചെലവിടുന്നത്.

വലിയ സാമ്പത്തിക വെല്ലുവിളിക്കിടെ കോവിഡ് കൂടി വന്‍ പ്രത്യാഘാതമുണ്ടാക്കിയതോടെ ഫ്യൂചര്‍ ജനറേഷന്‍ ഫണ്ട് എന്ന ഭാവി തലമുറയ്ക്കായി മാറ്റിവെച്ച ഫണ്ടില്‍ നിന്ന് പണം എടുത്തു തുടങ്ങാമെന്ന ആവശ്യവും ഒരു കോണില്‍ നിന്നുയരുന്നുണ്ട്. കുവൈത്തിന്റെ കയ്യില്‍ ധാരാളം പണം ഉണ്ട്. എന്നാല്‍ അത് പെട്ടെന്ന് പൊട്ടിക്കാന്‍ കഴിയാത്ത ഈ ഫ്യൂചര്‍ ജനറേഷന്‍സ് ഫണ്ടില്‍ ഭദ്രമാണെന്നു മാത്രം. എണ്ണ വറ്റി വരുമാനം നിലച്ചു പോകുന്ന ഒരു കാലത്ത് ഭാവി തലമുറയ്ക്ക് ജീവിക്കാനുള്ള ചെലവിനാണ് ഈ സുരക്ഷിത ഫണ്ട്. വറുതിയുടെ കാലത്തേക്കു മാറ്റി വച്ച ഫണ്ട് എടുക്കാന്‍ സമയമായി എന്ന് ഒരു വിഭാഗം കുവൈത്തികള്‍ പറയുന്നുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാതെ ഈ ഫണ്ടെടുത്ത് ഉപയോഗിച്ചു തീര്‍ത്താല്‍ 15-20 വര്‍ഷം കൊണ്ട് നീക്കിയിരുപ്പെല്ലാം തീര്‍ന്നു പോകുമെന്ന് മറ്റൊരു വിഭാഗം മുന്നറിയിപ്പും നല്‍കുന്നുണ്ട്.

എണ്ണ വരുമാനത്തിന്റെ 10 ശതമാനം ഓരോ വര്‍ഷവും ഈ ഫണ്ടിലേക്കു സര്‍ക്കാര്‍ മാറ്റുന്നുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത്തവണ ഇതൊഴിവാക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു. ഇതോടെ 1200 കോടി ഡോളറിന്റെ ലഭ്യത ഉറപ്പായി. ട്രഷറിയില്‍ നിന്ന് 700 കോടി ഡോളറിന്റെ ആസ്തികളും ഈ ഫണ്ട് വാങ്ങിയിട്ടുണ്ടെങ്കിലും ബജറ്റ് കമ്മി പരിഹരിക്കാന്‍ ഇതും മതിയാകില്ല. സര്‍ക്കാരിനു മുമ്പില്‍ വായ്പ മാത്രമാണ് പോംവഴി. എന്നാല്‍ കടം വാങ്ങിക്കൂട്ടുന്നതിനു മുമ്പ് സര്‍ക്കാര്‍ അഴിമതി അവസാനിപ്പിക്കണമെന്നാണ് പാര്‍ലമെന്റ് അംഗങ്ങളുടെ നിലപാട്. സമീപകാലത്ത് അഴിമതികളുടെ ഒരു പരമ്പര തന്നെ പുറത്തു വന്നിരുന്നു. ഇതെല്ലാം നിക്ഷേപകരുടെ വിശ്വാസം ഇടിയുന്നതിനും കാരണമായി. കുവൈത്ത് എങ്ങനെ ഈ പ്രതിസന്ധിയില്‍ നിന്ന് സ്വയം കരകയറുമെന്ന് ഉറ്റു നോക്കുകയാണ് ലോകം. 

Latest News