കൽപറ്റ-എസ്.ഐ. ആക്ഷൻ ഹീറോയായപ്പോൾ പോലീസ് സ്റ്റേഷനിൽ ക്ഷീരകർഷകനു തിക്താനുഭവം. മദ്യക്കച്ചവടമുണ്ടെന്ന സംശയത്തിൽ കമ്പളക്കാട് എസ്.ഐ ഫോൺ ചെയ്തു വിളിപ്പിച്ച കോട്ടത്തറ മെച്ചന പുതിയാപറമ്പിൽ ബേബി സ്‌കറിയയ്ക്കാണ്(46)സ്റ്റേഷനിൽ ദുരനുഭവം. ചെയ്യാത്ത തെറ്റിനു കേട്ടാലറയ്ക്കുന്ന പുലഭ്യവും പ്രാകൃത മുറകളും മർദനവും സഹിക്കേണ്ടിവന്ന ബേബി തന്നെ ഉപദ്രവിച്ച എസ്.ഐയെയും രണ്ടു എ.എസ്.ഐമാരെയും മര്യാദ പഠിപ്പിക്കുമെന്ന വാശിയിലാണ്.
മൂന്നു ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി ആവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി എന്നിവർക്കു പരാതി നൽകിയതായി ബേബി പറഞ്ഞു. ബേബിക്കു പിന്തുണയുമായി ക്ഷീരകർഷക കോൺഗ്രസും രംഗത്തുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിരില്ലെങ്കിൽ സ്റ്റേഷനു മുന്നിൽ ബഹുജന സമരം സംഘടിപ്പിക്കുമെന്നു ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എം.ജോസ് പറഞ്ഞു.ബേബിക്കു മദ്യവിൽപനയുണ്ടെന്ന വ്യാജ പരാതിയിൽ പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് പോലീസിന്റെ കാടത്തമെന്നു അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ 30 നായിരുന്നു ബേബിക്കു പോലീസ് സ്റ്റേഷനിൽ പീഡാനുഭവം. വിളിച്ചതനുസരിച്ചു ജ്യേഷ്ഠൻ തോമസിനൊപ്പം ഉച്ചയോടെയാണ് ബേബി സ്റ്റേഷനിലെത്തിയത്. ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന രണ്ടു എ.എസ്.ഐമാർ ബേബിയോടു അകത്തു കയറി നിൽക്കാൻ ആവശ്യപ്പട്ടു. ജ്യേഷ്ഠനെ സ്റ്റേഷനു പുറത്തു നിർത്തി. എന്തിനാണു വിളിപ്പിച്ചതെന്നു ആരാഞ്ഞ ബേബിയെ രണ്ടു എ.എസ്.ഐമാരും പുലഭ്യം വിളിച്ചു. നാലു മണിയോടെ സ്റ്റേഷനിലെത്തിയ എസ്.ഐയും ബേബിയെ അസഭ്യം പറഞ്ഞു. പിന്നീടു നിലത്തു മുട്ടുകുത്തിച്ച് ഇരുകൈകളും ഉയർത്തിപ്പിടിപ്പിച്ച് ഒരു മണിക്കൂറോളം നിർത്തി.
താൻ അധ്വാനിച്ചു ജീവിക്കുന്ന കർഷകനാണെന്നും മദ്യവിൽപന ഇല്ലെന്നും ഇക്കാര്യം നാട്ടിൽ അന്വേഷിച്ചാൽ അറിയാമെന്നും ബേബി കേണു പറഞ്ഞെങ്കിലും എസ്.ഐ ഗൗനിച്ചില്ല. മുട്ടുകുത്തിയും കൈകൾ ഉയർത്തിയും ബേബി നിൽക്കുന്നതിനിടെ ഫോൺ ചെയ്തു മകനെ സ്റ്റേഷനിൽ വരുത്താൻ എസ്.ഐ നിർദേശിച്ചു. ഇതനുസരിച്ചു പോക്കറ്റിൽനിന്നെടുത്ത ഫോൺ എസ്.ഐ തട്ടിമാറ്റി. വീണ്ടും കൈകൾ ഉയർത്തിപ്പിടിക്കാനും ഫോൺ ചെയ്യാനും ആവശ്യപ്പെട്ടു. ഒടുവിൽ എഴുന്നേൽപിച്ചു ചുവരിൽ ചാരിനിർത്തി കവിളിൽ അടിക്കുകയും ദിവസവും വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ സ്റ്റേഷനിലെത്തി ഒപ്പിടണമെന്നു ആജ്ഞാപിക്കുകയും ചെയ്ത ശേഷമാണ് ബേബിയെ ജാമ്യത്തിൽ വിട്ടത്. വേണ്ടിവന്നാൽ മദ്യവും മയക്കുമരുന്നും വീട്ടിൽ വെച്ച് കേസിൽ കുടുക്കുമെന്നു ബേബിയെ എസ്.ഐ വിരട്ടുകയുമുണ്ടായി. പോലീസ് അതിക്രമം ശാരീരിക, മാനസിക പീഡകൾക്കു പുറമെ സമൂഹത്തിൽ തനിക്കു അവമതിപ്പിനും കാരണമായെന്നു ബേബി പറഞ്ഞു.