കോട്ടയം- കേരള കോൺഗ്രസ് എം അവകാശം സംബന്ധിച്ച വിധിക്ക് പിന്നാലെ ജില്ലാ പ്രസിഡന്റ് പദം സംബന്ധിച്ച പോര് മുറുകി.
ജോസഫ് വിഭാഗം ദുരുപയോഗം ചെയ്യുന്നുവെന്ന് പോലീസിൽ ഔദ്യോഗിക വിഭാഗത്തിന്റെ പരാതി. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റായ സജി മഞ്ഞക്കടമ്പനെതിരെയാണ് ജോസ് കെ മാണി ചെയർമാനായുളള കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പോലീസിൽ പരാതിപ്പെട്ടത്.എന്നാൽ താനാണ് പ്രസിഡന്റ് എന്ന് സജി ആവർത്തിച്ചു.
പ്രസിഡന്റ് പദം ദുരുപയോഗം ചെയ്ത സജി മഞ്ഞക്കടമ്പനെതിരെ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായി സണ്ണി അറിയിച്ചു. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പദവി എന്ന് ദുരുപയോഗം ചെയ്തു എന്നാണ് പരാതി. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിധിപ്രകാരം കേരളാ കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ഉപയോഗിക്കുന്നതിനുള്ള അവകാശം ജോസ് കെ.മാണി എം.പി ചെയർമാനായുള്ള പാർട്ടിക്കാണ് എന്നറിഞ്ഞിട്ടും സജി മഞ്ഞക്കടമ്പിൽ, ചതയദിനവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് എന്ന് വെച്ച് സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുകയാണ് എന്ന് പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചും ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് അനുസരിച്ചും കുറ്റകരമായ പ്രവൃത്തിയായതിനാൽ അടിയന്തര നിയമ നടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം താനാണ് ജില്ലാ പ്രസിഡന്റ് എന്ന് സജി മഞ്ഞക്കടമ്പൻ അറിയിച്ചു. കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റായ തനിക്കെതിരെ കേരളാ കോൺഗ്രസി (എം) ൽ നിന്നും പാർട്ടി ഭരണഘടന പ്രകാരം വർക്കിംഗ് ചെയർമാനായ പി.ജെ ജോസഫ് സസ്‌പെന്റു ചെയ്ത സണ്ണി തെക്കേടം ജോസ് കെ.മാണി ചെയർമാനായ കേരളാ കോൺഗ്രസി (എം) ന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് താനാണ് എന്ന് കാണിച്ച് പോലീസിൽ കൊടുത്തിരിക്കുന്ന പരാതി വ്യാജമാണ്.
കേരളാ കോൺഗ്രസി (എം) ന്റെ ചെയർമാന്റെ ചുമതല ഇപ്പോൾ ജോസ് കെ.മാണി ആണെങ്കിൽ അത് വ്യക്തമാക്കേണ്ടത് അദ്ദേഹം ആണെന്നും സജി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റിന്റെ ചുമതല സണ്ണി തെക്കേടത്തിനാണ് എന്ന് കാണിച്ച് ജോസ് കെ.മാണിയുടെ കത്ത് പ്രസിദ്ധപ്പെടുത്താൻ വെല്ലുവിളിക്കുകയാണ്. കത്ത് ഹാജരാക്കിയില്ലെങ്കിൽ തന്നെ അപകീർത്തിപ്പെടുത്താൻ പരാതി കൊടുത്ത സണ്ണി തെക്കേടത്തിനെതിരെ വ്യക്തിഹത്യക്ക് കേസെടുക്കണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.