ദമാം - രണ്ടര ദശകം മുമ്പ് ദമാം മെറ്റേണിറ്റി ആശുപത്രിയിൽ നിന്ന് മൂന്നു നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതിയായ സൗദി വനിതക്ക് ദമാം ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മൂന്നാം പ്രതിയായ യെമനിയെ കോടതി 25 വർഷം തടവിന് ശിക്ഷിച്ചു. ഒന്നും രണ്ടും മൂന്നും പ്രതികൾക്ക് വധശിക്ഷ വിധിക്കണമെന്നാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. കേസിൽ ആകെ അഞ്ചു പ്രതികളാണുള്ളത്. ഇതിൽ രണ്ടു പേർക്കുള്ള ശിക്ഷകളാണ് ദമാം ക്രിമിനൽ കോടതി ഇന്നലെ പ്രഖ്യാപിച്ചത്.
വളർന്നു വലുതായ കുട്ടികൾക്ക് സൗദി തിരിച്ചറിയൽ കാർഡുകളുണ്ടാക്കുന്നതിന് മുഖ്യ പ്രതി നൽകിയ വിവരങ്ങളിൽ തോന്നിയ സംശയമാണ് ഇരുപതു വർഷത്തിലധികം മുമ്പ് രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിന് സുരക്ഷാ വകുപ്പുകളെ സഹായിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുക്കളെ താൻ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാതെ എടുത്തു വളർത്തുകയായിരുന്നെന്ന് വാദിച്ചാണ് സൗദി വനിത രണ്ടു പേർക്കും സൗദി തിരിച്ചറിയൽ കാർഡുകളുണ്ടാക്കുന്നതിന് സമീപിച്ചത്.
ഇവർ നൽകിയ വിവരങ്ങളിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളുടെയും ബന്ധുക്കളുടെയും മുഖ്യ പ്രതിയുടെയും ഡി.എൻ.എകൾ പരിശോധിച്ചതിൽ നിന്നുമാണ് ഇരുപതിലേറെ വർഷം മുമ്പ് ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോകലിന് ഇരകളായ കുട്ടികളാണെന്ന് തെളിഞ്ഞത്. കുട്ടികളിൽ ഒരാൾ ഇരുപത്തിനാലു വർഷം മുമ്പ് ഹിജ്‌റ 1417 ലും രണ്ടാമത്തെ കുട്ടി ഇരുപത്തിയൊന്നു വർഷം മുമ്പ് ഹിജ്‌റ 1420 ലുമാണ് ദമാം ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോകലിന് ഇരയായത്. ഇതിനു മുമ്പ് മറ്റൊരു കുട്ടിയെയും സമാന രീതിയിൽ മുഖ്യപ്രതി ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി പിന്നീട് അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നു. മൂന്നു കുട്ടികളെയും പിന്നീട് യഥാർഥ കുടുംബങ്ങൾക്ക് അധികൃതർ കൈമാറി.
മൂന്നു നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോകൽ, കുട്ടികൾക്ക് തിരിച്ചറിയൽ കാർഡുകളുണ്ടാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്കു മുന്നിൽ കള്ളം പറയൽ, നഴ്‌സ് ആയി ആൾമാറാട്ടം നടത്തൽ, ദുർമന്ത്രവാദം, കുട്ടികൾക്ക് വിദ്യാഭ്യാസവും സൗദി തിരിച്ചറിയൽ കാർഡുകളും നിഷേധിക്കൽ, വ്യാജ വിവരങ്ങൾ നൽകി അന്വേഷണ ഏജൻസികളെ വഴിതെറ്റിക്കൽ എന്നീ ആരോപണങ്ങളാണ് മുഖ്യ പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നത്.
നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോകൽ, കുട്ടിയുടെ പിതൃത്വം അവകാശപ്പെട്ട് തിരിച്ചറിയൽ രേഖകൾ സമ്പാദിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്കു മുന്നിൽ കള്ളങ്ങൾ പറയൽ, മറ്റു രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയ ഒന്നാം പ്രതിക്ക് കൂട്ടുനിൽക്കൽ, തെറ്റായ വിവരങ്ങൾ നൽകി അന്വേഷണ ഏജൻസികളെ വഴിതെറ്റിക്കൽ എന്നീ ആരോപണങ്ങളാണ് സൗദി പൗരനായ രണ്ടാം പ്രതി നേരിട്ടത്.
മൂന്നാമത്തെ നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്നതിൽ പങ്കാളിത്തം വഹിക്കൽ, ഒന്നാം പ്രതി നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും അതേ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം നൽകാതിരിക്കൽ, അന്വേഷണ ഏജൻസികൾക്ക് തെറ്റായ വിവരം നൽകൽ എന്നീ ആരോപണങ്ങൾ മൂന്നാം പ്രതിയായ യെമനിയും നേരിട്ടു. കുട്ടികളിൽ ഒരാളുടെ പിതൃത്വം രണ്ടാം പ്രതിക്കാണെന്നതിന് സാക്ഷിമൊഴി നൽകി ജനനം റിപ്പോർട്ട് ചെയ്യുന്ന രേഖയിൽ ഒപ്പുവെച്ചു എന്ന ആരോപണമാണ് നാലും അഞ്ചും പ്രതികളായ സൗദി പൗരന്മാർ നേരിട്ടത്. ഇതിൽ അഞ്ചാം പ്രതി വിദേശത്താണെന്നും ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിന് ഇന്റർപോളിന്റെ സഹായം തേടിയതായും പബ്ലിക് പ്രോസിക്യൂഷൻ ഏപ്രിലിൽ അറിയിച്ചിരുന്നു.