റിയാദ് - കഴിഞ്ഞയാഴ്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച തൊഴിൽ നിയമ ഭേദഗതിയിലൂടെ വനിതാ ശാക്തീകരണവും തൊഴിൽ വിപണിയിൽ പ്രവേശിക്കുന്ന സൗദികളുടെ എണ്ണം ഉയർത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. സാമ്പത്തിക മേഖലയിൽ വനിതാ ശാക്തീകരണവും വിവേചനങ്ങളൊന്നും കൂടാതെ ബിസിനസുകൾ ചെയ്യുന്നതിന് വനിതകൾക്ക് അവസരമൊരുക്കാനും വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് തൊഴിൽ നിയമത്തിലെ രണ്ടു വകുപ്പുകൾ റദ്ദാക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും പെട്ടവർക്ക് സംരക്ഷണം നൽകുന്നതിന് തൊഴിൽ സാഹചര്യം ക്രമീകരിക്കാനും വനിതകളെ ജോലിക്കു വെക്കുന്നതിൽ സ്വകാര്യ മേഖലക്ക് കൂടുതൽ ചോയ്‌സുകൾ നൽകാനും തൊഴിൽ നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ നിയമത്തിലെ 149, 150 വകുപ്പുകൾ റദ്ദാക്കുകയും 186 ാം വകുപ്പ് ഭേദഗതി ചെയ്യുകയും 131 ാം വകുപ്പ് പുതുതായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് രാത്രിയിൽ ജോലി ചെയ്യാൻ വനിതകൾക്ക് അനുമതിയുണ്ട്. അപകടകരമായ ചില ജോലികളിൽ വനിതകളെ നിയമിക്കുന്നതും രാത്രിയിൽ ചില സമയങ്ങളിൽ വനിതകളെ ജോലിക്കു വെക്കുന്നതും 149, 150 വകുപ്പുകൾ വിലക്കിയിരുന്നു.
അപകടകരവും ഹാനികരവുമായ ജോലികളിൽ വനിതകളെ ജോലിക്കു വെക്കുന്നതിന് വിലക്കുള്ളതായി 149 ാം വകുപ്പ് അനുശാസിച്ചിരുന്നു. വനിതകൾക്ക് ഇത്തരം ജോലികൾ നിർണയിക്കുന്നതിന്റെ ചുമതല വകുപ്പ് മന്ത്രിക്കാണെന്നും 149 ാം വകുപ്പ് വ്യക്തമാക്കിയിരുന്നു. വനിതകളെ രാത്രികാലങ്ങളിൽ ജോലിക്കു വെക്കുന്നത് 150 ാം വകുപ്പും വിലക്കിയിരുന്നു. ഭേദഗതിയുടെ ഭാഗമായി ഈ രണ്ടു വകുപ്പുകളും റദ്ദാക്കി.
ഖനികളിലും ക്വാറികളിലും വനിതകളെ ജോലിക്കു വെക്കാൻ ഭേദഗതി ചെയ്ത തൊഴിൽ നിയമം അനുവദിക്കുന്നുണ്ട്. പതിനെട്ടു വയസ്സ് തികയാത്ത ആരെയും ഖനികളിലും ക്വാറികളിലും ജോലിക്കു വെക്കാൻ പാടില്ലെന്നാണ് ഭേദഗതി ചെയ്ത 186 ാം വകുപ്പ് അനുശാസിക്കുന്നത്. പതിനെട്ടു വയസ്സ് പൂർത്തിയാകാത്ത ആരെയും ഖനികളിലും ക്വാറികളിലും ജോലിക്കു വെക്കാൻ പാടില്ലെന്നും ഏതു പ്രായത്തിൽ പെട്ട വനിതകളെയും ക്വാറികളിലും ഖനികളിലും ജോലിക്കു വെക്കാൻ പാടില്ലെന്നുമായിരുന്നു നേരത്തെ ഈ നിയമത്തിലുണ്ടായിരുന്നത്. അപകടകരവും ഹാനികരവുമായ തൊഴിലുകളിൽ ജോലിക്കു വെക്കുന്ന സ്ത്രീയോ പുരുഷനോ ആയ തൊഴിലാളിക്ക് ആവശ്യമായ സംരക്ഷണം ഒരുക്കൽ നിയമ ഭേദഗതി നിർബന്ധമാക്കുന്നുണ്ട്.