കണ്ണൂർ-പാലത്തായി കേസിൽ സർക്കാർ എന്തിനാണ് ആർ.എസ്.എസ് അധ്യാപകനെ രക്ഷിക്കാൻ താൽപര്യപ്പെടുന്നതെന്നു വ്യക്തമാക്കണമെന്ന് കെ. മുരളീധരൻ എം.പി ചോദിച്ചു. പാലത്തായി പീഡനകേസിൽ സി.പി.എം, ബി.ജെ.പി, സർക്കാർ ഗൂഢാലോചന നടത്തുന്നതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്‌റ്റേഡിയം കോർണറിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. കുട്ടിയെ പീഡിപ്പിച്ചതു പോരാ, ഇപ്പോൾ കുട്ടിക്ക് മാനസിക വിഭ്രാന്തിയാണെന്നു പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. മനോനില തെറ്റിയ ഒരാൾ മാത്രമേ കേരളത്തിലുള്ളൂ. അതു മുഖ്യമന്ത്രി പിണറായി വിജയനാണ്. മാനസിക വിഭ്രാന്തിയുടെ വേറെ തലത്തിലാണ് പിണറായി വിജയൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം നിയോജക മണ്ഡലത്തിലെ ഒരു പെൺകുട്ടിയുടെ മാനം കാക്കാൻ മന്ത്രി ശൈലജയ്ക്ക് കഴിഞ്ഞില്ലെങ്കിൽ രാജിവെച്ച് പോയിക്കൂടെയെന്നും എം.പി ചോദിച്ചു. പാലത്തായി പീഡന കേസിലെ കുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നു ഐ.ജി പറഞ്ഞതിനെ കുറിച്ചു വിശദീകരണം മുഖ്യമന്ത്രി ഇതുവരെയും തന്നിട്ടില്ല. മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയ മൊഴി പുറത്തു പറഞ്ഞാലുള്ള നിയമ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും എം.പി കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, മാർട്ടിൻ ജോർജ്, ചന്ദ്രൻ തില്ലങ്കേരി,മുഹമ്മദ് ബ്ലാത്തൂർ, റിജിൽ മാക്കുറ്റി,കെ.കമൽജിത്ത്, കെ.സി.മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ. ജോഷി കണ്ടത്തിൽ വി.പി അബ്ദുൽ റഷീദ്, പി. മുഹമ്മദ് ഷമ്മാസ്, എം.കെ വരുൺ തുടങ്ങിയവർ പ്രസംഗിച്ചു.